ശശി തരൂരിനെതിരായ അപ്രഖ്യാപിത വിലക്കില്‍ തുടങ്ങിയ വിവാദം കോണ്‍ഗ്രസ്സിനെ ഗ്രൂപ്പ് സമവാക്യങ്ങള്‍ പൊളിച്ച്‌ പുതിയ ധ്രുവീകരണത്തിലേക്ക് നയിക്കുന്നു. മലബാര്‍ പര്യടനം എന്ന രീതിയില്‍ അപ്രതീക്ഷിതമായി തരൂര്‍ രംഗപ്രവേശം ചെയ്തതോടെ ഒരു വിഭാഗം നേതാക്കളിലുയര്‍ന്ന ആശങ്കയാണ് വിലക്കിന് കാരണമെന്ന് വ്യക്തമായി. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് അധികാരത്തിലെത്തിയാല്‍ തരൂര്‍ മുഖ്യമന്ത്രിയാകുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ആശങ്കക്ക് ആക്കം കൂട്ടി.

തരൂരിന്റെ ഒഴുക്കിന് തുടക്കത്തില്‍ തന്നെ തടയിടണമെന്ന അഭിപ്രായമുയര്‍ന്നു. തുടര്‍ന്ന് അദ്ദേഹം പങ്കെടുക്കുന്ന സെമിനാറിന്റെ സംഘാടനത്തില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ്സിനെ പിന്‍വലിപ്പിക്കുന്നതില്‍ കലാശിച്ചു. ഇന്നലെ മുന്‍ കെ പി സി സി പ്രസിഡന്റ് കൂടിയായ കെ മുരളീധരന്‍ ഇക്കാര്യം തുറന്നടിച്ചതോടെ വിവാദം ആളിക്കത്തുന്ന അവസ്ഥയിലായി. മുഖ്യമന്ത്രിക്കുപ്പായമാണ് തരൂരിന്റെ വിലക്കിന് പിന്നിലെന്നായിരുന്നു മുരളിയുടെ പ്രസ്താവന.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിഷയത്തില്‍ മധ്യസ്ഥന്റെ റോളിലെത്തിയ കെ പി സി സി പ്രസിഡന്റ് കെ സുധാകരനും തരൂരിനൊപ്പമെന്ന് വ്യക്തം. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാട്, മുരളി ഉന്നം വെക്കുന്നത് ആരെയെന്ന് വ്യക്തമാക്കുന്നതായി മാറി. കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും തരൂര്‍ പ്രശ്നത്തില്‍ സതീശന്റെ കൂടെയാണെന്നാണ് വിവരം.

അതേസമയം, വിവാദം മുറുകിയതോടെ തരൂര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ജനപങ്കാളിത്തം വര്‍ധിച്ചത് അദ്ദേഹത്തിന് തടയിടാനൊരുങ്ങിയ നേതാക്കള്‍ക്ക് തിരിച്ചടിയായി. എ ഐ സി സി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഘട്ടത്തില്‍ എം കെ രാഘവന്‍ എം പിയായിരുന്നു തരൂരിന് പൂര്‍ണ പിന്തുണ നല്‍കിയിരുന്നത്. എന്നാല്‍ നിലവില്‍ കെ മുരളീധരനെ കൂടാതെ യൂത്ത് കോണ്‍ഗ്രസ്സിലെ നല്ലൊരു വിഭാഗവും തരൂരിനൊപ്പം പരസ്യമായി രംഗത്തുണ്ട്.

കാറ്റ് ഏത് രീതിയില്‍ മാറി മറിയുമെന്ന് കണ്ടറിഞ്ഞ ശേഷം തരൂരിനെ പിന്തുണക്കാന്‍ കാത്തിരിക്കുന്നവര്‍ വേറെയുമുണ്ട്. യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ഉപാധ്യക്ഷന്‍ റിജില്‍ മാക്കുറ്റി, ജന. സെക്രട്ടറി വി പി ദുല്‍ഖിഫില്‍ എന്നിവര്‍ കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ്സ് സംഘാടനത്തില്‍ നിന്ന് പിന്‍മാറിയ സെമിനാറില്‍ തരൂരിനൊപ്പം കോഴിക്കോട്ട് പങ്കെടുത്ത് പിന്തുണ അറിയിച്ചു.

ഇന്ന് മലപ്പുറത്ത് പര്യടനത്തിനെത്തുന്ന തരൂര്‍ രാവിലെ ജില്ലാ കോണ്‍ഗ്രസ്സ് ഓഫീസിലെത്തുമെന്ന് പ്രസിഡന്റ് വി എസ് ജോയ് അറിയിച്ചു. നാളെ കണ്ണൂരിലെത്തുന്ന അദ്ദേഹത്തിന് മികച്ച സ്വീകരണമൊരുക്കുമെന്ന് കണ്ണൂര്‍ സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ റിജില്‍ മാക്കുറ്റി സിറാജിനോട് പറഞ്ഞു. യുവനിരയെ ഒപ്പം നിര്‍ത്തി മുസ്‌ലിം ലീഗ് അടക്കമുള്ള ഘടക കക്ഷികളുടെയും സമുദായ സംഘടനകളുടെയും പിന്തുണ ഉറപ്പിക്കുകയെന്ന തന്ത്രം വിജയിച്ചാല്‍ സ്വന്തം പാളയത്തില്‍ നിന്നുള്ള കടുത്ത എതിര്‍പ്പിന് പ്രസക്തിയുണ്ടാകില്ലെന്ന കണക്കുകൂട്ടലിലാണ് തരൂര്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക