ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ധന മന്ത്രി നിര്‍മല സീതാരാമന്റെ ഭര്‍ത്താവും എഴുത്തുകാരനുമായ പരകാല പ്രഭാകര്‍. ഭരണത്തില്‍ മോദിയുടെ കാര്യക്ഷമമല്ലെന്നും എന്നാല്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നതിലും വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കുന്നതിലും വിദഗ്ധനാണെന്നും അദ്ദേഹം തുറന്നടിച്ചു. മോദി ഭരണകൂടത്തെ നിരൂപണം ചെയ്യുന്ന ‘ദി ക്രൂക്ക്ഡ് ടിംബര്‍ ഓഫ് ന്യൂ ഇന്ത്യ: എസ്സേസ് ഓണ്‍ എ റിപ്പബ്ലിക് ഇന്‍ ക്രൈസിസ്’ എന്ന തന്റെ പുതിയ പുസ്തകത്തെ കുറിച്ച്‌ ‘ദ വയറി’ന് നല്‍കിയ അഭിമുഖത്തിലാണ് പ്രഭാകര്‍ തന്റെ അഭിപ്രായങ്ങള്‍ വ്യക്തമാക്കിയത്.

‘സാമ്ബത്തികരംഗത്തടക്കം മോദിയുടെ കഴിവില്ലായ്‌മ അമ്ബരപ്പിക്കുന്നു. 2024ല്‍ മോദി വീണ്ടും അധികാരത്തില്‍ എത്തിയാല്‍ രാജ്യത്ത് സര്‍വനാശമുണ്ടാകും. രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കി ബിജെപി മാറ്റും. സമ്ബദ്‌വ്യവസ്ഥ പൂര്‍ണ തകര്‍ച്ചയിലാണ്‌. പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്ബദ്‌വ്യവസ്ഥയില്‍ മാത്രമല്ല, മറ്റ് പല മേഖലകളിലും കാര്യക്ഷമതയില്ലാത്തവനായി മാറിയിരിക്കുന്നു. എന്നാല്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുകയും വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കുകയും ചെയ്യുന്നതടക്കം ചില കാര്യങ്ങളില്‍ അദ്ദേഹം കാര്യക്ഷമനാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാജ്യത്ത് നടക്കുന്ന തെറ്റായ സംഭവങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിനാണ് ഈ പുസ്തകം എഴുതിയിരിക്കുന്നത്. നമ്മുടെ രാജ്യം ഇപ്പോള്‍ ഭയാനകമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ഇന്ത്യ അതിന്റെ സ്ഥാപക തത്വങ്ങളില്‍ നിന്നും മൂല്യങ്ങളില്‍ നിന്നും അകന്നു. നാട്ടില്‍ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളാണ് ഈ പുസ്തകം എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. എന്തിനാണ് വിമര്‍ശിക്കുന്നതെന്നും നല്ലതൊന്നും കാണുന്നില്ലേയെന്നും എന്നോട് പലരും ചോദിക്കാറുണ്ട്. ഞാന്‍ അവരോടെല്ലാം പറയുന്നു, ബദല്‍ എന്താണെന്ന് ജനങ്ങള്‍ തീരുമാനിക്കും’ -ഡോ. പ്രഭാകര്‍ പറഞ്ഞു.

രാജ്യത്തിന്റെ സമ്ബദ്‌വ്യവസ്ഥ സംബന്ധിച്ച്‌ സര്‍ക്കാര്‍ പ്രതിനിധികളും മന്ത്രിമാരും തെറ്റായ വിവരങ്ങളാണ് ജനങ്ങളോട് പറയുന്നതെന്ന് പ്രഭാകര്‍ പറഞ്ഞു. ‘കോവിഡ് മഹാമാരിക്ക് മുമ്ബുതന്നെ നമ്മുടെ സമ്ബദ്‌വ്യവസ്ഥ മന്ദഗതിയിലായിരുന്നു. ഇക്കാലത്ത് നമ്മള്‍ തെറ്റായ നയങ്ങളാണ് സ്വീകരിച്ചത്. ഭാരതീയ ജനതാ പാര്‍ട്ടിക്ക് തുടക്കം മുതലേ സാമ്ബത്തിക തത്വശാസ്ത്രമോ യോജിച്ച ചിന്തയോ ഇല്ലായിരുന്നു. സമ്ബദ്‌വ്യവസ്ഥയുടെ കാര്യത്തില്‍ ഇന്ത്യ ഇപ്പോള്‍ പ്രതിസന്ധി നേരിടുകയാണ്. 1980-ല്‍ ബിജെപി രൂപീകരിച്ചപ്പോള്‍ അത് ഗാന്ധിയുടെ ആശയങ്ങളെയും സോഷ്യലിസത്തെയും എതിര്‍ത്തു. ഏത് സാമ്ബത്തിക വിദഗ്ധന്റെ ഉപദേശപ്രകാരമാണ് അദ്ദേഹം നോട്ട് നിരോധനം പോലുള്ള അതിരുകടന്നതും അപ്രായോഗികവുമായ തീരുമാനം എടുത്തതെന്ന് അറിയില്ല.

1990നു ശേഷം ആദ്യമായി ദാരിദ്ര്യരേഖയ്‌ക്ക്‌ താഴെയുള്ളവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു. തൊഴിലില്ലായ്‌മ കുതിക്കുന്നു. സമ്ബത്ത്‌ കുറച്ചുപേരില്‍മാത്രം കേന്ദ്രീകരിക്കുന്നു. മന്ത്രിമാരും മോദി അനുകൂലികളും സത്യത്തെ വളച്ചൊടിക്കാന്‍ ശ്രമിക്കുകയാണ്‌. ഏതെങ്കിലും ധനമന്ത്രിയെ വ്യക്തിപരമായി വിമര്‍ശിക്കുന്നില്ല’ -അദ്ദേഹം വ്യക്തമാക്കി. മുമ്ബും മോദി ഭരണകൂടത്തെ വിമര്‍ശിച്ച്‌ പ്രഭാകര്‍ രംഗത്തെത്തിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക