ബംഗളൂരു: മാസപ്പടി കേസില്‍, സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്‌എഫ്‌ഐഒ) നടത്തുന്ന അന്വേഷണത്തിനെതിരെ വീണ നല്‍കിയ ഹർജിയില്‍ കർണാടക ഹൈക്കോടതി നാളെ വിധി പറയും. നാളെ ഉച്ചയ്ക്ക് 2.30നാണ് വിധി പറയുന്നത്. കരിമണല്‍ കമ്ബനിയില്‍നിന്നു മാസപ്പടി വാങ്ങിയെന്ന കേസില്‍, മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്ബനിക്കെതിരെ കോടതി വിധി വരുന്നത് വരെ കടുത്ത നടപടിയെടുക്കരുതെന്ന് എസ്‌എഫ്‌ഐഒയോട് നേരത്തെ കർണാടക ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ നല്‍കിയ ഹർജി വിധി പറയാൻ മാറ്റിയത്.

കമ്ബനി കാര്യ നിയമത്തിലെ ചട്ടം 210 പ്രകാരം രജിസ്ട്രാർ ഓഫ് കമ്ബനീസ് അന്വേഷണം പ്രഖ്യാപിച്ചതിനോട് തങ്ങള്‍ പൂർണമായി സഹകരിച്ചിട്ടും അതേ നിയമത്തിലെ ചട്ടം 212 പ്രകാരം സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫീസ് അന്വേഷണം പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനം വ്യക്തമല്ലെന്നാണ് കേസ് റദ്ദാക്കാൻ വേണ്ടി എക്‌സാലോജികിന്റെ അഭിഭാഷകൻ ഉന്നയിച്ച വാദം. രണ്ട് സമാന്തര അന്വേഷണങ്ങളാണോ കമ്ബനിക്കെതിരെ നടക്കുന്നത് എന്ന് പോലും അറിയില്ല. അങ്ങനെയെങ്കില്‍ അത് നിയമപരമായി നിലനില്‍ക്കില്ല. എസ്.എഫ്.ഐ.ഒ പോലെ ഒരു ഏജൻസിയില്‍ നിന്ന് അറസ്റ്റ് അടക്കമുള്ള നടപടികളുണ്ടാകുമോ എന്ന് ആശങ്കയുണ്ടെന്നും എക്‌സാലോജികിന്റെ അഭിഭാഷകൻ വാദിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഗുരുതരമായ സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ സി.എം.ആർ.എല്ലിന്റെ ഇടപാടില്‍ നടന്നിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ വ്യക്തമായതായി എസ്.എഫ്.ഐ.ഒയ്ക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റർ ജനറല്‍ കുളൂർ അരവിന്ദ് കാമത്ത് വ്യക്തമാക്കി. വിവിധ രാഷ്ട്രീയ കക്ഷികള്‍ക്ക് സി.എം.ആർ.എല്‍ വഴി 135 കോടി രൂപ വ്യക്തമായ രേഖകളില്ലാതെ കൈമാറ്റം ചെയ്യപ്പെട്ടുവെന്ന് ആദായ നികുതി വകുപ്പിന്റെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അതില്‍ 1.72 കോടി രൂപ വീണ വിജയന്റെ എക്‌സാലോജിക്കിന് ഒരു സേവനവും നല്‍കാതെ നല്‍കിയതിനും തെളിവുണ്ട്.

വിവിധ ഏജൻസികളുടെ അന്വേഷണ പരിധിയിലുള്ള ഇടപാടുകളില്‍ സമഗ്രമായ അന്വേഷണം നടത്താൻ എസ്‌എഫ്‌ഐഒ പോലുള്ള സംവിധാനം ആവശ്യമായതിനാലാണ് അന്വേഷണത്തിലേക്ക് നീങ്ങിയതെന്നും എ.എസ്.ജി വാദിച്ചു. വാദങ്ങള്‍ വിശദമായി കേട്ട കോടതി എസ്‌എഫ്‌ഐഒ ചോദിച്ച രേഖകള്‍ നല്‍കാനും അന്വേഷണവുമായി സഹകരിക്കാനും എക്‌സാലോജിക്കിന് നിർദ്ദേശം നല്‍കിയിരുന്നു. കേസില്‍ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടികളിലേക്ക് നീങ്ങരുതെന്ന് എസ്.എഫ്.ഐ.ഒയ്ക്കും കോടതി നിർദ്ദേശം നല്‍കിയിരുന്നു. ഇതുവരെ കേന്ദ്ര സർക്കാറിന്റെ മൂന്ന് ഏജൻസികളാണ് വീണയുടെ കമ്ബനിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അന്വേഷിച്ചത്. ആദായ നികുതി വകുപ്പിന്റെ ഇൻട്രിം സെറ്റില്‍മെന്റ് ബോർഡ്, രജിസ്ട്രാർ ഓഫ് കമ്ബനീസ്(ആർഒസി), സീരിയസ് ഫ്രോഡ് ഇൻവസിറ്റിഗേഷൻ ഓഫീസ്.

ഈ മൂന്ന് അന്വേഷണങ്ങളും പരസ്പ്പരം ബന്ധപ്പെട്ടു കിടക്കുന്നവയാണ്. മൂന്ന് വർഷം മുമ്ബ് വീണയുടെ എക്സാലോജിക്കിനെതിരെ രജിസ്ട്രാർ ഓഫ് കമ്ബനീസിന് ലഭിച്ച പരാതിയില്‍ പ്രാഥമിക അന്വേഷണം തുടങ്ങുമ്ബോള്‍ പലതവണ വീണയുടെ കമ്ബനിയെ വിളിച്ചുവരുത്തുകയും വിവരങ്ങള്‍ തിരക്കുകയും ചെയ്തിരുന്നു. എന്നാല്‍, വിഷയം കേരളത്തില്‍ ചർച്ചയായത് ഇൻട്രിം സെറ്റില്‍മെന്റ് ബോർഡിന്റെ റിപ്പോർട്ട് പുറത്തുവന്നപ്പോല്‍ മാത്രമാണ് താനും. 2020 നവംബർ മാസം മുതല്‍ വീണയുടെ കമ്ബനിക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. കർണാടക ആർ.ഒ.സിയുടെ അന്വേഷണമായിരുന്നു നടന്നത്.

അന്നെല്ലാം പലതവണ വീണയുടെ കമ്ബനിക്ക് സമൻസ് അയച്ചു. കൂടാതെ വിശദീകരണങ്ങളും തേടി. എന്ത് സോഫ്റ്റ്‌വെയർ സഹായം നല്‍കി എന്നത് അടക്കമുള്ള ചോദ്യങ്ങള്‍ ഉയർത്തിയെങ്കിലും അതിനൊന്നും വ്യക്തമായ മറുപടി നല്‍കിയില്ല. ജിഎസ്ടി അടച്ചിട്ടുണ്ടെന്ന് വിശദീകരണമാണ് വീണയുടെ കമ്ബനി നല്‍കിയത്. 2021 ജനുവരി 9നാണ് ആദ്യ നോട്ടീസ് അയച്ചത്. തുടർന്ന് 22.07.22ാം തീയ്യതി വീണയുടെ കമ്ബനി നോട്ടീസിന് മറുപടി കൊടുത്തു. തുടർന്ന് 11.08.2023ല്‍ പ്രാഥമിക അന്വേഷണ റിപ്പോർട്ടു തയ്യാറാക്കിയ വീണയ്ക്കും കമ്ബനി ഓഡിറ്റർക്കും അയച്ചു കൊടുക്കുന്നു. തുടർന്ന് 08.09.2023ല്‍ വീണ തൃപ്തികരമല്ലാത്ത ഒരു മറുപടിയും നല്‍കി. 29.12.2023ല്‍ കമ്ബനീസ് ആക്‌ട് പ്രകാരം കേസെടുക്കുകയും അന്വേഷണം വിപുലപ്പെടുത്തുകയും ചെയതു.

തുടർന്നിങ്ങോട്ട് വിവിധ ഘട്ടങ്ങളില്‍ ആർഒസി നടത്തിയ അന്വേഷണ വിവരങ്ങളാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. എന്തുകൊണ്ടണ് അന്വേഷണം നടത്തുന്നത് എന്നത് അടക്കമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. തന്റെ കമ്ബനിക്കെതിരെ ആർഒസി അന്വേഷണം നടക്കുന്നുണ്ടെന്നും അതുകൊണ്ട് എസ്‌എഫ്‌ഐഒ അന്വേഷണം വേണ്ടെന്നും കാണിച്ചു സമർപ്പിച്ച ഹർജിയില്‍ ഇക്കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് വീണയ്ക്ക് തന്നെ കുരുക്കാകുമെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഇതോടെ എസ്‌എഫ്‌ഐഒ നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ വിശദാംശങ്ങളും കോടതിയുടെ മുന്നിലുണ്ട്. അതുകൊണ്ട് തന്നെ എസ്‌എഫ്.ഐഒ അന്വേഷണം കോടതി സ്റ്റേ ചെയ്യാനുള്ള സാധ്യതയും കുറവാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക