മലപ്പുറം: ഓണ്‍ലൈന്‍ സെക്സിന്റെ മറവില്‍ ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം പോലീസ് പിടിയില്‍. സ്വവര്‍ഗ രതിക്കെന്ന പേരില്‍ വിളിച്ചുവരുത്തി പണം തട്ടിയെടുത്ത കേസിലാണ് ഏഴുപേരെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പൂക്കയില്‍, പൊന്നാനി സ്വദേശികളുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ഓണ്‍ലൈന്‍ മുഖാന്തിരം ആപ്പ് ഉപയോഗിച്ച് സ്വവര്‍ഗ്ഗ സെക്സിനായി ആളുകളെ വിളിച്ച് വരുത്തി ട്രാപ്പില്‍പ്പെടുത്തി പണവും മറ്റും ബ്ലാക്ക്മെയില്‍ ചെയ്ത് തട്ടിയെടുക്കുന്ന ഏഴംഗ സംഘത്തെയാണ് തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികളില്‍ ഒരാള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയും തുടര്‍ന്ന് പല ആളുകളുമായി ചാറ്റ് ചെയ്യുകയും ശേഷം പണവും സ്ഥലവും പറഞ്ഞുറപ്പിച്ച് സ്ഥലത്തേക്ക് വരാന്‍ പറയുകയും ചെയ്യും. തുടര്‍ന്ന് സ്ഥലത്തെത്തുന്ന ആവശ്യക്കാരനെ പ്രതികളെല്ലാവരും കൂടിച്ചേര്‍ന്ന് നഗ്നനാക്കിയശേഷം ഫോണിലും മറ്റും വീഡിയോ എടുക്കും. പോലീസിനേയും ബന്ധുക്കളേയും അറിയിക്കുമെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് ഇവരുടെ രീതി.
തട്ടിപ്പിന് ഇരയായ രണ്ടു പേര്‍ നല്‍കിയ പരാതിയില്‍ തിരൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രതികളെയും പിടികൂടിയതായി തിരൂര്‍ പൊലീസ് അറിയിച്ചു. തിരൂര്‍ സ്വദേശികളായ കളത്തില്‍പറമ്ബില്‍ ഹുസൈന്‍ (26), പുതിയത്ത് മുഹമ്മദ് സാദിഖ് (20), കോഴിപറമ്ബില്‍ മുഹമ്മദ് റിഷാല്‍(18) എന്നിവരെ തിരൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
കേസില്‍ ഉള്‍പ്പെട്ട മറ്റ് നാലു പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. അന്വേഷണത്തില്‍ പ്രതികള്‍ ഇതുപോലെ കുറേ ആളുകളെ ബ്ലാക്ക്മെയില്‍ ചെയ്തതായി വിവരം ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതായും പോലീസ് അറിയിച്ചു. തിരൂര്‍ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ജീജോ. എം. ജെ , എസ്. ഐ അബ്ദുള്‍ ജലീല്‍ കറുത്തേടത്ത് സിവില്‍ പോലീസ് ഓഫീസര്‍മാരായ ഉണ്ണിക്കുട്ടന്‍, ഷിജിത്ത്, അക്ബര്‍, രഞ്ജിത്ത്, അനിഷ് ദാമോദര്‍ എന്നിവരുള്‍പ്പട്ട അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.