പ്രക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പരസ്യങ്ങള്‍ അവതരിപ്പിക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശം. ഉപഭോക്തൃ കാര്യ വകുപ്പാണ് തിങ്കളാഴ്ച മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. രാജ്യത്തെ 1275 കോടി രൂപ മൂല്യമുള്ള ഓണ്‍ലൈന്‍ പരസ്യ വിപണിയെ ബാധിച്ചേക്കാവുന്ന നിര്‍ദേശങ്ങളാണിതിലുള്ളത്. സെലിബ്രിറ്റികള്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാര്‍, വിര്‍ച്വല്‍ ഇന്‍ഫ്ലുവന്‍സര്‍മാര്‍ എന്നിവര്‍ക്കായാണ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ‘എന്‍ഡോഴ്‌സ്‌മെന്റ് നോഹൗസ്!’ എന്ന തലക്കെട്ടിലാണ് കര്‍ശനമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.

സമൂഹ മാധ്യമങ്ങളില്‍ ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ ജനങ്ങള്‍ക്കായി പരിചയപ്പെടുത്തുമ്ബോള്‍ പ്രേക്ഷകര്‍ തെറ്റിദ്ധരിപ്പെടാതിരിക്കുകയാണ് ഈ നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നതിന്റെ ലക്ഷ്യം. ഇന്‍ഫ്ലുവന്‍സര്‍മാര്‍ ഉപഭോക്തൃ സംരക്ഷണ നിയമവും മറ്റ് അനുബന്ധ നിയമങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ലളിതവും വ്യക്തവുമായ ഭാഷയില്‍ ആയിരിക്കണം ഉല്പന്നങ്ങളെ കുറിച്ചുള്ള അവതരണം നടത്തേണ്ടത്. പരസ്യം (advertisement), സ്പോണ്‍സര്‍ (sponsored), സഹകരണം (collaboration), പണമടച്ചുള്ള പ്രമോഷന്‍ (paid promotion) തുടങ്ങിയ പദങ്ങള്‍ പരസ്യങ്ങളില്‍ ഉപയോഗിക്കണമെന്നും മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്‍ഫ്ലുവന്‍സര്‍മാര്‍ അവര്‍ വ്യക്തിപരമായി ഉപയോഗിക്കാത്തതോ അനുഭവിച്ച്‌ അറിഞ്ഞിട്ടില്ലാത്തതോ ആയ ഉല്‍പ്പന്നങ്ങളെയോ സേവനങ്ങളെയോ പിന്തുണച്ച്‌ പരസ്യം ചെയ്യരുതെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. പരസ്യം (advertisement), സ്പോണ്‍സേഡ് (sponsored), സഹകരണം (collaboration), പെയ്ഡ് പ്രമോഷന്‍ (paid promotion) തുടങ്ങിയ പദങ്ങള്‍ ഹാഷ്‌ടാഗ് ആയോ അല്ലെങ്കില്‍ ഹെഡ്‌ലൈന്‍ ടെക്‌സ്‌റ്റായോ സൂചിപ്പിച്ചിരിക്കണം. ഇന്‍ഫ്ലുവന്‍സര്‍മാക്ക് പ്രേക്ഷകരുടെ ഒരു ഉത്പന്നം വാങ്ങുന്നത് സംബന്ധിച്ച തീരുമാനത്തെയോ ഒരു ഉല്പന്നത്തെയോ സേവനത്തെയോ കുറിച്ചുള്ള അഭിപ്രായ രൂപീകരണത്തെയോ സ്വാധീനിക്കാന്‍ കഴിയുന്നതിനാല്‍ അതിനെകുറിച്ച്‌ പ്രേക്ഷകരോട് സത്യസന്ധമായ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കണം. അതായത് അത്തരം വെളിപ്പെടുത്തലുകള്‍ വളരെയധികം പ്രാധാന്യത്തോടെ പരസ്യത്തില്‍ ഉള്‍പ്പെടുത്തണം.

ഒരു ചിത്രമാണ് പ്രേക്ഷകരുമായി പങ്കുവയ്ക്കുന്നതെങ്കില്‍ ചിത്രത്തില്‍ ഇക്കാര്യങ്ങള്‍ സൂപ്പര്‍ഇമ്ബോസ് ചെയ്യണം. വീഡിയോയോ ലൈവ് സ്ട്രീമിംഗോ ആണെങ്കില്‍ മുഴുവന്‍ സമയവും പ്രാധാന്യത്തോടെ സ്‌ക്രീനില്‍ ഇക്കാര്യങ്ങള്‍ പ്രദര്‍ശിപ്പിക്കണം. പുതിയ മാര്‍ഗനിര്‍ദേശം പുറത്തു വന്നതോടെ ബ്രാന്‍ഡ്-ഇന്‍ഫ്ലുവന്‍സര്‍മാരെ ഉപയോഗിച്ചുള്ള പ്രമോഷന്റെ എണ്ണത്തില്‍ അല്പം കുറവ് വന്നേക്കാമെങ്കിലും പിന്നീടിത് കൂടാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ പറയുന്നു.

ചില കണക്കുകള്‍ പ്രകാരം, ഏകദേശം മൂന്നില്‍ രണ്ട് ഇന്ത്യക്കാരും ഏതെങ്കിലും ഒരു ഇന്‍ഫ്ളുവന്‍സറിനെയെങ്കിലും പിന്തുടരുന്നുണ്ട്. മിക്ക ഇന്‍ഫ്ളുവന്‍സേര്‍സ് പരസ്യങ്ങളും ‘വ്യക്തിപരമായ ശുപാര്‍ശകള്‍’ ആയാണ് വരുന്നതെന്ന് 70-ലധികം ഇന്‍ഫ്ളുവന്‍സര്‍മാരെ കൈകാര്യം ചെയ്യുന്ന മാര്‍ക്കറ്റിംഗ് ഏജന്‍സിയായ ആല്‍ഫ സെഗസ് സ്ഥാപകനും ഡയറക്ടറുമായ രോഹിത് അഗര്‍വാള്‍ പറയുന്നു. അതിന് പിന്നിലെ സാമ്ബത്തിക നേട്ടത്തെക്കുറിച്ച്‌ ഇവര്‍ പ്രതിപാദിക്കാറില്ല. പ്രേക്ഷകരോട് ചെയ്യുന്ന അന്യായമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങള്‍ക്ക് 50 ലക്ഷം രൂപ വരെ പിഴയോ രണ്ട് വര്‍ഷത്തേക്ക് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് വിലക്കോ ലഭിക്കുമെന്ന് ജനുവരിയില്‍ ഉപഭോക്തൃകാര്യ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക