കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു വോട്ടു ചെയ്ത് വിവിപാറ്റിന്റെ പകർപ്പ് കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ് അയച്ചുതന്നതായും, ഇത് ഇപ്പോഴും തന്റെ കൈവശമുണ്ടെന്നും വിവാദ ദല്ലാള്‍ ടി.ജി. നന്ദകുമാർ. ദീപ്തി ഇക്കാര്യം നിഷേധിച്ചാല്‍ തെളിവ് പുറത്തുവിടുമെന്നും നന്ദകുമാർ ഒരു മാധ്യമത്തോട് പ്രതികരിച്ചു. ഉമാ തോമസിന്റെ സ്ഥാനാർഥിത്വത്തിലുള്ള അതൃപ്തി മൂലം ദീപ്തി മേരി വർഗീസാണ് എല്‍ഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജനെ വന്നു കണ്ടതെന്നും നന്ദകുമാര്‍ ആരോപിച്ചു.

ദീപ്തി മേരി വർഗീസ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് ഇ.പി.ജയരാജനുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും സി.പി.എമ്മിലേക്ക് മാറുന്ന കാര്യം ചർച്ചചെയ്തിരുന്നുവെന്നും ടി.ജി. നന്ദകുമാർ ആരോപണം ഉന്നയിച്ചിരുന്നു. ഇ.പിയുടെ വിശ്വാസം നേടുന്നതിനായി ഉപതിരഞ്ഞെടുപ്പില്‍ ഉമാ തോമസിനെതിരേ വോട്ട് ചെയ്ത് വിവിപാറ്റ് സ്ലിപ്പിന്റെ ദൃശ്യം തനിക്ക് മൊബൈലില്‍ അയച്ചുതന്നിരുന്നുവെന്നും ടി.ജി. നന്ദകുമാർ പറഞ്ഞു. എന്നാല്‍ ടി ജി നന്ദകുമാറിന്റെ ഈ ആരോപണങ്ങളെ തള്ളുകയാണ് ദീപ്തി മേരി വർഗീസ്. തനിക്കെതിരേ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ എത്രത്തോളം കഴമ്ബുണ്ടെന്ന് നേതൃത്വത്തിന് അറിയാമെന്നും നേതൃത്വത്തിന് തന്നെ വിശ്വാസമുണ്ടെന്നും ദീപ്തി മേരി വർഗീസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉപതിരഞ്ഞെടുപ്പ് സമയത്ത് സി.പി.എമ്മിലേക്ക് ക്ഷണിച്ച്‌ ദല്ലാള്‍ നന്ദകുമാർ തന്നെ സമീപിച്ചെന്ന് ദീപ്തി മേരി വർഗീസ് വെളിപ്പെടുത്തിയിരുന്നു. എല്‍.ഡി.എഫ്. കണ്‍വീനർ ഇ.പി.ജയരാജൻ റിക്രൂട്ടിങ് ഏജന്റായി പ്രവർത്തിക്കുകയാണ്. ജയരാജനല്ല സീതാറാം യെച്ചൂരി വിളിച്ചാലും അത് തള്ളിക്കളയാനുള്ള ഔചിത്യം തനിയ്ക്കുണ്ടെന്നും ദീപ്തി നേരത്തെ പറഞ്ഞിരുന്നു. ഇതിനെതിരേയാണ് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ടി.ജി. നന്ദകുമാർ രംഗത്തെത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക