കണ്ണൂർ: 2014 ൽ ആണ് അരോളിയിൽ ഇ.പി.ജയരാജന്റെ വീടിനു തൊട്ടുചേർന്നുള്ള കടമുറിക്കെട്ടിടത്തിന്റെ വിലാസത്തിൽ കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കമ്പനി റജിസ്റ്റർ ചെയ്തത്. ഇതിനു കീഴിലാണ് മൊറാഴയിൽ നിർമിച്ച ‘വൈദേകം’ എന്ന റിസോർട്ട്. സ്ഥാപനത്തിൽ ഇപിക്കു രേഖാമൂലം പങ്കില്ല. ഭാര്യ പി.കെ.ഇന്ദിരയും മകൻ പി.കെ.ജയ്സണും ഉൾപ്പെടെ 11 പേർ അടങ്ങിയ ബോർഡ് ഓഫ് ഡയറക്ടേഴ്സാണ് 11 ഏക്കറിൽ സ്ഥാപനം നടത്തുന്നത്.

ഇ.പി.ജയരാജന്റെ മകൻ ജയ്സൺ ആണു കമ്പനിയിൽ ഏറ്റവുമധികം (2500) ഓഹരിയുള്ള ഡയറക്ടർ. സിപിഎമ്മിന്റ പല സ്ഥാപനങ്ങളും ചില ഉന്നത നേതാക്കളുടെ വീടുകളും നിർമിച്ചു നൽകിയ കെട്ടിട നിർമാണക്കരാറുകാരനാണു മറ്റൊരു ഡയറക്ടർ. 3 കോടി രൂപയുടെ പ്രവർത്തന മൂലധനത്തോടെ തുടങ്ങിയ സ്ഥാപനത്തിന് 10 കോടി രൂപ വരെ ഓഹരി സ്വീകരിക്കാൻ കഴിയും. ഇതിനകം 6.65 കോടി രൂപ സമാഹരിച്ചതായാണ് രേഖകളിൽ കാണുന്നത്. മന്ത്രിയായിരിക്കെ 2021 ഏപ്രിൽ 28ന് ആണ് ഇ.പി.ജയരാജൻ റിസോർട്ട് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം കഴിഞ്ഞെങ്കിലും പൂർണ തോതിൽ പ്രവർത്തിച്ചു തുടങ്ങിയിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സിപിഎമ്മിനെ ഉലയ്ക്കുന്ന കൊടുങ്കാറ്റ്

സംസ്ഥാന സിപിഎമ്മിലെ ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളാണ് ഇ പി ജയരാജൻ. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കെതിരെ ഉയർന്നിരിക്കുന്നത് കോടികളുടെ അനധികൃത സ്വത്ത് ആരോപണമാണ്. ആരോപണം ഉയർത്തിയിരിക്കുന്നത് പി ജയരാജൻ ആണ്. കണ്ണൂരിലെ അണികൾക്കിടയിൽ ഏറെ സ്വീകാര്യതയുള്ള, പിണറായി ഉൾപ്പെടെയുള്ള നേതാക്കളുടെ അതൃപ്തി കൊണ്ട് പാർട്ടിയിൽ സമീപകാലത്തായി ഒതുക്കപ്പെട്ടിരിക്കുന്ന പി ജയരാജൻ.

ആരോപണം ഉയർത്തിയിരിക്കുന്ന പി ജയരാജന്റെ അഴിമതി രഹിത പശ്ചാത്തലമാണ് പാർട്ടിയെ ഏറെ വെട്ടിലാക്കുന്നത്. എംപി ഗോവിന്ദൻ ഈ ആരോപണങ്ങളെ തള്ളിക്കളഞ്ഞില്ല എന്ന് മാത്രമല്ല രേഖാമൂലം പരാതി നൽകുവാൻ പി ജയരാജൻൺനോട് ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു. അതുകൊണ്ടുതന്നെ വരും ദിവസങ്ങളിൽ സിപിഎമ്മിനുള്ളിൽ ഇതുകൊണ്ട് ഉണ്ടാകുന്ന പൊട്ടിത്തെറിയുടെ ആഘാതം എത്രമാത്രം ഉണ്ടാകുമെന്ന് വിലയിരുത്താൻ പോലും സാധ്യമല്ല.

നേതാക്കളുടെ മക്കളുടെ അഴിമതി സിപിഎമ്മിനെ ജീർണിപ്പിക്കുന്നുവോ?

മുഖ്യമന്ത്രി പിണറായിയുടെ മകൾ വീണാ വിജയൻ, അന്തരിച്ച പ്രമുഖ നേതാവ് കൊടിയേരിയുടെ മക്കളായ ബിനോയ്, ബിനീഷ് കൊടിയേരിമാർ, ഇ പി ജയരാജന്റെ മകൻ ജയ്സൺ എന്നിങ്ങനെ പ്രമുഖൻ നേതാക്കളുടെ മക്കൾക്കെതിരെ ഉയരുന്നത് കോടിക്കണക്കിന് രൂപയുടെ അഴിമതി ആരോപണങ്ങളാണ്. സംസ്ഥാന ഭരണത്തിന്റെ തണലിൽ നേതാക്കളുടെ മക്കൾ കോടീശ്വരന്മാരാകുമ്പോൾ കേരളമെന്ന സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുകയാണ്. അതുകൊണ്ടുതന്നെ പൊതുസമൂഹത്തിൽ പാർട്ടിക്ക് ഉണ്ടായിരിക്കുന്ന അവമതിപ്പ് ചില്ലറയല്ല. സംസ്ഥാന സമിതി അംഗമാണ് അഴിമതി ആരോപണം ഉയർത്തിയിരിക്കുന്നത് എന്നതുകൊണ്ട് തന്നെ ഇപിയെ മാത്രമല്ല ഇത് ബാധിക്കുക എല്ലാ നേതാക്കളുടെയും മക്കൾ നടത്തിയ അഴിമതിയെക്കുറിച്ച് അന്വേഷണം നടത്താൻ പാർട്ടി നിർബന്ധിതമാകും. അവസരം മുതലാക്കി കേന്ദ്ര ഏജൻസികളും രംഗത്ത് വന്നു കൂടായ്കയില്ല. അങ്ങനെയൊക്കെ സംഭവിച്ചാൽ ഒരുപക്ഷേ സിപിഎമ്മിനെ തലമുറ മാറ്റം ഉണ്ടാവുക മുതിർന്ന നേതാക്കളുടെ മക്കൾ നടത്തിയ അഴിമതിയുടെ പേരിൽ ആവാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക