സ്വകാര്യ ഇടങ്ങളില്‍ വ്യക്തിയുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്താതെ പൊതുനിരത്തുകളില്‍ എഐ ക്യാമറകള്‍ സ്ഥാപിച്ച്‌ എല്ലാ വാഹനയാത്രക്കാരുടെയും ദൃശ്യങ്ങള്‍‌ പകര്‍ത്തുന്നതു നിയമപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് നിയമവിദഗ്ധര്‍. എഐ ക്യാമറകള്‍ പകര്‍ത്തിയ ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവരുടെയോ മറ്റെന്തെങ്കിലും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെയോ ദൃശ്യങ്ങള്‍ തെളിവായി ഹാജരാക്കുന്നതില്‍ നിയമപ്രശ്നങ്ങളുണ്ടാവില്ല. പക്ഷെ നിയമമനുസരിച്ച്‌ യാത്ര ചെയ്യുന്നവരുടെ ദൃശ്യങ്ങളും ശേഖരിക്കുന്നത് അവരുടെ സ്വകാര്യ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാകാമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.

സ്വകാര്യ വാഹനത്തിന്റെ ഉള്‍ഭാഗവും സ്വകാര്യ ഇടമായതിനാല്‍ ദൃശ്യങ്ങള്‍ വാഹനത്തിലുള്ളവരുടെ അറിവോടും സമ്മതത്തോടും കൂടി എടുക്കണമെന്നാണ് വാദം. സ്വകാര്യ വാഹനത്തിനുള്ളില്‍ ദമ്ബതികളുടെ സ്നേഹപ്രകടനങ്ങള്‍ അവരുടെ അറിവില്ലാതെ പകര്‍ത്തുന്നത് ഇന്ത്യയില്‍ നിലവിലുള്ള നിയമങ്ങള്‍ പ്രകാരം കുറ്റകൃത്യമാണ്. കേരളത്തില്‍ നിലവില്‍ സ്ഥാപിച്ചിരിക്കുന്ന എഐ ക്യാമറകള്‍ക്ക് പൊതുനിരത്തുകളില്‍ സംഭവിക്കുന്ന നിയമലംഘനങ്ങളെ വേറിട്ടു തിരിച്ചറിയാനുള്ള ശേഷി ഉണ്ടെങ്കില്‍ മാത്രമേ യഥാര്‍ഥ നിര്‍മിത ബുദ്ധി ക്യാമറകള്‍ എന്ന് പറയാന്‍ സാധിക്കുകയുള്ളൂ. ഈ സന്ദര്‍ഭങ്ങളെ സ്വയം തിരിച്ചറിഞ്ഞു നിയമലംഘനങ്ങളുടെ ദൃശ്യങ്ങള്‍ മാത്രം പകര്‍ത്താനുള്ള ‘ഔചിത്യബോധം’ പ്രകടിപ്പിക്കാന്‍ ശേഷിയുള്ള ആല്‍ഗരിതപ്രകാരം ക്യാമറകള്‍ വന്നാലേ ഇവയെ സമ്ബൂര്‍ണ എഐ ക്യാമറയെന്നു വിശേഷിപ്പിക്കാന്‍ കഴിയുകയുള്ളവെന്ന് ഐടി വിദഗ്ധരും വിലയിരുത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരള പൊലീസ് ആക്‌ട് വകുപ്പ് 119(ബി) പ്രകാരം സ്ത്രീകളെ അവരുടെ സ്വകാര്യതയെ മാനിക്കാതെ നേരിട്ടും ക്യാമറകളിലൂടെയും നിരീക്ഷിക്കുന്നതും അവരുടെ ദൃശ്യങ്ങള്‍ അവരുടെ അനുവാദമില്ലാതെ പകര്‍ത്തുന്നതും 3 വര്‍ഷം വരെ തടവും 10,000 രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

ഇന്ത്യന്‍ ‌ശിക്ഷാ നിയമം വകുപ്പ് 354(സി) പ്രകാരം സ്വകാര്യ ഇടങ്ങളില്‍ അവരവര്‍ക്ക് ഇഷ്ടമുള്ള, കുറ്റകരമല്ലാത്ത പ്രവൃത്തികള്‍ ചെയ്യുന്നവരെ നേരിട്ടോ ക്യാമറ ഉപയോഗിച്ചോ ഒളിഞ്ഞുനോക്കുന്നതും അവരുടെ അറിവില്ലാത്ത ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും ഒരു വര്‍ഷം മുതല്‍ 3 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

ഐടി നിയമം വകുപ്പ് 67 പ്രകാരം ഒരു വ്യക്തിയുടെ സ്വകാര്യ ഇടത്തിലുള്ള ദൃശ്യങ്ങള്‍ അനുവാദമില്ലാതെ പകര്‍ത്തുന്നതും ശേഖരിച്ചുവയ്ക്കുന്നതും ദുരുപയോഗം ചെയ്യുന്നതും കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ചു 3 വര്‍ഷം വരെ തടവും 2 ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

700ലധികം ക്യാമറകൾ 200ലധികം കോടി രൂപ മുടക്കി സംസ്ഥാനത്ത് സ്ഥാപിച്ചത് സർക്കാരിന് നിയമവിരുദ്ധ പ്രവർത്തനം നടത്താനാണോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ദൃശ്യങ്ങൾ ശേഖരിക്കുന്നതും സൂക്ഷിക്കുന്നതും സ്വകാര്യ പങ്കാളിത്തമുള്ള കമ്പനികളുടെ സെർവറിലാണ് എന്ന ആരോപണവും വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്. ഇത്തരം ദൃശ്യങ്ങൾ പിന്നീട് ദുരുപയോഗം ചെയ്യാനുള്ള സാധ്യതകളുണ്ട്. രാജ്യത്തെ നിലവിലുള്ള നിയമങ്ങൾ പരിഗണിക്കാതെ റോഡ് അപകടങ്ങൾ കുറയ്ക്കാൻ എന്ന വ്യാജേന സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാനുള്ള വൻ കൊള്ളയാണ് സംസ്ഥാന സർക്കാർ എ ഐ ക്യാമറകളിലൂടെ ആസൂത്രണം ചെയ്തത് എന്ന വിമർശനം ശക്തമാണ്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക