ന്യൂഡല്‍ഹി: 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിനെതിരെ അതിരൂക്ഷമായ പ്രചാരണവുമായി ബിജെപി. രാജ്യം ഭരിച്ച 70 വര്‍ഷത്തിനിടെ കോണ്‍ഗ്രസ് പാര്‍ട്ടി 48,20,69,00,00,000 രൂപ കൊള്ളയടിച്ചുവെന്ന് ആരോപിച്ച്‌ ‘കോണ്‍ഗ്രസ് ഫയല്‍സ്’ എന്ന വീഡിയോയുടെ ആദ്യ പതിപ്പാണ് ബിജെപി പുറത്തുവിട്ടത്. “കോണ്‍ഗ്രസ് ഫയല്‍സിന്‍റെ ആദ്യ ഭാഗത്തില്‍, കോണ്‍ഗ്രസ് ഭരണത്തില്‍ അഴിമതിയും കുംഭകോണങ്ങളും ഒന്നിനുപുറകെ ഒന്നായി എങ്ങനെ സംഭവിച്ചുവെന്ന് കാണുക” എന്ന് കുറിച്ച്‌ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ വഴിയായിരുന്നു ബിജെപി ഇത് പുറത്തുവിട്ടത്.

‘കോണ്‍ഗ്രസ് ഫയല്‍സ്’: 70 വര്‍ഷത്തെ ഭരണത്തില്‍ പൊതുജനങ്ങളില്‍ നിന്ന് 48,20,69,00,00,000 രൂപയാണ് കോണ്‍ഗ്രസ് കൊള്ളയടിച്ചത്. പല സുപ്രധാന മേഖലകളിലും ഇന്ത്യയുടെ പുരോഗതിക്കായി അത് ഉപയോഗിക്കാമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ അഴിമതി കാരണം രാജ്യം പുരോഗതിയില്‍ ഏറെ പിന്നോട്ട് പോവുകയും ചെയ്‌തുവെന്നും ബിജെപി വീഡിയോയിലൂടെ കുറ്റപ്പെടുത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇത്രയും ഭീമമായ തുക കൊണ്ട് 24 ഐഎന്‍എസ് വിക്രാന്തും, 300 റഫാല്‍ വിമാനങ്ങളും, 1000 മംഗള്‍ ദൗത്യങ്ങളും നടപ്പാക്കാന്‍ കഴിയുമായിരുന്നുവെന്ന് ബിജെപി അവകാശപ്പെട്ടു. കോണ്‍ഗ്രസിന്റെ അഴിമതിയുടെ അനന്തരഫലങ്ങള്‍ രാജ്യം അനുഭവിക്കേണ്ടിവന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നഷ്‌ടങ്ങളുടെ ദശകം: 2004 മുതല്‍ 2014 വരെ കോണ്‍ഗ്രസ് അധികാരത്തിലിരുന്ന കാലഘട്ടത്തെ ‘നഷ്‌ടങ്ങളുടെ ദശകം’ എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്‍ പ്രസംഗത്തെയും വീഡിയോ ആവര്‍ത്തിക്കുന്നുണ്ട്. പ്രസ്‌തുത കാലഘട്ടം മാത്രം പരിഗണിച്ചാല്‍ തന്നെ അത് വ്യക്തമാകുമെന്നും അതൊരു “നഷ്‌ടങ്ങളുടെ ദശകം” ആയിരുന്നുവെന്നും വീഡിയോ അടിവരയിടുന്നുണ്ട്. പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ് തന്‍റെ ഭരണകാലത്ത് നടന്ന കുംഭകോണങ്ങള്‍ക്ക് നേരെ കണ്ണടച്ചിരുന്നുവെന്നും പത്രത്താളുകളില്‍ അഴിമതിയുടെയും കുംഭകോണങ്ങളുടെയും വാര്‍ത്തകള്‍ നിറയുമ്ബോള്‍ ഓരോ ഇന്ത്യക്കാരനും ലജ്ജിച്ചു തലതാഴ്‌ത്തുകയായിരുന്നുവെന്നും വീഡിയോ കുറ്റപ്പെടുത്തുന്നുണ്ട്.

അക്കമിട്ട് വിമര്‍ശനം: യുപിഎ ഭരണകാലത്തെ 1.86 ലക്ഷം കോടി രൂപയുടെ കല്‍ക്കരി കുംഭകോണം, 1.76 ലക്ഷം കോടി രൂപയുടെ 2 ജി സ്പെക്‌ട്രം അഴിമതി, 10 ലക്ഷം കോടി രൂപയുടെ എംഎന്‍ആര്‍ഇജിഎ അഴിമതി, 70,000 കോടി രൂപയുടെ കോമണ്‍വെല്‍ത്ത് അഴിമതി, ഇറ്റലിയുമായുള്ള ഹെലികോപ്റ്റര്‍ ഇടപാടിലെ 362 കോടി രൂപയുടെയും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനായി 12 കോടി രൂപയുടെയും കൈക്കൂലി ഉള്‍പ്പടെ യുപിഎ ഭരണകാലത്തെ അഴിമതികള്‍ ഓരോന്നും വീഡിയോയില്‍ അക്കമിട്ട് നിരത്തുന്നുണ്ട്.

ഇതൊരു തുടക്കം മാത്രം: “ഇത് കോണ്‍ഗ്രസിന്‍റെ അഴിമതികളുടെ ഝാങ്കി (ട്രെയിലര്‍) മാത്രമാണ്, സിനിമ ഇപ്പോഴും അവസാനിച്ചിട്ടില്ല” എന്ന കുറിപ്പോടെ അവസാനിക്കുന്ന വീഡിയോ, ഒരു പരമ്ബരയുടെ തുടക്കം മാത്രമാണെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്. അതേസമയം ബിജെപി ഉയര്‍ത്തിയ ആരോപണങ്ങളോടും വീഡിയോയിലും കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കള്‍ ആരും തന്നെ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക