പലരുടെ ഉള്ളിലും സംരംഭ ആശയങ്ങളുണ്ടാകും. സ്വന്തമായി ഉത്പ്പന്നങ്ങള്‍ നിര്‍മിച്ച്‌ വരുമാനം ആഗ്രഹിക്കുന്ന പലര്‍ക്കും മുന്നിലുള്ള പ്രശ്നം എങ്ങനെ സാധനം മാര്‍ക്കറ്റ് ചെയ്യും എന്നതിലാണ്. ഉത്പ്പന്നം ജനങ്ങളിലേക്ക് എത്തിയാല്‍ മാത്രമെ നിലനില്‍പ്പുള്ളൂ എന്നതിനാല്‍ പല വഴികളും സംരംഭകര്‍ പരിഗണിക്കാരുണ്ട്. ജനങ്ങളിലേക്ക് ഉത്പ്പന്ന എത്തിക്കാന്‍ ഏറ്റവും മികച്ച മാര്‍ഗമായി ഇന്നത്തെ കാലത്ത് പരിഗണിക്കുന്നത് ഇ-കോമേഴ്സ് വെബ്സൈറ്റുകളാണ്. ഡിജിറ്റല്‍ കാലത്ത് എറ്റവും എളുപ്പത്തില്‍ മാര്‍ക്കറ്റിഗും വില്പനയും ഇതുവഴി നടക്കും.

ഇത്തരത്തില്‍ ഇ-കോമേഴ്സ് വെബ്സൈറ്റുകള്‍ വഴി വില്പന നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രാജ്യത്തെ മികച്ച ഇ-കോമേഴ്‌സ് വെബ്‌സൈറ്റുകളിലൊന്നായ ഫ്‌ളിപ്കാര്‍ട്ട് പരിഗണിക്കാവുന്നതാണ്. 10 കോടി രജിസ്‌ട്രേഡ് ഉപഭോക്താക്കളും 10 മില്യണ്‍ ഡെയലി പേജ് വിസ്റ്റുമാണ് കമ്ബനി അവകാശപ്പെടുന്നത്. മാസത്തില്‍ 80 ലക്ഷം ഉത്പ്പന്നങ്ങളാണ് 1000 ത്തിലധികം നഗരങ്ങളിലേക്ക് ഫ്‌ളിപ്കാര്‍ട്ടിലൂടെ എത്തിക്കുന്നത്. വലിയ ശ്രംഖല സ്വന്തമായുള്ള ഫ്ളിപ്കാര്‍ട്ടിലൂടെ എങ്ങനെ ഉത്പ്പന്നങ്ങള്‍ വില്പന നടത്താമെന്ന് പരിചയപ്പെടാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫ്ളിപ്കാര്‍ട്ടില്‍ എങ്ങനെ വില്പന നടത്താം

സ്വന്തമായി മികച്ച ഉത്പ്പന്നങ്ങള്‍ നിര്‍മിക്കുന്നവര്‍ക്ക് ഫ്‌ളിപ്കാര്‍ട്ടില്‍ സാധനങ്ങള്‍ വില്പന നടത്താന്‍ സാധിക്കും. വില്പനകാരനാകുന്നതിന് ചില രേഖകള്‍ ആവശ്യമാണ്. ജിഎസ്ടി ഐഡന്റിഫിക്കേഷന്‍ നമ്ബര്‍ (GSTIN) ആണ് ഇതില്‍ പ്രധാനം. ടാക്‌സ് ഐഡന്റിഫിക്കേഷന്‍ നമ്ബറും ആവശ്യമാണ്. വ്യക്തിഗത ബിസിനസ് സംരംഭം നടത്തുന്നവര്‍ക്ക് വ്യക്തിഗത പാന്‍ കാര്‍ഡും കമ്ബനി നടത്തുന്നവര്‍ക്ക് ബിസിനസ് പാന്‍ കാര്‍ഡും ആവശ്യമാണ്. ബാങ്ക് അക്കൗണ്ടും കെവൈസി രേഖകളും അടക്കമുള്ള രേഖഖള്‍ കയ്യിലുള്ളവര്‍ക്ക് ഫ്‌ളിപ്കാര്‍ട്ടില്‍ വില്പനകാരനായി രജിസ്റ്റര്‍ ചെയ്യാം.

രജിസ്റ്റര്‍ ചെയ്യാം

http://seller.flipkart.com എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഉത്പ്പന്നങ്ങളുടെ വിവരങ്ങളും ഇതോടൊപ്പം നല്‍കണം. ആവശ്യമായ എല്ലാ ഡോക്യുമെന്റുകളും പരിശോധിച്ച്‌ വില്പനക്കാരന്റെ പ്രൊഫൈല്‍ പൂര്‍ത്തിയായ ശേഷം ഉത്പ്പന്നങ്ങള്‍ ലിസ്റ്റ് ചെയ്ത് വില്പന ആരംഭിക്കാം. ഓര്‍ഡര്‍ ലഭിക്കുന്ന മുറയ്ക്ക് പാക്ക് ചെയ്ത് റെഡി ടു ഡിസ്പാച്ച്‌ എന്ന് ക്ലിക്ക് ചെയ്താല്‍ ഫ്‌ളിപ്കാര്‍ട്ട് ലോജിസ്റ്റിക്‌സ് പാര്‍ട്ണര്‍മാര്‍ ഉത്പ്പന്നങ്ങള്‍ ശേഖരിക്കും.ഉത്പ്പന്നം ഡിസ്പാച്ച്‌ ചെയ്ത 7-15 ദിവസത്തിനുള്ളില്‍ അക്കൗണ്ടില്‍ പണമെത്തും. വില്പനക്കാരന് ഉത്പപ്ന്നത്തിന്റെ വില തീരുമാനിക്കാനുള്ള പൂര്‍ണ അവകാശമുണ്ട്.

ചാര്‍ജുകള്‍

1500 രൂപയുടെ ഉത്പ്പന്നം വില്പന നടത്തുമ്ബോള്‍ ഈടാക്കുന്ന ചാര്‍ജുകള്‍ ഏകദേശം കണക്കാക്കാം. 10 ശതമാനം കമ്മീഷന്‍ ഈടാക്കേണ്ട ഉത്പന്നമാണെങ്കില്‍ 150 രൂപ ഈ ഇനത്തില്‍ ഈടാക്കും,. 500 ഗ്രാം ഭാരമുള്ള ഉത്പ്പന്നത്തിന് 35 രൂപ ഷിപ്പിംഗ് ചാര്‍ജ് നല്‍കണം. ഓര്‍ഡറിന്റെ 2 ശതമാനം കലക്ഷന്‍ ഫീസും ഈടാക്കും. 40 രൂപയാണ് ഫിക്‌സഡ് ഫീസ്. എല്ലാ ചെലവും ചേര്‍ത്ത് 255 രൂപയാകും.ഇതിന്റെ 18 ശതമാനം ജിഎസ്ടിയായി 45.09 രൂപയും ചേര്‍ത്താല്‍ 300.09 രൂപ കുറച്ച്‌ 1199.91 രൂപ സാധനം വിറ്റയാള്‍ക്ക് ലഭിക്കും. ഈ കമ്മീഷനുകള്‍ കണക്കാക്കി കമ്മീഷന്‍ കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച്‌ ലാഭ വിഹിതം കണക്കാക്കി വേണം ഉത്പ്പന്നത്തിന് വില നിശ്ചയിക്കാന്‍.

ഓര്‍ഡറുകള്‍ നിയന്ത്രിക്കാം

ഓരോ ഓര്‍ഡറുകളും ലഭിക്കുമ്ബോള്‍ വില്പനകാരന് ഇ-മെയില്‍ വഴി അലേര്‍ട്ട് ലഭിക്കും. ഓര്‍ഡര്‍ പാക്ക് ചെയ്യാനും അയക്കാനും സമയ പരിധി നല്‍കും. ഇതിനകം ഓര്‍ഡര്‍ പാക്ക് ചെയ്തവര്‍ക്ക് സെല്ലര്‍ പോര്‍ട്ടിലൂടെ റെഡി ടു ഡിസ്പാച്ച്‌ മെസേജ് കൈമാറാം. ഈ വിവരം ലഭിക്കുന്ന മുറയ്ക്ക് ലോജിസ്റ്റിക്‌സ് സര്‍വീസ് പ്രൊവൈഡര്‍ ഉത്പ്പന്നം സ്വീകരിക്കും. ഇതോടൊപ്പം കാറ്റലോഗ് പാര്‍ട്ണര്‍ വഴി ഉത്പ്പന്നത്തിന്റെ വിവരങ്ങള്‍ അടങ്ങിയ കാറ്റ്ലോഗ് തയ്യാറാക്കുകയും ഉത്പ്പന്നത്തിന് കൂടുതല്‍ വില്പന ലഭിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക