കെ. സുധാകരനെ കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് മാറ്റാന്‍ ഹൈക്കമാന്‍ഡില്‍ ശക്തമായ സമ്മര്‍ദം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നിരവധി എം.പിമാരും ഡല്‍ഹി യാത്രയില്‍ അടിയന്തര ആവശ്യമെന്ന നിലക്ക് വിഷയം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മുന്നില്‍ കൊണ്ടുവന്നതിനെത്തുടര്‍ന്ന ചര്‍ച്ചകളില്‍ സുധാകരനെ മാറ്റണമെന്നാണ് ‘തത്ത്വത്തില്‍’ തീരുമാനം. എന്നാൽ ഇതു നടപ്പാക്കേണ്ട രീതിയും സമയവും തീരുമാനിച്ചിട്ടില്ല.

മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ലോക്സഭ ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് അടക്കം ശീതകാല പാര്‍ലമെന്‍റ് സമ്മേളനത്തിനെത്തിയ സമാന ചിന്താഗതിക്കാരായ എം.പിമാര്‍ എന്നിവരുടെ ശ്രമങ്ങള്‍ക്ക് കഴിഞ്ഞു. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ സംസ്ഥാനത്തെ കാര്യമെന്ന നിലക്കുമാത്രമാണ് ഈ വിഷയത്തെ കാണുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അനാരോഗ്യമാണ് പ്രധാന വിഷയമായി ഉയര്‍ന്നിരിക്കുന്നത്. ഇതുമൂലം അടുത്തകാലത്ത് അദ്ദേഹത്തില്‍ നിന്നുണ്ടായ ചില പ്രസ്താവനകള്‍ പാര്‍ട്ടിയെ പരിക്കേല്‍പിച്ചെന്ന് ചര്‍ച്ചകളില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു. പ്രധാന സഖ്യകക്ഷിയായ മുസ്ലിംലീഗ് സുധാകരന്‍റെ ചില പ്രസ്താവനകളില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അനാരോഗ്യ പ്രശ്നങ്ങള്‍ക്കിടയില്‍ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ലോക്സഭക്ക് പകരം സുധാകരന്‍ രാജ്യസഭയില്‍ കയറിയതും ചര്‍ച്ചയായി.

ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങള്‍ ഉടന്‍ തുടങ്ങേണ്ടതാണെങ്കിലും പാര്‍ട്ടിയെ സജ്ജമാക്കാന്‍ ഒരു താല്‍പര്യവും സുധാകരന്‍ കാണിക്കുന്നില്ലെന്ന പരാതിയും ശക്തം. വലിയ മാറ്റങ്ങളും ഊര്‍ജസ്വലതയും കൊണ്ടുവരുമെന്ന് സ്ഥാനമേറ്റപ്പോള്‍ സുധാകരന്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഒന്നും നടപ്പായില്ല. കെ.പി.സി.സി പുനഃസംഘടന തികഞ്ഞ അനിശ്ചിതത്വത്തിലാണ്. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെ മാറ്റി സുധാകരന്‍-സതീശന്‍ നേതൃത്വത്തെ കൊണ്ടുവന്നപ്പോള്‍ പറഞ്ഞ ഊര്‍ജസ്വലത ചോര്‍ന്നുപോയതായി എ-ഐ ഗ്രൂപ്പുകള്‍ ആരോപിക്കുകയും ചെയ്യുന്നു.

എന്നാല്‍, സ്ഥാനമൊഴിയാന്‍ സുധാകരന്‍ തയാറല്ല. തന്നെ മാറ്റാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും ഏല്‍പിച്ച ദൗത്യം നിര്‍വഹിക്കാന്‍ കഴിയില്ലെന്ന് സ്വയം ബോധ്യപ്പെടാത്തകാലം ആരും കസേരക്ക് പിടിക്കേണ്ട എന്നുമാണ് അദ്ദേഹത്തിന്‍റെ പക്ഷം. എന്നാൽ സുധാകരനെ മാറ്റാതെ മുന്നോട്ടുപോകില്ല എന്ന കടുംപിടുത്തവുമായി മറുവശവും നിൽക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക