മറുനാടൻ മലയാളി ചാനല്‍ എഡിറ്റര്‍ ഷാജൻ സ്‌കറിയക്കെതിരെ കുമരകം പൊലീസ് കേസെടുത്തു. കളമശ്ശേരി സ്‌ഫോടനത്തിന് ശേഷം മതവിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള വീഡിയോ പങ്കുവെച്ചതിനെതിരെയാണ് കേസ്. മലപ്പുറം സ്വദേശിയുടെ പരാതിയിലാണ് കേസെടുത്തത്.

കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചെന്ന് കാണിച്ച്‌ മറുനാടൻ മലയാളി എഡിറ്റര്‍ ഷാജൻ സ്‌കറിയക്കെതിരെ പിവി അൻവര്‍ എംഎല്‍എയും പരാതി നല്‍കിയിരുന്നു. സംഭവത്തിന്റെ പിന്നാലെ, ക്രിസ്ത്യൻ-മുസ്ലിം മതവിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷം ഉണ്ടാക്കുകയെന്ന ഉദ്ദേശത്തോടെ ഷാജൻ സ്‌കറിയ വീഡിയോ പ്രചരിപ്പിച്ചെന്നും അതിനാല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എഡിജിപി(ലോ ആൻഡ് ഓര്‍ഡര്‍) എംആര്‍ അജിത് കുമാറിന് രേഖാമൂലം പരാതി നല്‍കിയതായി ഫേസ്ബുക്കിലൂടെയാണ് എംഎല്‍എ അറിയിച്ചിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മറുനാടൻ മലയാളി യൂട്യൂബ് ചാനലില്‍ പ്രസിദ്ധീകരിച്ച ‘ഇസ്രായേലിനുള്ള തിരിച്ചടിയാണോ കളമശേരി? ഹമാസ് പ്രേമി പിണറായിക്ക് സുഖം തന്നെയല്ലേ? കളമശേരിയില്‍ നടന്നത് ഇസ്രായേല്‍ വിരുദ്ധ സ്ഫോടനമോ’ എന്ന തലക്കെട്ടിലുള്ള വീഡിയോക്കെതിരെയാണ് പരാതി നല്‍കിയതെന്നും പിവി അൻവര്‍ വ്യക്തമാക്കി. പരാതിയുടെ പകര്‍പ്പ് സഹിതമായിരുന്നു ഫേസ്ബുക്ക് കുറിപ്പ്.

വിഷയത്തില്‍ കേരളത്തിലെ മുസ്ലിം സമുദായത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയായിരുന്നു വീഡിയോയുടെ ലക്ഷ്യമെന്നും പിവി അൻവര്‍ കുറ്റപ്പെടുത്തി. മുസ്ലിം -ക്രിസ്ത്യൻ വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്തുക, വെറുപ്പ് പ്രചരിപ്പിക്കുക, സമൂഹത്തിലെ സമാധാനവും സന്തുലിതാവസ്ഥയും തകര്‍ക്കുന്ന വിധത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ ഈ വീഡിയോക്ക് പിറകിലുണ്ടെന്നും പരാതിയില്‍ ആരോപിച്ചു. മുഖ്യമന്ത്രിക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചതായും പറഞ്ഞു.

ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണെന്നും ഇതിന് മുമ്ബും ഷാജൻ സ്‌കറിയ വിദ്വേഷം പ്രചരിപ്പിക്കുന്ന വീഡിയോകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അൻവര്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ ഷാജൻ സ്‌കറിയയ്ക്കും മറുനാടൻ മലയാളിക്കുമെതിരെ 153 എ, 505, 153 ബി എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നും അൻവര്‍ പരാതിയില്‍ പറഞ്ഞു. നേരത്തെയും അൻവര്‍ ഷാജൻ സ്‌കറിയയ്ക്കെതിരെയും മറുനാടൻ മലയാളിക്കെതിരെയും പരാതി നല്‍കിയിരുന്നു. അത് പ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക