ഇത്തവണ ലോകകപ്പ് ഖത്തറിലായത് കൊണ്ട് ലോട്ടറിയടിച്ചത് മലയാളികളായ ഫുട്ബോള്‍ പ്രേമികള്‍ക്കാണ്. മെസിയും നെയ്മറും റൊണാള്‍ഡോയും എംബാപ്പെയും അടക്കമുളള പ്രിയ താരങ്ങള്‍ കണ്‍മുന്നില്‍ പന്ത് തട്ടുന്നത് കാണുകയെന്ന അവിശ്വസനീയമായ സ്വപ്നം പലര്‍ക്കും യാഥാര്‍ത്ഥ്യമായി. മലപ്പുറംകാരനായ സമീറിന് ലഭിച്ചിരിക്കുന്ന ഭാഗ്യം അതുക്കും മേലെയാണ്. ഖത്തറില്‍ ഇതിഹാസത്തെ തൊട്ടടുത്തിരുത്തി വണ്ടിയോടിക്കാനുളള അപൂര്‍വ്വ ഭാഗ്യം.

സമീറിന് ഇപ്പോഴും സംഭവിച്ചത് വിശ്വസിക്കാനായിട്ടില്ല. മലപ്പുറം ജില്ലയിലെ പൊന്നാനി മാറഞ്ചേരി സ്വദേശിയാണ് സമീര്‍ സിദ്ധിഖ്. ഖത്തറില്‍ ക്രിസ്റ്റ്യാനോയുടേയും കുടുംബത്തിന്റെയും ഡ്രൈവറാണ് ഇദ്ദേഹം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും കുടുംബത്തിനും ലോകകപ്പിനിടെ ഖത്തറില്‍ താമസിക്കാനുളള വീടും വാഹനവും കൊടുത്തത് തന്റെ ബോസ്സ് ആയിരുന്നുവെന്ന് സമീര്‍ പറയുന്നു. അങ്ങനെയാണ് ക്രിസ്റ്റ്യാനോയുടേയും കുടുംബത്തിന്റെയും ഡ്രൈവറാകാനുളള ഭാഗ്യം തനിക്ക് ലഭിച്ചത്. തനിക്കൊപ്പം കൊല്ലം സ്വദേശിയായ സുമന്‍ എന്ന സുഹൃത്ത് കൂടി ഡ്രൈവറായിട്ടുണ്ടായിരുന്നുവെന്ന് സമീര്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പലര്‍ക്കും പല ഭാഗ്യങ്ങള്‍ ആണല്ലോ, തന്റെ ജീവിതത്തില്‍ കിട്ടിയ വലിയൊരു ഭാഗ്യമായി ഇതിനെ കാണുന്നുവെന്ന് സമീര്‍ പറഞ്ഞു. ”വീടും കാറുകളും മൊത്തമായി ലീസിന് കൊടുത്തപ്പോള്‍ ഡ്രൈവറായി നില്‍ക്കാന്‍ പറ്റുമോ എന്ന് തങ്ങളോട് ചോദിച്ചു. വളരെ അത്ഭുതപ്പെട്ട് പോയി. ക്രിസ്റ്റിയാനോയുടെ കുടുംബമാണ് വരുന്നത് എന്ന് ആദ്യം പറഞ്ഞിരുന്നു. തങ്ങളെ പറ്റിക്കാന്‍ വേണ്ടി പറയുന്നതാകും എന്നാണ് ആദ്യം കരുതിയത്. പക്ഷേ കേട്ടപ്പോള്‍ തന്നെ പോകാനുളള ആഗ്രഹമുണ്ടായിരുന്നു”.

”ക്രിസ്റ്റിയാനോയുടെ കുടുംബം ഖത്തറില്‍ എത്തിയപ്പോള്‍ വിമാനത്താവളത്തില്‍ ചെന്ന് കൂട്ടിക്കൊണ്ട് വന്നു. പതിനൊന്ന് ദിവസം അവര്‍ക്കൊപ്പമുണ്ടായിരുന്നു. ക്രിസ്റ്റ്യാനോ ക്യാമ്ബിലായിരുന്നു താമസിച്ചിരുന്നത്. കളി കഴിഞ്ഞ് മൂന്ന് ദിവസം അദ്ദേഹം വീട്ടില്‍ വന്നിട്ടുണ്ടായിരുന്നു. ആ മൂന്ന് ദിവസവും അദ്ദേഹത്തെ വീട്ടില്‍ കൊണ്ട് വിട്ടിരുന്നു. വരുമ്ബോള്‍ തങ്ങളോട് ഹായ് പറയും. വീട്ടിലേക്ക് കയറി പോകുമ്ബോള്‍ ഗുഡ് നൈറ്റ് പറയും. അവസാന ദിവസമാണ് വിശദമായി കിട്ടിയത്. അല്ലെങ്കില്‍ വീട്ടിനുളളില്‍ കുടുംബത്തിനൊപ്പം സന്തോഷമായിരിക്കുകയാണ് ചെയ്യാറുളളത്”.

”മത്സരം തോറ്റ് പോര്‍ച്ചുഗല്‍ പുറത്തായ ദിവസം അദ്ദേഹം വീട്ടിലേക്ക് വരുമ്ബോള്‍ വളരെ ദുഖിതനായിരുന്നു. വീട്ടിലെത്തി കുഞ്ഞുങ്ങള്‍ക്കൊപ്പമുളളപ്പോള്‍ സന്തോഷത്തിലായി. പിന്നീട് തിരിച്ച്‌ പോകുമ്ബോഴും സാഡ് മൂഡിലായിരുന്നു. അവസാന ദിവസം പുറത്തേക്കൊന്നും പോയില്ല. 12 മണിക്കായിരുന്നു ഫ്‌ളൈറ്റ്. എയര്‍പോര്‍ട്ടിലേക്ക് കൊണ്ട് വിട്ടത് സുമന്‍ ആയിരുന്നു. തങ്ങളും ഉണ്ടായിരുന്നു. കുട്ടികളൊക്കെ തങ്ങളുടെ വണ്ടിയിലാണ് കയറിയത്”.

”റൊണാള്‍ഡോയുടെ ഭാര്യ ജോര്‍ജിന നല്ല സ്വഭാവമാണ്. തങ്ങളോടൊക്കെ നല്ല രീതിയിലാണ് ഇടപെട്ടിരുന്നത്. കുഞ്ഞുങ്ങളും അത് പോലെ തന്നെ. വീടിന്റെ പിറകില്‍ ബീച്ചാണ്. കുട്ടികള്‍ എപ്പോഴും ബീച്ചിലാണ് കളിക്കാറുളളത്. ക്രിസ്റ്റിയാനോയെ ഇത്രയും അടുത്ത് കിട്ടിയത് സ്വപ്‌നം പോലെയാണ്. വണ്ടി ഓടിക്കുമ്ബോള്‍ തിരിഞ്ഞ് നോക്കാനൊക്കെ തോന്നും. അധികം സംസാരിക്കുകയൊന്നും ഇല്ല. എന്നാലും നേരിട്ട് കാണുന്നത് ഭയങ്കര സന്തോഷമായിരുന്നു”.

”പോകുന്നതിന് മുന്‍പായിട്ടാണ് ഫോട്ടോ എടുക്കാനൊക്കെ അവസരം ലഭിച്ചത്. പ്രോട്ടോക്കോളുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയിലോ സുഹൃത്തുക്കളോടോ ഒന്നും പറയരുത് എന്ന്. ഉറ്റ സുഹൃത്തുക്കളോട് പോലും പറഞ്ഞിട്ടുണ്ടായിരുന്നില്ല ഇക്കാര്യം. നാട്ടില്‍ ക്രിസ്റ്റ്യാനോയുടെ അത്ര വലിയ ഫാന്‍ ആയിട്ടുളളവര്‍ കളി കാണാന്‍ വന്നിട്ടുണ്ടായിരുന്നു. പക്ഷേ അവരോട് പോലും പറയാന്‍ പറ്റിയില്ല”.

”അവസാനമാണ് അദ്ദേഹത്തെ ഒന്ന് കണ്ട് സംസാരിക്കാന്‍ സാധിച്ചത്. ഓര്‍മ്മയ്ക്ക് വേണ്ടി എന്തെങ്കിലുമൊന്ന് ഒപ്പിട്ട് തരുമോ എന്ന് ചോദിച്ചു. തീര്‍ച്ചയായും, കൊണ്ട് വരൂ എന്ന് പറഞ്ഞു. അങ്ങനെ ജേഴ്‌സിയില്‍ ഒപ്പിട്ട് തന്നു. സുമനും കിട്ടി. സുഹൃത്തുക്കളൊക്കെ ചോദിക്കുന്നുണ്ട്. കാണാനെങ്കിലും താ എന്ന്. പലരും മോഹ വില പറയുന്നുണ്ട്. പക്ഷേ താന്‍ കൊടുക്കില്ലെന്ന് പറഞ്ഞു. ഇത് വീട്ടില്‍ സൂക്ഷിച്ച്‌ വെക്കും”, സമീര്‍ പറയുന്നു.

Courtsey: Media One

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക