നീതി നിഷേധങ്ങളില്‍ നിശബ്ദരാവില്ല, വിദ്വേഷ രാഷ്ട്രീയത്തോട് വിട്ടുവീഴ്ച്ചയില്ല എന്ന പ്രമേയത്തില്‍ ഊന്നി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനം തൃശൂരില്‍ 23 മുതല്‍ 26 വരെ നടക്കും.കാസര്‍കോട് പെരിയയില്‍ നിന്നും രക്തസാക്ഷി ഛായാചിത്രജാഥ, തിരുവനന്തപുരത്ത് നിന്നും വൈസ് പ്രസിഡന്റുമാരായ പതാക ജാഥ, വൈക്കത്ത് നിന്നും കൊടിമര ജാഥ ആരംഭിക്കും. കുടുംബസംഗമം, ലക്ഷം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന റാലി തൃശൂര്‍ സ്വരാജ് , രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യുന്ന പൊതുസമ്മേളനം എന്നിങ്ങനെ വിപുലമായ പരിപാടികളാണ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വ്യാപക പണപ്പിരിവും നടക്കുന്നുണ്ട്. വ്യക്തികളിൽ നിന്നും, പ്രവർത്തകരിൽ നിന്നും ഡിജിറ്റലായി പണം സ്വീകരിക്കുന്ന ” നമ്മുടെ സമ്മേളനത്തിന് എൻറെ വിഹിതം” എന്ന ക്യാമ്പയിനും ആരംഭിച്ചിട്ടുണ്ട്. ഈ ക്യാമ്പയിനിന്റെ സുതാര്യത ഇല്ലായ്മ പ്രവർത്തകർ ഉൾപ്പെടെ ചോദ്യം ചെയ്ത് തുടങ്ങിയിട്ടുണ്ട്. കാരണം പണം കൈമാറാനുള്ള ക്യു ആർ കോഡും, ഗൂഗിൾ പേ നമ്പറും, അക്കൗണ്ട് നമ്പറും എല്ലാം കോട്ടയത്ത് നിന്നുള്ള യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ പേരിലുള്ളതാണ്. സംഘടനാ ചുമതല വഹിക്കുന്ന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബിന്റെ അക്കൗണ്ടിലേക്കും യുപിഐ നമ്പറിലേക്കും സംഘടനയുടെ പേരിൽ നടത്തുന്ന പിരിവ് സ്വീകരിക്കുന്നതിനെ പ്രവർത്തകരും നേതാക്കളും സംശയദൃഷ്ടിയോടെയാണ് കാണുന്നത്.

പ്രസ്ഥാനത്തിന് സ്വന്തമായി അക്കൗണ്ട് ഉള്ളപ്പോൾ വ്യക്തിയുടെ അക്കൗണ്ടിലേക്ക് പിരിവ് സ്വീകരിക്കുന്നത് എന്തിന്? ലക്ഷ്യം സംഘടന തിരഞ്ഞെടുപ്പിനുള്ള ഫണ്ട് ശേഖരണം?
രാജ്യത്ത് തന്നെ ഏറ്റവും ശക്തവും പാരമ്പര്യവുമുള്ളതുമായ രാഷ്ട്രീയ യുവജന സംഘടനയാണ് യൂത്ത് കോൺഗ്രസ്. പ്രസ്ഥാനത്തിന്റെ പേരിൽ തന്നെ യൂത്ത് കോൺഗ്രസിന് ബാങ്ക് അക്കൗണ്ടും ഉണ്ട്. പതിറ്റാണ്ടുകളായി പൊതുസമൂഹത്തിൽ നിന്നും പ്രവർത്തകരിൽ നിന്നും ഫണ്ട് സമാഹരണം നടത്തുന്ന സംഘടനയുടെ പണപ്പിരിവ് സുതാര്യത ഇല്ലാതെ, രാഷ്ട്രീയ മര്യാദയ്ക്ക് നിരക്കാത്ത രീതിയിൽ വ്യക്തിയുടെ അക്കൗണ്ടിലേക്ക് കൈമാറുന്ന സമീപനം ദുഷ്ടലാക്കോടെ ഉള്ളതാണെന്ന് സംഘടനയ്ക്ക് ഉള്ളിൽ നിന്നു തന്നെ അഭിപ്രായമുയരുന്നു.
ഇതിന് പിന്നിൽ ആസന്നമായ സംഘടനാ തിരഞ്ഞെടുപ്പിൽ പാർട്ടി പിടിക്കാനുള്ള ധനസമാഹരണ നീക്കങ്ങളാണ് ഒരു വിഭാഗം നടത്തുന്നത് എന്ന ആക്ഷേപവും ശക്തമാണ്. ജോബിൻ ജേക്കബ് ഷാഫി പറമ്പിലിന്റെ വിശ്വസ്തനും കോട്ടയത്തെ കോൺഗ്രസ് രാഷ്ട്രീയത്തിൽ ഒരേസമയം പല വഞ്ചികളിൽ കാല് ചവിട്ടി നിൽക്കുന്ന വിദഗ്ധനും ആണ് എന്ന പരിഹാസവും യൂത്ത് കോൺഗ്രസ് വൃത്തങ്ങളിൽ നിന്ന് ഉയരുന്നുണ്ട്. കോട്ടയത്തെ യൂത്ത് കോൺഗ്രസിനുള്ളിൽ വിഭാഗീയത പ്രോത്സാഹിപ്പിക്കുന്ന നിലപാടുകളാണ് ഇദ്ദേഹത്തിൽ നിന്ന് ഉണ്ടാവുന്നതെന്ന് ആക്ഷേപവും ഒരു വിഭാഗം ഉയർത്തുന്നു.
പണം ആരുടെ കീശയിലേക്ക്?
ഒരു വ്യക്തിയുടെ അക്കൗണ്ട് ആയതിനാൽ വിവരാവകാശ രേഖകൾ വഴി പോലും എത്ര രൂപ പിരിവ് കിട്ടി എന്ന് അറിയാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ സ്വദേശത്ത് നിന്നും വിദേശത്തുനിന്നും ലക്ഷങ്ങൾ പിരിവ് വീണേക്കാവുന്ന സംഘടനയുടെ ഫണ്ട് സമാഹരണം ജോബിൻ ജേക്കബിന്റെ അക്കൗണ്ടിലേക്ക് വക മാറ്റുന്നത് അഴിമതി ലക്ഷ്യമിട്ടാണ് എന്ന് സംശയിച്ചാൽ തെറ്റില്ല. സംസ്ഥാന സർക്കാരിന്റെ നിരവധി അനവധി അഴിമതികൾക്കെതിരെ സമരപരമ്പരകൾ തീർക്കുന്ന യൂത്ത് കോൺഗ്രസ് പാർട്ടി പ്രവർത്തകർക്കും അനുഭാവികൾക്കും ഇടയിൽ നടത്തുന്ന പിരിവിൽ പോലും അഴിമതിക്ക് കോപ്പുകൂട്ടുന്നത് അധാർമികമാണ്. രാഷ്ട്രീയ ധാർമികതയ്ക്ക് നിരക്കാത്ത ഈ പ്രവർത്തനം ബഹുജന മധ്യത്തിൽ സംഘടനയെ പരിഹാസ്യമാക്കും എന്നതിലും സംശയമില്ല.
