ട്രാഫിക് നിയമ ലംഘനങ്ങള്‍ കണ്ടെത്താനും റോഡ് അപകടങ്ങള്‍ കുറയ്ക്കാനും ലക്ഷ്യമിട്ട് കെല്‍ട്രോണിന്റെ സഹായത്തോടെ സ്ഥാപിച്ച ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) കാമറകള്‍ ഏപ്രില്‍ 20ന് മിഴി തുറക്കും. സംസ്ഥാനത്തൊട്ടാകെ 726 കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതില്‍ 650 എണ്ണം എഐ കാമറകളാണ്. പുതിയ കാമറകള്‍ ഉപയോഗിച്ച്‌ കൊണ്ടുള്ള പരിശോധനയ്ക്ക് തുടക്കം കുറിക്കുന്നതോടെ റോഡപകടങ്ങള്‍ വലിയ തോതില്‍ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടൊപ്പം സംസ്ഥാന ഖജനാവിലേക്ക് വലിയ രീതിയില്‍ പണമൊഴുകുകയും ചെയ്യും.

ആധുനിക സാങ്കേതിക വിദ്യകളോടെയുള്ള കാമറയില്‍ കേരള മോടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും റോഡപകടങ്ങള്‍ കുറയ്ക്കാനും ഗതാഗത നിയമ ലംഘനങ്ങള്‍ തടയാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എഐ കാമറകള്‍ വഴി ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്തി പിഴയീടാക്കാനുള്ള സേഫ് കേരള പദ്ധതിയുടെ തുടക്കത്തില്‍ വലിയ രീതിയിലുള്ള നിയമന ലംഘനങ്ങള്‍ കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാഹന യാത്രക്കാര്‍, പ്രത്യേകിച്ച്‌ കാര്‍, ഇരുചക്ര, ഓടോറിക്ഷ വാഹനങ്ങള്‍ക്കാണ് കൂടുതലും പിഴ വരാനുള്ള സാധ്യതയുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സീറ്റ് ബെല്‍റ്റും ഹെല്‍മറ്റും ധരിച്ചാല്‍ മാത്രം എഐ കാമറയില്‍ കുടുങ്ങില്ലെന്ന് കരുതരുത്. കൃത്യമായി പറഞ്ഞാല്‍, അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വാഹന ഉടമകള്‍ക്ക് കീശ കാലിയാകാതെ നോക്കാം. ഹെല്‍മെറ്റ് ഇല്ലാതെയുള്ള യാത്ര, ഇരുചക്ര വാഹനങ്ങളില്‍ രണ്ടിലധികം പേര്‍ യാത്ര ചെയ്യല്‍, ലൈന്‍ മറികടന്നുള്ള ഡ്രൈവിംഗ്, സീറ്റ് ബെല്‍റ്റ് ഇടാതെയുള്ള കാര്‍ യാത്ര, മൊബൈല്‍ ഫോണില്‍ സംസാരിച്ചുള്ള യാത്ര തുടങ്ങിയ കുറ്റകൃത്യങ്ങളാണ് എഐ കാമറ ആദ്യം കണ്ടെത്തി റിപോര്‍ട് ചെയ്യുക. സോഫ്റ്റ്വെയര്‍ അപ്ഡേഷന്‍ വഴി അമിത വേഗത അടക്കമുള്ള യാത്രയും മറ്റ് നിയമ ലംഘനങ്ങളും പിടിക്കപ്പെടും.

കാമറ വഴി കണ്ടെത്തുന്ന ട്രാഫിക് കുറ്റകൃത്യത്തിന്റെ വിവരം വാഹന ഉടമയുടെ മൊബൈല്‍ ഫോണിലേക്ക് അപ്പോള്‍ തന്നെ സന്ദേശമായി എത്തും. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതിരുന്നാല്‍ 500 രൂപയും അമിതവേഗതയ്ക്ക് 1500 രൂപയും വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 2000 രൂപയും പിഴ നല്‍കേണ്ടി വരും. അനധികൃത വാഹന പാര്‍കിങ്ങിന് 250 രൂപയാണ് പിഴ നിശ്ചയിച്ചിട്ടുള്ളത്. കാമറയില്‍ നിന്ന് മാത്രം രക്ഷപ്പെടാമെന്ന് കരുതേണ്ട, മോടോര്‍ വാഹന വകുപ്പിന്റെയും പൊലീസിന്റെയും പതിവ് പരിശോധനകള്‍ ഇതിന് പുറമെയാണ്. ദേശീയപാത ആറുവരി പാതയാക്കുന്നതിനാല്‍ ഇവിടങ്ങളില്‍ കാമറ തത്കാലം സ്ഥാപിച്ചിട്ടില്ല. പണി പൂര്‍ത്തിയാകുന്നതോടെ ഈ ഭാഗങ്ങളിലും കാമറ വരുമെന്നാണ് വിവരം.

പിഴത്തുക

ഫോണ്‍ വിളി

₹2000

അമിതവേഗം

₹1500

ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ്

₹500

അനധികൃത പാര്‍ക്കിംഗ്

₹250

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക