മുഖ്യമന്ത്രി സ്ഥാനത്തിനായി സംസ്ഥാന അധ്യക്ഷ പ്രതിഭാ സിംഗും അവകാശവാദമുന്നയിച്ചതോടെ ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസില്‍ തര്‍ക്കം. സുഖ്വീന്ദര്‍ സിംഗ് സുഖുവിനൊപ്പം മുഖ്യമന്ത്രി പദത്തിനായി പ്രതിഭാ സിംഗും അവകാശവാദമുന്നയിച്ച്‌ രംഗത്തെത്തിയതോടെയാണ് തര്‍ക്കം മുറുകിയത്. സുഖ്വീന്ദര്‍ സിംഗ് സുഖുവിനാണ് കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ.

പ്രതിഭാ സിംഗിന്റെ അനുകൂലികള്‍ നിരീക്ഷകനായ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിന്റെ വാഹനം തടഞ്ഞു. കോണ്‍ഗ്രസ് ആസ്ഥാനത്തിന് മുമ്ബില്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളി തുടരുകയാണ്. മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ അല്‍പ്പസമത്തിനുള്ളില്‍ ഷിംലയില്‍ എംഎല്‍എമാരുടെ യോഗം ചേരും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഹിമാചലില്‍ ആശ്വാസ വിജയത്തിന്റെ ആഹ്ലാദമവസാനിക്കും മുന്‍പേ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പോര് മുറുകിയത് കോണ്‍ഗ്രസിന് വലിയ നാണക്കേടുണ്ടാക്കുന്നതാണ്. കോണ്‍ഗ്രസ് നിരീക്ഷകരായ ഭൂപേഷ് ഭാഗേല്‍, ഭൂപീന്ദര്‍ ഹൂഡ, രാജീവ് ശുക്ല എംപി എന്നിവര്‍ ഷിംലയിലെത്തി സംസ്ഥാന അദ്ധ്യക്ഷ പ്രതിഭാ സിംഗുമായി ചര്‍ച്ച നടത്തി മടങ്ങുമ്ബോഴാണ് സ്വകാര്യ ഹോട്ടലിന് മുന്നില്‍ ഒരുവിഭാഗം പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞത്. പ്രതിഭാ സിംഗിനെ മുഖ്യമന്ത്രിയാക്കണമെന്ന് പ്രവര്‍ത്തകര്‍ മുദ്രാവാക്യവും വിളിച്ചു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുന്‍ പിസിസി അധ്യക്ഷന്‍ സുഖ്വിന്ദര്‍ സിംഗ് സുഖു, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി എന്നിവരുടെ പേരുകള്‍ സജീവ ചര്‍ച്ചയിലേക്ക് വന്നതോടെയാണ് അവകാശവാദവുമായി പ്രതിഭാ സിംഗ് രംഗത്തെത്തിയത്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ ഭാര്യയായ പ്രതിഭ കുടുംബ പശ്ചാത്തലം ചൂണ്ടിക്കാട്ടിയാണ് സമ്മ‌ര്‍ദ്ദം ശക്തമാക്കുന്നത്. വീരഭദ്ര സിംഗിന്റെ പേര് ഉപയോഗിച്ചുള്ള വിജയത്തിന്‍റെ ഫലം മാറ്റാര്‍ക്കെങ്കിലും നല്‍കാനാകില്ലെന്ന് പ്രതിഭ ഇന്ന് തുറന്നടിച്ചു.

മകനും എംഎല്‍എയുമായ വിക്രമാദിത്യ സിംഗിന് കാര്യമായ പദവി കിട്ടാണ് സമ്മര്‍ദ്ദമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. പ്രതിഭയ്ക്ക് മുഖ്യമന്ത്രിസ്ഥാനത്തേക്കെത്താന്‍ എംപിസ്ഥാനം രാജിവയ്ക്കേണ്ടിവരും. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡിന്റെയും പ്രിയങ്ക ഗാന്ധിയുടെയും നിലപാട് നി‌ര്‍ണായകമാണ്. മകന് ഉപമുഖ്യമന്ത്രി സ്ഥാനം നല്കി പ്രതിഭയെ അനുനയിപ്പിക്കാനുള്ള നീക്കത്തിനും സാധ്യതയുണ്ട്. തര്‍ക്കം മുറുകുന്നതിനാല്‍ തീരുമാനം പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന് വിടാനാണ് സാധ്യത.

ഹിമാചലിൽ ലഭിച്ച വിജയം കോൺഗ്രസിന് ഒരു ചെറിയ കച്ചിത്തുരുമ്പ് തന്നെയായിരുന്നു. അത് പാർട്ടിയിലെ തമ്മിലടി മൂലം കോൺഗ്രസ് തന്നെ കളഞ്ഞു കുളിക്കുമോ എന്ന ആകാംക്ഷ ഇന്ത്യയിൽ എമ്പാടുമുള്ള അണികൾക്കിടയിൽ നിലനിൽക്കുന്നു. ഉടനടി അട്ടിമറികൾ ഉണ്ടായില്ലെങ്കിലും ഇപ്പോൾ ഉടലെടുത്തിരിക്കുന്ന തർക്കങ്ങൾ ഹിമാചലിൽ ഭാവിയിൽ തലവേദനകൾ സൃഷ്ടിക്കും എന്നതിൽ സംശയമില്ല. അത്തരത്തിലുള്ള ഏതെങ്കിലും നീക്കങ്ങൾ വഴി കോൺഗ്രസിന് ഹിമാചലിൽ ഭരണനഷ്ടം ഉണ്ടായാൽ അത് അവശേഷിക്കുന്ന വിശ്വാസ്യത കൂടി പാർട്ടിക്ക് ഇല്ലാതാക്കും എന്നും രാഷ്ട്രീയ വൃത്തങ്ങളിൽ വിലയിരുത്തലുകൾ സജീവമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക