മഹാരാഷ്ട്ര സംസ്ഥാനത്തില്‍ നിന്ന് മാറി കര്‍ണാടകയില്‍ ലയിക്കണമെന്ന് അതിര്‍ത്തിയിലെ 11 ഗ്രാമങ്ങള്‍. കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കെയാണ് ആവശ്യവുമായി മഹാരാഷ്ട്രയിലെ ഗ്രാമങ്ങള്‍ എത്തിയത്. മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയില്ലെങ്കില്‍ കര്‍ണാടക സംസ്ഥാനത്തില്‍ ലയിക്കാന്‍ അനുവദിക്കണമെന്ന് സോലാപുര്‍ ജില്ലയിലെ അക്കല്‍കോട്ട് താലൂക്കിലെ 11 ഗ്രാമങ്ങളാണ് ആവശ്യപ്പെട്ടത്. മഹാരാഷ്ട്ര സര്‍ക്കാര്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കിയില്ലെങ്കില്‍ ലയനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടര്‍ക്ക് കത്ത് നല്‍കാന്‍ ഗ്രാമങ്ങള്‍ പ്രമേയം പാസാക്കി.

ഇരുസംസ്ഥാങ്ങളും അതിര്‍ത്തി തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് മഹാരാഷ്ട്ര ഗ്രാമങ്ങളുടെ ആവശ്യം എന്നതും ശ്രദ്ധേയം. സോലാപൂരിലെ കല്ലകര്‍ജല്‍, കേഗാവ്, ഷേഗാവ്, കോര്‍സെഗാവ്, ആളഗി, ധര്‍സാങ്, അന്ധേവാഡി (ഖുര്‍ദ്), ഹില്ലി, ദേവികാവതേ, മന്‍ഗ്രുള്‍, ഷവാള്‍ എന്നീ പഞ്ചായത്തുകളാണ് കര്‍ണാടകയില്‍ ലയിക്കണമെന്ന ആവശ്യം കലക്ടര്‍ക്ക് മുന്നില്‍ രേഖാമൂലം അവതരിപ്പിച്ചത്. പഞ്ചായത്തുകളില്‍ ഗതാഗത യോഗ്യമായ റോഡുകളോ വൈദ്യുതിയോ വെള്ളമോ ഇല്ലെന്നും കര്‍ണാടകയില്‍ മികച്ച സൗകര്യമുണ്ടെന്നും ഗ്രാമീണര്‍ പറഞ്ഞു. പലയിടത്തും മൊബൈല്‍ ഫോണിന് റേഞ്ച് പോലും ലഭിക്കുന്നില്ലെന്നും സ്കൂളുകളിലേക്ക് അധ്യാപകര്‍ക്ക് എത്താന്‍ പോലും സാധിക്കുന്നില്ലെന്നും പരാതിയുയര്‍ന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അയല്‍സംസ്ഥാനമായ കര്‍ണാടകയിലെ പ്രദേശങ്ങളില്‍ എല്ലാ സൗകര്യവും ലഭിക്കുന്നുണ്ടെന്നാണ് ഗ്രാമീണരുടെ വാദം. അതേസമയം, അതിര്‍ത്തി തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ കര്‍ണാടകയിലേക്കുള്ള എംഎസ്‌ആര്‍ടിസി ബസ് സര്‍വീസ് നിര്‍ത്തിവച്ചു. കര്‍ണാടകയില്‍ ബസുകള്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍വീസ് നിര്‍ത്തിവെച്ചതെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ബെലഗാവിയില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള ട്രക്കുകള്‍ ആക്രമിക്കപ്പെട്ടിരുന്നു. തുടര്‍ന്നാണ് ബസ് സര്‍വീസ് നിര്‍ത്തിവെച്ചത്. അതിര്‍ത്തി പ്രദേശങ്ങളല്‍ ഇരു സംസ്ഥാനങ്ങളും അവകാശവാദമുന്നയിച്ചതോടെയാണ് തര്‍ക്കം രൂക്ഷമായത്. കന്നഡ സംസാരിക്കുന്ന മേഖലകള്‍ കര്‍ണാടകയില്‍ ലയിപ്പിക്കണമെന്നാണ് മുഖ്യമന്ത്രി ബസവരാജ ബൊമ്മ ആവശ്യപ്പെട്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക