ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായി അധിക്ഷേപിച്ച പാകിസ്താന്‍ വിദേശകാര്യ വകുപ്പ് മന്ത്രി ബിലാവല്‍ ഭൂട്ടോയ്‌ക്കെതിരെ ശക്തമായ പ്രതികരണവുമായി കോണ്‍ഗ്രസ് എം പി ശശി തരൂര്‍. അന്താരാഷ്‌ട്ര വിഷയങ്ങളില്‍ രാജ്യം ഒരുമിച്ച്‌ നില്‍ക്കണം. രാജ്യത്തിന്റെ ആത്മാഭിമാനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വരുമ്ബോള്‍, ഇന്ത്യ എന്താണെന്ന് ശത്രുക്കള്‍ മനസ്സിലാക്കിയിരിക്കുന്നത് നല്ലതായിരിക്കുമെന്നും ശശി തരൂര്‍ പറഞ്ഞു.

പ്രധാനമന്ത്രിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങളെ അപലപിച്ച കോണ്‍ഗ്രസ് നേതാവും ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുമായ ഭൂപേഷ് ഭഗേലിന്റെ പ്രതികരണവും ശശി തരൂര്‍ പങ്കുവെച്ചിട്ടുണ്ട്. രാഷ്‌ട്രീയപരമായി നമ്മള്‍ വ്യത്യസ്ത ആശയങ്ങള്‍ ഉള്ളവരായിരിക്കാം. എന്നാല്‍ ഇന്ത്യ നമ്മുടെ രാജ്യവും മോദി നമ്മുടെ പ്രധാനമന്ത്രിയുമാണ് എന്ന കാര്യം നമ്മള്‍ മറക്കരുതെന്നായിരുന്നു ഭൂപേഷ് ഭഗേലിന്റെ പ്രതികരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഭീകരവാദവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഐക്യരാഷ്‌ട്ര സഭയില്‍ ഇന്ത്യയില്‍ നിന്നും ശക്തമായ പ്രതിഷേധം ഏറ്റുവാങ്ങിയ ശേഷമായിരുന്നു ബിലാവല്‍ ഭൂട്ടോ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയത്. ബിലാവല്‍ കശ്മീര്‍ വിഷയം ഐക്യരാഷ്‌ട്ര സഭയില്‍ ഉന്നയിച്ചപ്പോള്‍, വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയ്ശങ്കര്‍ ശക്തമായ മറുപടി നല്‍കി. ലാദന് അഭയം നല്‍കിയവര്‍ക്ക് അന്താരാഷ്‌ട്ര വേദിയില്‍ വേദമോതാന്‍ അവകാശമില്ലെന്നായിരുന്നു ജയ്ശങ്കറുടെ മറുപടി.

ഇന്ത്യ ഭീകരത പ്രോത്സാഹിപ്പിക്കുന്നു എന്ന പാക് വിദേശകാര്യ സഹമന്ത്രി ഹിന റബ്ബാനിയുടെ ആരോപണത്തിനും ജയ്ശങ്കര്‍ കൃത്യമായി മറുപടി നല്‍കി. ഭീകരതയുടെ ജനിതകം പേറുന്നത് ആരാണെന്ന് ലോകത്തിന് അറിയാമെന്നായിരുന്നു ജയ്ശങ്കര്‍ നല്‍കിയ മറുപടി. അന്താരാഷ്‌ട്ര വേദിയില്‍ ഇന്ത്യയില്‍ നിന്നും കനത്ത തിരിച്ചടി ഏറ്റതോടെയാണ് ബിലാവല്‍ ഭൂട്ടോ പ്രധാനമന്ത്രിയെയും ആര്‍ എസ് എസിനെയും അധിക്ഷേപിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആര്‍ എസ് എസും ഹിറ്റ്ലറില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുന്നു എന്നായിരുന്നു ഭൂട്ടോയുടെ പരാമര്‍ശം. പ്രധാനമന്ത്രിയെ കശാപ്പുകാരന്‍ എന്നും ഭൂട്ടോ വിശേഷിപ്പിച്ചിരുന്നു. ശശി തരൂര്‍, ഭൂപേഷ് ഭഗേല്‍, സഞ്ജയ് നിരുപം തുടങ്ങി നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് പാകിസ്താനെ അപലപിച്ചും പ്രധാനമന്ത്രിയെ പിന്തുണച്ചും രംഗത്ത് വന്നത്. ബിലാവല്‍ ഭൂട്ടോയ്‌ക്കെതിരെ ബിജെപി രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക