കര്‍ണാടകയില്‍ മന്ത്രിസഭ വികസനത്തിന്റെ ഭാഗമായി ഇന്നലെ 24 പേ‌ര്‍കൂടി സത്യപ്രതിജ്ഞ ചെയ്തതോടെ മന്ത്രിമാരുടെ എണ്ണം 34ആയി. ഏറെ ചര്‍ച്ചകള്‍ക്ക് ശേഷം മന്ത്രിമാരുടെ വകുപ്പുകളും തീരുമാനമായി. നിയമസഭ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം കൈവരിച്ചതിന്റെ ക്രെഡിറ്റ് അവകാശപ്പെട്ട പി.സി.സി. പ്രസിഡന്റ് ഡി.കെ.ശിവകുമാറിനെ മറികടന്ന് മുഖ്യമന്ത്രി സ്ഥാനം നേടിയെടുത്തതിനു പിന്നാലെ വകുപ്പു വിഭജനത്തിലും മേല്‍കൈ സിദ്ധരാമയ്യക്കാണ്.

ധനകാര്യ വകുപ്പിന്റെ ചുമതലയും പൊലീസിലെ നിര്‍ണായകമായ ഇന്റലിജൻസും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്ന പേഴ്സണല്‍ വകുപ്പും ഉള്‍പ്പെടെ അഞ്ച് പ്രധാനവകുപ്പുകളും സിദ്ധരാമയ്യ കൈകാര്യം ചെയ്യും. ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒതുങ്ങിയ പി.സി.സി അദ്ധ്യക്ഷൻ കൂടിയായ ഡി.കെ.ശിവകുമാറിന് ജലസേചനം, ബംഗളൂരു നഗരവികസനം എന്നീ അപ്രധാന വകുപ്പുകളാണ്. ആഭ്യന്തരവകുപ്പ് ജി.പരമേശ്വരയ്ക്ക് നല്‍കി. വ്യവസായം മുതിര്‍ന്ന നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായിരുന്ന എം.ബി. പാട്ടീലിനാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയും ആവശ്യപ്പെട്ട ജാതി സമവാക്യങ്ങള്‍ കൃത്യം പാലിച്ചാണ് മന്ത്രിസഭ രൂപീകരിച്ചിരിക്കുന്നത്. ലിംഗായത്ത്, വൊക്കലിഗ വിഭാഗങ്ങള്‍ക്ക് തുല്യ പ്രാതിനിധ്യമാണ് മന്ത്രിസഭയില്‍. ഏഴംഗങ്ങള്‍ വീതം ഈ രണ്ട് വിഭാഗങ്ങളില്‍ നിന്നുമുണ്ട്. 12 മുതല്‍ 14 വരെ വൊക്കലിഗ, ലിംഗായത്ത് വിഭാഗക്കാരെ ഉള്‍പ്പെടുത്തണമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും അഹിന്ദു വിഭാഗത്തിന് മുൻതൂക്കം വേണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും ആവശ്യപ്പെട്ടിരുന്നു. ശിവകുമാര്‍ ആവശ്യപ്പെട്ടിട്ടും മലയാളി കൂടിയായ എൻ.എ.ഹാരിസിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയില്ല.

മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കം ആറ് പിന്നാക്ക വിഭാഗക്കാര്‍ മന്ത്രിസഭയിലുണ്ട്. ദളിത് വിഭാഗത്തില്‍ നിന്ന് ആറ് പേരും എസ്.ടി വിഭാഗത്തില്‍ നിന്ന് മൂന്ന് പേര്‍ വീതവുമുണ്ട്. മുസ്‌ലിം വിഭാഗത്തില്‍ നിന്ന് രണ്ട് പേരാണ് മന്ത്രിസഭയിലുള്ളത്. കൂടാതെ സ്പീക്കര്‍ പദവിയും മുസ്‌ലിം വിഭാഗത്തിനാണ്. അങ്ങനെ അഹിന്ദു മത, സമുദായങ്ങളില്‍ നിന്ന് 17 പേരാണ് മന്ത്രിസഭയില്‍. ബ്രാഹ്മണ, ജെയിൻ, ക്രിസ്ത്യൻ വിഭാഗങ്ങളില്‍ നിന്ന് ഓരോരുത്തരും മന്ത്രിസഭയിലുണ്ട്. മലയാളിയായ യു.ടി. ഖാദറാണ് നിയമസഭ സ്പീക്ക‌ര്‍.

മറ്റു മന്ത്രിമാരും വകുപ്പുകളും: റവന്യു – കൃഷ്ണ ബൈര ഗൗഡ, പൊതുമരാമത്ത് – സതീഷ് ജാര്‍ക്കിഹോളി, ഊര്‍ജം – കെ.ജെ. ജോര്‍ജ് (മലയാളി), ആരോഗ്യം, കുടുംബക്ഷേമം – ദിനേശ് ഗുണ്ടുറാവു, മെഡിക്കല്‍ വിദ്യാഭ്യാസം – ഡോ. എം.സി. സുധാകര്‍ സന്തോഷ്, ഭക്ഷ്യം – കെ.എച്ച്‌. മുനിയപ്പ, വിദ്യാഭ്യാസം – മധു ബംഗാരപ്പ, ന്യൂനപക്ഷം – സമീര്‍ അഹമ്മദ് ഖാൻ, വനിത ശിശുക്ഷേമം – ലക്ഷ്മി ഹെബ്ബാള്‍ക്കര്‍ (ഏക വനിതാമന്ത്രി), മൈനിങ് & ജിയോളജി – എസ്.എസ്. മല്ലികാര്‍ജുൻ, ഗതാഗതം – രാമലിംഗ റഡ്ഡി, ഗ്രാമവികസനം – പ്രിയങ്ക ഗാര്‍ഖെ, തൊഴിൽ. ടൂറിസം – എൻ.എസ്. ബസ് രാജു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക