തുടര്‍ച്ചയായ റയ്ഡുകളിലൂടെ കേന്ദ്ര ഏജന്‍സികള്‍ തേടുന്നത് മലയാള സിനിമയിലെ വമ്ബന്മാരുടെ ദുബായിലെ ബിസിനസ് സാമ്രാജ്യങ്ങളുടെ വിവരങ്ങളാണ്. വമ്ബന്മാര്‍ പലരും റിവേഴ്സ് ഹവാല രീതിയില്‍ കോടികള്‍ ദുബായിലെത്തിച്ച്‌ അവിടെ ബിസിനസില്‍ മുടക്കുന്നതായാണ് കേന്ദ്ര ഏജന്‍സികള്‍ക്കുള്ള വിവരം. ഇതിന്റെ രേഖകളാണ് അവ‌ര്‍ തേടുന്നത്.

3 സംസ്ഥാനങ്ങളില്‍ 50 സ്ഥലങ്ങളിലെ റെയ്ഡില്‍ നിര്‍ണായക വിവരങ്ങള്‍ കിട്ടിയെന്നാണ് സൂചന. വിദേശത്തു നിന്ന് പണം അനധികൃത മാര്‍ഗങ്ങളിലൂടെ നാട്ടിലെത്തിക്കുന്നതാണ് ഹവാല. റിവേഴ്സ് ഹവാലയില്‍ പണത്തിന്റെ തിരിച്ചുപോക്കാണ്. നാട്ടില്‍ ക്രമവിരുദ്ധമായി സമ്ബാദിക്കുന്ന പണം വിദേശത്തെത്തിക്കും. നികുതിക്കുരുക്കില്‍ നിന്ന് രക്ഷപെടാനും ഇത് സഹായിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നടനും നിര്‍മാതാവുമായ പൃഥ്വിരാജ്, ആന്റണി പെരുമ്ബാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍, ബാദുഷ, സുബൈര്‍ എന്നിവരാണ് റെയ്ഡില്‍ ഉള്‍പ്പെട്ടത്. ഇതില്‍ പൃഥ്വിരാജ് ആദായ നികുതി വകുപ്പിന്റെ അഭിനന്ദനം കിട്ടിയ നടനാണ്. മോഹന്‍ലാലും കൃത്യമായി ആദായ നികുതി അടയ്ക്കുന്നതിന് അംഗീകാരം കിട്ടിയ നടനാണ്.

പൃഥ്വിരാജിന്റെ വീട്ടിനൊപ്പം മോഹന്‍ലാലിന്റെ വിശ്വസ്തനും വലംകൈയുമായ ആന്റണി പെരുമ്ബാവൂരിന്റെ വീട്ടിലും റെയ്ഡ് നടന്നു. ആദായ നികുതി വകുപ്പിന്റെ കേരള, തമിഴ്‌നാട് ടീമുകളാണ് പരിശോധന നടത്തിയത്. ആന്റണി പെരുമ്ബാവൂരിന്റെ പെരുമ്ബാവൂര്‍ പട്ടാലിലെ വീട്ടിലാണ് പരിശോധന നടത്തിയത്. പരിശോധന നടക്കുമ്ബോള്‍ ആന്റണി പെരുമ്ബാവൂര്‍ വീട്ടിലുണ്ടായിരുന്നതായാണ് വിവരം, ആറ് ടാക്സി കാറുകളിലായാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. റെയ്ഡ് വിവരം ലോക്കല്‍ പൊലീസിനെ അറിയിച്ചിരുന്നില്ല. പരിശോധന സംബന്ധിച്ച്‌ പ്രതികരിക്കാനും ഉദ്യോഗസ്ഥര്‍ തയ്യാറായില്ല, ഗേറ്റ് അടച്ചുപൂട്ടി പുറത്ത് നിന്നുളവര്‍ക്ക് പ്രവേശനം വിലക്കിയായിരുന്നു റെയ്ഡ്.

ലിസ്റ്റിന്‍ സ്റ്റീഫന്‍, ആന്റോ ജോസഫ്, പൃഥ്വിരാജ് എന്നിവരുടെ വീടുകളില്‍ റെയ്ഡ് തുടരുകയാണ്. ഇന്നലെ ആന്റോ ജോസഫ് ദുബായിലായിരുന്നു. ആന്റോയെ പരിശോധകര്‍ കൊച്ചിയിലേക്ക് വിളിച്ചു വരുത്തി. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ്, വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ്, ആന്റണി പെരുമ്ബാവൂരിന്റെ ആശിര്‍വാദ് ഫിലിംസ്, ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്, ആന്റോ ജോസഫ് ഫിലിം കമ്ബനി എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്.

ഡിജിറ്റല്‍ രേഖകളും, പണമിടപാട് രേഖകളും മറ്റും സംഘം പരിശോധിക്കുകയും പിടിച്ചെടുത്തിട്ടുണ്ട്. ഇതെല്ലാം വിശദ പരിശോധനയ്ക്ക് വിധേയമാക്കും. ഹവാലാ ഇടപാട് തെളിഞ്ഞാല്‍ അന്വേഷണം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക