മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാനത്തുടനീളം സ്ഥാപിച്ച 726 നിര്‍മ്മിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ക്യാമറകള്‍ പിഴയീടാക്കി തുടങ്ങുന്നതോടെ ദിവസവും കോടികള്‍ ഖജനാവിലേക്ക് എത്തുമെന്ന് കണക്കുകള്‍. നിലവില്‍ ക്യാമറകളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച്‌ പിഴയീടാക്കാന്‍ തുടങ്ങിയിട്ടില്ലെങ്കിലും അഞ്ചുലക്ഷത്തോളം നിയമലംഘനങ്ങളാണ് ഇപ്പോള്‍ ഒരുദിവസം ഇവ കണ്ടെത്തുന്നത്. ഈ മാസം 20 മുതല്‍ പിഴയീടാക്കി തുടങ്ങുമ്ബോള്‍ ഇതേ കണക്കാണെങ്കില്‍ കോടികളാണ് ഖജനാവിലേക്ക് എത്തുക.

ഒരു നിയമലംഘനത്തിന് കുറഞ്ഞത് 500 രൂപ മാത്രം കണക്കാക്കിയാല്‍ പോലും ഒരുദിവസം അഞ്ചുലക്ഷം നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ 25 കോടിയാണ് പിഴത്തുകയായി ഖജനാവിലേക്ക് എത്തുക.24 മണിക്കൂറും നിരീക്ഷിച്ച്‌ വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനാല്‍ രാത്രിയും പകലുമെന്നില്ലാതെ വലിയൊരു നീരീക്ഷണമാണ് ഉണ്ടാവുക. 232.25 കോടി ചെലവിട്ടാണ് ക്യാമറകള്‍ സ്ഥാപിച്ചത്. ക്യാമറകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് കണക്ടിവിറ്റി, ഡേറ്റാവിശകലനം, ജീവനക്കാര്‍, സൗരോര്‍ജ്ജ സംവിധാനം എന്നിവയ്ക്ക് മൂന്നുമാസത്തിലൊരിക്കല്‍ മൂന്നരക്കോടിയും ക്യാമറകള്‍ സ്ഥാപിച്ച ചെലവില്‍ എട്ടരക്കോടിയും കെല്‍ട്രോണിന് നല്‍കണം. കാമറാദൃശ്യങ്ങള്‍ പരിശോധിച്ച്‌ പിഴ തയ്യാറാക്കുന്നത് കെല്‍ട്രോണും പെറ്റി അംഗീകരിക്കേണ്ടത് മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗവുമാണ്. കാമറയുടെ 800 മീറ്റര്‍ പരിധിയിലെ ലംഘനങ്ങള്‍ വരെ പിടിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അമിത വേഗം, സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റില്ലാതെ ഇരുചക്രവാഹന യാത്ര, അമിത ഭാരം, ഇന്‍ഷുറന്‍സ്, മലീനീകരണ സര്‍ട്ടിഫിക്കറ്റ്, ഡ്രൈവ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്‍, അനധികൃത പാര്‍ക്കിങ് തുടങ്ങിയ കാര്യങ്ങള്‍ക്ക് പിഴ ഈടാക്കും. ഏതൊക്കെ ക്യാമറയുടെ പരിധിയില്‍ എത്തുന്നോ അവയില്‍ നിന്നൊക്കെ പിഴ വരും. ഒരേ കാര്യത്തിന് നിരവധി ക്യാമറകളില്‍ നിന്ന് പിഴവന്നാല്‍ അതില്‍ എന്ത് നടപടി സ്വീകരിക്കണമെന്ന് ഇതുവരെ തീരുമാനമായിട്ടില്ല. ഇതില്‍ മാറ്റം വരുത്തണോയെന്ന് സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്. ക്യാമറകളില്‍ പുറത്തുനിന്ന് ഇടപെട്ട് കൃത്രിമം വരുത്താനാകില്ലെന്നാണ് അവകാശവാദം.

726 ക്യാമറകളിലെയും ദൃശ്യങ്ങള്‍ അഞ്ചുവര്‍ഷം വരെ സൂക്ഷിച്ചുവെക്കാനുള്ള സംവിധാനം ഡാറ്റാ സെന്ററുകളിലുണ്ട്. എന്നാല്‍ നിലവില്‍ ഇവ ഒരുവര്‍ഷം സൂക്ഷിച്ചുവയ്ക്കാനാണ് തീരുമാനം. പൊലീസോ അന്വേഷണ ഏജന്‍സികളോ ആവശ്യപ്പെട്ടാല്‍ ഇവ നല്‍കുകയും ചെയ്യും. തുടക്കത്തില്‍ വലിയൊരു തുക മാസം പിഴയായി ലഭിക്കുമെങ്കിലും പിഴവരുന്നത് കണക്കിലെടുത്ത് ആളുകള്‍ നിയമം പാലിച്ചുതുടങ്ങുമ്ബോള്‍ പിഴയീടാക്കുന്നതില്‍ കുറവുണ്ടാകുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് കണക്കുകൂട്ടുന്നത്.

നിലവില്‍ പിഴത്തുക ഈടാക്കുന്നത് ഇങ്ങനെ: ഹെല്‍മെറ്റില്ലാത്ത യാത്ര ചെയ്യുന്നത് – 500 രൂപ പിന്‍സീറ്റില്‍ ഹെല്‍മെറ്റില്ലാത്തത് – 500 മൂന്നുപേരുടെ ബൈക്ക് യാത്ര – 1000 ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് – 2000 നാലുചക്ര വാഹനങ്ങളില്‍ സീറ്റ്ബെല്‍റ്റില്ലാതെ യാത്രചെയ്യുന്നത് – 500 അമിതവേഗം – 1500 അനധികൃത പാര്‍ക്കിംഗ് – 250

വാഹനങ്ങളുടെ സൈലന്‍സര്‍ പരിഷ്കരിച്ച്‌ കൂടിയ ശബ്ദമുണ്ടാക്കി ഓടിക്കുന്നതും വാഹനങ്ങള്‍ അനധികൃതമായി രൂപമാറ്റം വരുത്തുന്നതുമൊക്കെ ക്യാമറ പിടികൂടും. അമിത ശബ്ദം റെക്കോര്‍ഡ് ചെയ്യാനും ക്യാമറകളില്‍ സംവിധാനമുണ്ടെന്നാണ് വിവരം. ഒരു ക്യാമറയില്‍ നിയമലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ പരമാവധി ആറുമണിക്കൂറിനുള്ളില്‍ വാഹന്‍ സൈറ്റിലെ വിവരങ്ങള്‍ വിശകലനം ചെയ്ത് കുറ്റക്കാര്‍ക്ക് മൊബൈല്‍ ഫോണില്‍ പിഴ സംബന്ധിച്ച സന്ദേശമെത്തും. പിന്നാലെ ദിവസങ്ങള്‍ക്കകം രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വിലാസത്തിലേക്ക് പിഴയുടെ വിശദാശങ്ങള്‍ ചിത്രങ്ങള്‍ സഹിതം നോട്ടീസായി എത്തും.

വീഡിയോ സ്കാനിങ് സോഫ്റ്റ്വെയറാണ് ക്യാമറകളില്‍ നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്യുന്നത്. ക്യാമറകളില്‍ നിന്ന് ലഭിക്കുന്ന ദൃശ്യങ്ങള്‍ തിരുവനന്തപുരം മണ്‍വിളയിലെ കെല്‍ട്രോണിന്റെ ഡാറ്റാ സെന്റര്‍ ബാങ്കിലാണ് ശേഖരിക്കുക. അവിടെനിന്ന് ദൃശ്യങ്ങള്‍ ലിസ്റ്റ് ചെയ്ത് ജില്ലാ കണ്‍ട്രോള്‍ റൂമുകള്‍ക്ക് നല്‍കും. ജില്ലാ കണ്‍ട്രോള്‍ റൂമുകളില്‍ നിന്ന് ഇവ നാഷണല്‍ ഡാറ്റാ ബേസിന് കൈമാറി ഇ- ചെലാന്‍ സൃഷ്ടിക്കും. പിന്നാലെ വാഹന ഉടമയുടെ മൊബൈലിലേക്ക് നിയമലംഘനം നടത്തിയതിന്റെ പിഴയേപ്പറ്റിയുള്ള സന്ദേശം അയക്കും. അടുത്ത അഞ്ചുവര്‍ഷത്തേക്ക് ക്യാമറയുടെ പരിപാലനവും സര്‍വീസുമൊക്കെ കെല്‍ട്രോണിന്റെ ചുമതലയാണ്. തിരുവനന്തപുരം മണ്‍വിളയിലെ കെല്‍ട്രോണ്‍ സെന്ററില്‍ തന്നെയാണ് എ.ഐ ക്യാമറകളുടെ നിര്‍മാണവും നടക്കുന്നത്.

ആകെ 726 ക്യാമറകളില്‍ 675 എണ്ണം ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് തുടങ്ങിയ നിയമലംഘനങ്ങള്‍ കണ്ടെത്താനായാണ് സ്ഥാപിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങളും ഈ വിഭാഗത്തിലാണ് വരുന്നത്. അനധികൃത പാര്‍ക്കിങ് കണ്ടെത്താന്‍ 25 ക്യാമറകളുണ്ട്. അമിത വേഗം തിരിച്ചറിയുന്ന നാല് ക്യാമറകളും ലൈന്‍ തെറ്റിക്കല്‍, ട്രാഫിക് സിഗ്നല്‍ തെറ്റിക്കല്‍ എന്നിവ കണ്ടെത്താന്‍ 18 ക്യാമറകളുമാണ് നിലവിലുള്ളത്. നിരീക്ഷണം, തെളിവ് ശേഖരിക്കല്‍ എന്നിവയാണ് എഐ ക്യാമറകളുടെ ദൗത്യങ്ങള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക