തിരുവനന്തപുരം: നിയമസഭയില്‍ സര്‍വകലാശാലാ ഭേദഗതി ബില്ലുകളിന്മേല്‍ തടസ്സവാദങ്ങള്‍ഉന്നയിച്ച പ്രതിപക്ഷവും,മറുപടി നല്‍കിയ മന്ത്രി പി. രാജീവും നേര്‍ക്കുനേര്‍ പോരടിച്ചതോടെ സ്പീക്കര്‍ എ.എന്‍. ഷംസീറിന് സഹികെട്ടു. ക്ഷുഭിതനായ സ്പീക്കര്‍, “ഞാനെന്താ ഇവിടെ കളി കാണാനിരിക്കുകയാണോ, എങ്കില്‍ നിങ്ങള്‍ തമ്മിലായിക്കോ, ഞാനിറങ്ങിപ്പോകാം” എന്ന് പറഞ്ഞു. ചെയറിനെ നോക്കി സംസാരിക്കാന്‍ അംഗങ്ങളോട് അദ്ദേഹം ആവര്‍ത്തിച്ചു.

പിന്നീട് പ്രതിപക്ഷത്തിന്റെ തടസ്സവാദങ്ങള്‍ തള്ളി റൂളിംഗ് നല്‍കുന്നതിനിടെ, സഭയിലെ എല്ലാ അംഗങ്ങളും പരമാവധി ചെയറിനെ നോക്കി സംസാരിക്കാന്‍ ശ്രമിക്കണമെന്ന് സ്പീക്കര്‍ വീണ്ടും നിര്‍ദ്ദേശിച്ചു. താന്‍ അംഗമായിരിക്കെ പ്രതിപക്ഷത്ത് നിന്ന് പ്രകോപനമുണ്ടായിട്ടും ചെയറിനെ നോക്കി സംസാരിക്കാനാണ് പരമാവധി ശ്രമിച്ചിട്ടുള്ളതെന്നും പറഞ്ഞു. സഭാചട്ടത്തില്‍ ചെയറിനെ അഭിസംബോധന ചെയ്യണമെന്നേ പറഞ്ഞിട്ടുള്ളൂവെന്നും, ചെയറിനെ നോക്കി സംസാരിക്കാന്‍ പറയുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തടസ്സവാദമുന്നയിച്ചുള്ള പ്രസംഗം നീണ്ടപ്പോള്‍, തടസ്സവാദത്തിനിടെ ബില്ലിന്റെ മെറിറ്റിലേക്ക് കടക്കുന്നത് ശരിയാവില്ലെന്ന് മുന്‍ സ്പീക്കര്‍ കൂടിയായ മന്ത്രി എം.ബി. രാജേഷ് പറഞ്ഞത് സതീശന് രുചിച്ചില്ല. സ്പീക്കര്‍ പറയുന്നത് അനുസരിക്കാം, പക്ഷേ ആ കസേരയില്‍ നിന്ന് താഴേക്കിറങ്ങിപ്പോയ ശേഷം തന്നെ നിയന്ത്രിക്കാന്‍ വന്നാല്‍ അംഗീകരിക്കില്ലെന്ന് സതീശന്‍ പറഞ്ഞു. ഇതില്‍ പ്രകോപിതരായ ഭരണപക്ഷം എഴുന്നേറ്റതോടെ അല്പനേരം ബഹളമായി. ചര്‍ച്ചയ്ക്ക് മറുപടി പറയവേ, മന്ത്രിമാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇടപെടാനധികാരമുണ്ടെന്ന കാര്യം മന്ത്രി ഓര്‍മ്മിപ്പിച്ചു. പ്രതിപക്ഷ നേതാവിന്റേത് അങ്ങനെ പ്രത്യേക പദവിയല്ലെന്നും , ജനാധിപത്യപരമായ കീഴ്വഴക്കത്തിന്റെ ഭാഗമായി അനുവദിച്ച്‌ പോരുന്നതാണെന്നും ചൂണ്ടിക്കാട്ടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക