കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ വലിയ പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ബിജെപി ഭരിക്കുന്ന ഏക ദക്ഷിണേന്ത്യന്‍ സംസ്ഥാനത്ത് ഇത്തവണ കോണ്‍ഗ്രസ് ഭരണത്തിലേറുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ അവകാശപ്പെടുന്നത്. പുറത്ത് വന്ന അഭിപ്രായ സര്‍വ്വേകളില്‍ ഏറെയും കോണ്‍ഗ്രസിനാണ് സാധ്യത കല്‍പ്പിക്കുന്നത്.

ഇപ്പോഴിതാ ഏറ്റവും ഒടുവിലായി വന്ന എബിപി-സി വോട്ടര്‍ സര്‍വ്വേയും കര്‍ണാടക കോണ്‍ഗ്രസ് ഭരിക്കുമെന്ന് പ്രവചിക്കുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 108 സീറ്റായിരുന്നു ബിജെപിക്ക് ലഭിച്ചത്. എന്നാല്‍ ഇക്കുറി ബിജെപി സീറ്റപകള്‍ 74-86 ല്‍ ഒതുങ്ങുമെന്നാണ് സര്‍വ്വേ പറയുന്നത്. കോണ്‍ഗ്രസിന് 119 സീറ്റുകള്‍ വരേയും സര്‍വ്വേ പ്രവചിക്കുന്നു. ജെഡിഎസിന് 23 മുതല്‍ 35 സീറ്റുകള്‍ വരേയാണ് സാധ്യത കല്‍പ്പിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോണ്‍ഗ്രസിനേക്കാള്‍ വോട്ട് വിഹിതത്തില്‍ 5 ശതമാനം കുറവായിരിക്കും ബിജെപിക്കെന്നാണ് സര്‍വ്വേയിലെ കണ്ടെത്തല്‍. കോണ്‍ഗ്രസിന് 40 ശതമാനവും ബിജെപിക്ക് 35 ശതമാനവുമാണ് പ്രവചനം. ജെഡിഎസിന് 17 ശതമാനം വോട്ടുകള്‍ നേടാനാകുമെന്നും സര്‍വ്വേ പറയുന്നു.

32 സീറ്റുകള്‍ ഉള്ള ബെംഗളൂരു മേഖലയില്‍ കോണ്‍ഗ്രസ് ആധിപത്യം നേടുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. പാര്‍ട്ടിക്ക് 43 ശതമാനം വോട്ടും 15-19 സീറ്റുകളും ലഭിക്കുമെന്ന് സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. ബിജെപിക്ക് 36 ശതമാനം വോട്ട് വിഹിതവും 11 മുതല്‍ 15 സീറ്റുവരേയും സാധ്യത കല്‍പ്പിക്കുന്നു.

മൈസൂര്‍ മേഖലയില്‍ ജെ ഡി എസിനാണ് മുന്‍തൂക്കം പ്രവചിക്കുന്നത്. 29 സീറ്റ് വരെ ജെഡിഎസിന് സാധ്യത പറയുന്നു. കോണ്‍ഗ്രസിന് 21 -25 സീറ്റ് വരേയാണ് സാധ്യത. അതേസമയം ബിജെപിക്കാകട്ടെ ഇത്തവണയും കാര്യമായ ചലനങ്ങള്‍ മേഖലയില്‍ ഉണ്ടാക്കാന്‍ സാധിക്കില്ലെന്നാണ് സര്‍വ്വേ ചൂണ്ടിക്കാട്ടുന്നത്. 3-7 വരെ സീറ്റുകളാണ് ബിജെപിക്ക് ഇവിടെ പ്രവചിക്കുന്നത്.

മധ്യ കര്‍ണാടക മേഖലയില്‍ കോണ്‍ഗ്രസിന് 19-23 സീറ്റുകളും ബിജെപിക്ക് 12-16 സീറ്റുകളും പ്രവചിക്കുന്നു. തീര ദേശ മേഖലയില്‍ ബിജെപിക്ക് തന്നെയാകും ആധിപത്യം എന്നാണ് സര്‍വ്വേ പ്രവചനം. 16 മുതല്‍ 19 വരെ സീറ്റുകളാണ് സാധ്യത പറയുന്നത്. കോണ്‍ഗ്രസിന് മൂന്ന് മുതല്‍ 5 വരേയും, മുംബൈ കര്‍ണാടക മേഖലയില്‍ കോണ്‍ഗ്രസിന് 26-30, ബി ജെ പി 20-24 ജെ ഡി എസ്-1 എന്നിങ്ങനേയും ഹൈദരാബാദ്-കര്‍ണാടക മേഖലയില്‍ ബിജെപിക്ക് 8-12 സീറ്റും കോണ്‍ഗ്രസിന് 19-23 സീറ്റുമാണ് സര്‍വ്വേ പറയുന്നത്.

ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ പ്രവര്‍ത്തനം വളരെ മോശമാണെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത 52 ശതമാനം ആളുകളും അഭിപ്രായപ്പെട്ടത്. 29 ശതമാനം പേര്‍ നല്ലതെന്നും 19 ശതമാനം പേര്‍ ശരാശരിയെന്നും പറയുന്നു.ബൊമ്മൈക്കെതിരേയും കടുത്ത ജനവികാരമാണ് സര്‍വ്വേയില്‍ വ്യക്തമായത്. 51 ശതമാനം പേരും മോശമാണെന്ന അഭിപ്രായം പങ്കിട്ടപ്പോള്‍ 24 ശതമാനം പേര്‍ മാത്രമല്ല നല്ലതെന്ന് അഭിപ്രായപ്പെട്ടത്.

അതേസമയം സംസ്ഥാനത്ത് മോദിക്ക് അനുകൂലമായ തരംഗം ഉണ്ടെന്നാണ് സര്‍വ്വേ ഫലം ചൂണ്ടിക്കാട്ടുന്നത്. 49 ശതമാനം പേരും പ്രധാനമന്ത്രിയെന്ന നിലയില്‍ മോദിയുടെ പ്രവര്‍ത്തനം മികച്ചതാണെന്ന് വിലയിരുത്തുന്നു. 33 ശതമാനം പേര്‍ മോശമെന്ന അഭിപ്രായവും പങ്കുവെച്ചു.

അടുത്ത സര്‍ക്കാരിനെ സിദ്ധരാമയ്യ നയിക്കണമെന്ന അഭിപ്രായമാണ് സര്‍വ്വേയില്‍ പങ്കെടുത്ത 41 ശതമാനം പേരും പങ്കുവെച്ചത്. അതേസമയം ഡികെ ശിവകുമാറിന് 3 ശതമാനം പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. ബൊമ്മൈയ്ക്ക് 31 ശതമാനം പേരും എച്ച്‌ ഡി കുമാരസ്വാമിക്ക് 22 ശതമാനം പേരും പിന്തുണ നല്‍കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക