ബംഗളൂരു: ലൈംഗിക പീഡനക്കേസില്‍ യുവാവിനെ വെറുതെവിട്ട് കര്‍ണാടക ഹൈക്കോടതിയുടെ നിർണായക നിരീക്ഷണം. അഞ്ചു വര്‍ഷത്തോളം സ്ത്രീയുടെ സമ്മതമില്ലാതെ ലൈംഗികബന്ധം സാധ്യമാകില്ലെന്നും ഇതിനെ പീഡനമായി കണക്കാക്കാനാകില്ലെന്നും നിരീക്ഷിച്ചാണ് പ്രതിയെ കോടതി കുറ്റവിമുക്തനാക്കിയത്. വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു യുവാവിനെതിരെ പെണ്‍കുട്ടി പരാതി നല്‍കിയത്.

കല്യാണം കഴിക്കുമെന്ന ഉറപ്പില്‍ പലതവണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും എന്നാല്‍ യുവാവ് പിന്നീട് വിവാഹത്തില്‍നിന്ന് പിന്മാറുകയായിരുന്നുവെന്നും പെണ്‍കുട്ടി പരാതിയില്‍ ഉന്നയിച്ചു. പരാതിയില്‍ ബംഗളൂരു 53-ം സിറ്റി സിവില്‍-സെഷന്‍സ് കോടതി യുവാവിനെതിരെ ലൈംഗികപീഡന, വിശ്വാസ വഞ്ചനാ കുറ്റങ്ങള്‍ ചുമത്തുകയും ചെയ്തു. സെഷന്‍സ് കോടതി വിധിക്കെതിരെ യുവാവ് പിന്നീട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അഞ്ചു വര്‍ഷമായി താനും യുവതിയും പ്രണയത്തിലായിരുന്നുവെന്ന് ഇയാള്‍ ജസ്റ്റിസ് എം. നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ചിനു മുന്നില്‍ സമ്മതിച്ചു. വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍, രണ്ടുപേരും വ്യത്യസ്ത ജാതിക്കാരായതു വിവാഹത്തിനു തടസമായെന്നും യുവാവ് കോടതിയില്‍ വാദിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘കേസിലെ ഉഭയസമ്മതം ഒരു ദിവസത്തേക്കോ രണ്ടു ദിവസത്തേക്കോ മൂന്നു ദിവസത്തേക്കോ മാസങ്ങള്‍ക്കോ ആയിരുന്നില്ല. വര്‍ഷങ്ങളാണ് പരസ്പര സമ്മതത്തോടെ കഴിഞ്ഞത്. കൃത്യമായി പറഞ്ഞാല്‍ അഞ്ചു വര്‍ഷം. അതുകൊണ്ടുതന്നെ അഞ്ചുവര്‍ഷം പെണ്‍കുട്ടിയുടെ താല്‍പര്യത്തിനു വിരുദ്ധമായായിരുന്നു ലൈംഗികബന്ധമെന്ന് പറയാനാകില്ല.’-കേസില്‍ വിധിപറഞ്ഞ ജസ്റ്റിസ് നാഗപ്രസന്ന വ്യക്തമാക്കി.

ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ ദൈര്‍ഘ്യവും അതിനിടയില്‍ ചെയ്ത പ്രവര്‍ത്തനങ്ങളുമാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ 375-ാം വകുപ്പിന്റെ കാഠിന്യം കുറയ്ക്കുന്നതെന്നും ജഡ്ജി നിരീക്ഷിച്ചു. പ്രണയകാലത്ത് ഇരുവരും നടത്തിയ സാമ്ബത്തിക ഇടപാടുകള്‍ ശിക്ഷാനിയമത്തിലെ 406-ാം വകുപ്പ് പ്രകാരമുള്ള വിശ്വാസവഞ്ചനയില്‍ വരില്ലെന്നും ജസ്റ്റിസ് നാഗപ്രസന്ന കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക