സംസ്ഥാനത്ത് സർക്കാർ ലൈസൻസ് നൽകി നിയമപരമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് കള്ള് ഷാപ്പുകൾ. കള്ളിന് സർക്കാർ നൽകുന്ന പ്രോത്സാഹനം വളരെ വലുതാണ്. ബിയർ വിദേശമദ്യം, സിഗരറ്റ് എന്നീ ലഹരി ഉൽപ്പന്നങ്ങൾക്ക് വൻ നികുതി നിരക്കുകൾ ഈടാക്കുമ്പോൾ ഒരു രൂപ പോലും സർക്കാർ കള്ളിന്മേൽ നികുതിയായി ചുമത്തുന്നില്ല. കേരളത്തിൻറെ പരമ്പരാഗത പാനീയം എന്ന നിലയിലും, ചെത്തു തൊഴിലാളികളുടെ ക്ഷേമത്തിനും വേണ്ടിയാവാം ഒരുപക്ഷേ ഇത്.

എന്നാൽ സർക്കാർ പുലർത്തുന്ന ഈ സമീപനമൊന്നും കേരളത്തിലെ എക്സൈസ് വകുപ്പിന് ബാധകമല്ല എന്ന് വേണം നാം മനസ്സിലാക്കാൻ. ലോകമെമ്പാടും നിരോധിക്കപ്പെട്ട രാസ ലഹരി കേരളത്തിൽ നിർലോഭം ഒഴുകുമ്പോൾ കണ്ണടയ്ക്കുന്ന എക്സൈസ് പക്ഷേ കുണ്ടോളിക്കടവ് ഷാപ്പിൽ ഇരുന്ന് കള്ളുകുടിക്കുന്ന, അതിന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന യുവതികളെ വേട്ടയാടും. അവരെ അറസ്റ്റ് ചെയ്ത് വീമ്പളക്കി മാധ്യമങ്ങൾക്ക് വാർത്ത നൽകും. അവർ ചെയ്ത കുറ്റകൃത്യം എന്താണെന്ന് ചോദിച്ചാൽ മദ്യപാനം പ്രോത്സാഹിപ്പിക്കാൻ ശ്രമിച്ചു എന്ന് വ്യക്തമാക്കും അങ്ങനെ കേരള എക്സൈസ് ഓവർ സ്മാർട്ട് ആകും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
നിയമപരമായ മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം. (മദ്യപാനം പ്രോത്സാഹിപ്പിച്ചാൽ എക്സൈസ് കേസെടുക്കും; മദ്യപിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചാലും എക്സൈസ് കേസെടുക്കും.)

വൈകിട്ടെന്താ പരിപാടി എന്ന് പ്രമുഖ മദ്യ ബ്രാണ്ടിന്റെ സോഡാ പരസ്യത്തിൽ മോഹൻലാൽ ചോദിച്ചപ്പോൾ അതിനെ വിമർശിച്ചതും ചോദ്യം ചെയ്തതും കേരളത്തിലെ എക്സൈസ് വകുപ്പ് അല്ല, സുകുമാർ അഴീക്കോട് സാറാണ്. മലയാള സിനിമ മേഖലയിലെ ലഹരി ഒഴുക്കിനെ കുറിച്ച്, ലഹരി ഉപയോഗിക്കുന്ന താരങ്ങളെ കുറിച്ചും അണിയറ പ്രവർത്തകരെ കുറിച്ചും കഴിഞ്ഞദിവസം വെളിപ്പെടുത്തൽ നടത്തിയത് നിസ്സാരക്കാരനല്ല. അമ്മ എന്ന താരസംഘടനയുടെ ഭാരവാഹി കൂടിയായ ടിനി ടോം എന്ന പ്രമുഖനടനാണ്. മോഹൻലാലിന്റെ വിശ്വസ്തനായ ആൻറണി പെരുമ്പാവൂരിന്റെ പക്കൽ ലഹരി ഉപയോഗിക്കുന്ന താരങ്ങളുടെ പട്ടികയുണ്ടെന്നും ടിനി വെളിപ്പെടുത്തി.

ഓ ജി സുനിൽ എന്ന വിവാദ ബാർ ഉടമയും, രഞ്ജിനി ഹരിദാസും മദ്യം നുണഞ്ഞുകൊണ്ട് ഫേസ്ബുക്കിൽ റീൽ വീഡിയോ പങ്കുവെച്ചു. അർദ്ധരാത്രിയിലെ ഡിജെ പാർട്ടിയിൽ ലഹരിയുടെ ഉന്മാദത്തിൽ പീഡിപ്പിക്കാൻ ശ്രമിച്ചവരെ ഭയന്ന് മുൻവിസ് കേരള ഉൾപ്പെടെയുള്ള യുവതികൾ കാറിൽ പാഞ്ഞപ്പോൾ അപകടമുണ്ടായി മരണപ്പെട്ടു. ലഹരി അടിച്ചു കിളി പോയി ഷൈൻ ടോം ചാക്കോയും, ശ്രീനാഥ് ഭാസിയും എല്ലാം അഭിമുഖങ്ങളിൽ തോന്നുന്നത് വിളിച്ചു പറഞ്ഞപ്പോൾ അത് സമൂഹമാധ്യമങ്ങളിലൂടെ കണ്ടത് ലക്ഷക്കണക്കിന് ആളുകളാണ്. ഇവിടെയൊന്നും എക്സൈസ് കാര്യക്ഷമമായി ഇടപെട്ടില്ല.

പക്ഷേ തൃശ്ശൂരിലെ കുണ്ടോളിക്കടവ് ഷാപ്പിൽ ഇരുന്ന് ഒരു യുവതി ഒരു കുപ്പി കള്ളുകുടിച്ചു. അതിൻറെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. സബ്സ്ക്രൈബേഴ്സിനെ വർദ്ധിപ്പിക്കാനായി യുവതി ചെയ്ത കുൽസിത പ്രവർത്തിയാണെന്നും, വീഡിയോ മദ്യപാനത്തിന് പ്രോത്സാഹനം നൽകുന്നതാണെന്നും ആരോപിച്ച് ഇവരെ അറസ്റ്റ് ചെയ്ത് വാർത്തയാക്കി. ഇത്തരം പ്രവർത്തികളുമായി എക്സൈസ് മുന്നേറുമ്പോൾ മറുവശത്ത് സർക്കാർ ടെക്കികൾക്കായി ഐടി പാർക്കുകൾക്ക് ഉള്ളിൽ രാവോളം മദ്യം വിളമ്പുന്ന പബ്ബുകൾ തുടങ്ങാൻ ആലോചിക്കുകയാണ്. ഈ ഇരട്ടത്താപ്പിനെതിരെ പ്രതികരിക്കുവാൻ പുരോഗമനവാദികളായ യുവജന വിദ്യാർത്ഥി സംഘടനകളെ പോലും കാണുന്നില്ല എന്നതാണ് മറ്റൊരു തമാശ. ഇത് സമൂഹം ചർച്ച ചെയ്യേണ്ട വിഷയമാണ്. ആ പെൺകുട്ടിയോട് ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്തേ മതിയാകൂ. ഏതായാലും അവർ കഴിച്ചതായും പ്രഖ്യാപിച്ചുകൊണ്ട് ലേഖകൻ ഇന്നൊരു കുപ്പി കള്ളുകുടിച്ച് വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക