ഗണപതി മിത്തല്ല ഞങ്ങളുടെ സ്വത്താണ് എന്ന ബാനറുകള്‍ ഉയര്‍ത്തിയാണ് നാമജപ ഘോഷയാത്ര

തിരുവനന്തപുരം: നിയമസഭ സ്‌പീക്കര്‍ എ.എൻ ഷംസീറിന്‍റെ ഗണപതി പരാമര്‍ശത്തിനെതിരെ എൻഎസ്‌എസിന്‍റെ നേതൃത്വത്തില്‍ നടത്തുന്ന നാമജപ ഘോഷയാത്ര തലസ്ഥാനത്ത് ആരംഭിച്ചു. പാളയം മുതല്‍ പഴവങ്ങാടി ഗണപതി ക്ഷേത്രം വരെയാണ് നാമജപ ഘോഷയാത്ര നടക്കുന്നത്. പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ നിന്നും കൊണ്ടുവന്ന ദീപം, പാളയത്ത് പ്രത്യേകം സജ്ജീകരിച്ച വാഹനത്തില്‍ പ്രതിഷ്‌ഠിച്ച ഗണപതി വിഗ്രഹത്തിന് മുന്നിലെ നിലവിളക്കില്‍ കൊളുത്തിയ ശേഷമാണ് നാമജപ ഘോഷയാത്ര ആരംഭിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തങ്ങള്‍ ആരാധിക്കുന്ന ഗണപതി മിത്തല്ല ഞങ്ങളുടെ സ്വത്താണ് എന്ന ബാനറുകള്‍ ഉയര്‍ത്തിയാണ് നാമജപ ഘോഷയാത്ര. നൂറുകണക്കിന് എൻഎസ്‌എസ് പ്രവര്‍ത്തകരാണ് നാമജപ ഘോഷയാത്രയില്‍ അണിനിരക്കുന്നത്. ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ നടത്തിയ പ്രതിഷേധത്തിന്‍റെ മാതൃകയിലാണ് നാമജപ ഘോഷയാത്ര നടത്തുന്നത്.

ബുധനാഴ്‌ച (02.08.2023) വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കുമെന്ന് എൻഎസ്‌എസ് നേരത്തെ അറിയിച്ചിരുന്നു. കൂടാതെ വിശ്വാസ സംരക്ഷണ ദിനത്തിന്‍റെ ഭാഗമായി എന്‍എസ്‌എസ് പ്രവര്‍ത്തകര്‍ ബുധനാഴ്‌ച രാവിലെ ഗണപതി ക്ഷേത്രങ്ങളിലെത്തി വഴിപാടുകള്‍ നടത്തിയിരുന്നു.

തിരുനക്കരയിലും ഘോഷയാത്ര: സ്‌പീക്കറുടെ ഗണപതി പരാമര്‍ശത്തില്‍ എൻഎസ്‌എസിന്‍റെ നേതൃത്വത്തില്‍ കോട്ടയം തിരുനക്കരയില്‍ വിശ്വാസ സംരക്ഷണ റാലി സംഘടിപ്പിച്ചു.എൻഎസ്‌എസ് താലൂക്ക് യൂണിയന്‍റെ നേതൃത്വത്തില്‍ തിരുനക്കര മഹാദേവ ക്ഷേത്ര സന്നിധിയില്‍ നിന്നും ഗണപതി അമ്ബലം വരെയായിരുന്നു നാമജപ ഘോഷയാത്ര നടത്തിയത്. ഗണേഷ മന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ട് നടത്തിയ റാലിയില്‍ എൻഎസ്‌എസ് പ്രവര്‍ത്തകരും വിശ്വാസികളും പങ്കെടുത്തു.മാത്രമല്ല ഘോഷയാത്രയുടെ ഭാഗമായി ഗണപതി കോവിലില്‍ പ്രാര്‍ത്ഥന നടത്തിയ പ്രവര്‍ത്തകര്‍ 108 തേങ്ങയുടച്ചു. കോട്ടയം എൻഎസ്‌എസ് താലൂക്ക് യൂണിയൻ പ്രസിഡൻ്റ് ബി. ഗോപകുമാര്‍, സെക്രട്ടറി എ.എം രാധാകൃഷ്ണൻ നായര്‍, ഡയറക്‌ടര്‍ ബോര്‍ഡംഗം മാടവന ബാലക്യഷ്ണപിള്ള എന്നിവര്‍ ഘോഷയാത്രയ്‌ക്ക് നേതൃത്വം നല്‍കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക