വീണ്ടും ആചാരലംഘനത്തിന് കളമൊരുക്കി സന്നിധാനത്ത് പൊലീസിന്റെ പുസ്തകം. സുപ്രീംകോടതി വിധി നിലനില്‍ക്കുന്നതിനാല്‍ എല്ലാവര്‍ക്കും ശബരിമലയില്‍ പ്രവേശനമുണ്ടെന്നാണ് പുസ്തകത്തിലെ പ്രധാന നിര്‍ദ്ദേശം. സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്ത ആഭ്യന്തരവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ അടങ്ങുന്ന പുസ്തകത്തിലാണ് യുവതീ പ്രവേശന വിധിയെ പറ്റിയുള്ള പരാമര്‍ശം.

ശബരിമല യുവതീ പ്രവേശന വിധി ഏഴംഗ ഭരണഘടനാ ബഞ്ചിന്റെ പുന:പരിശോധനയില്‍ . ശബരിമലയില്‍ പ്രവേശനത്തിനായി തങ്ങള്‍ക്ക് സുരക്ഷ വേണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച രഹ്ന ഫാത്തിമയ്ക്കും ബിന്ദു അമ്മിണിക്കും തിരിച്ചടി നല്‍കി 2019 ഡിസംബര്‍ 13ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ അദ്ധ്യക്ഷതയില്‍ ജസ്റ്റിസുമാരായ സൂര്യകാന്ത്, ബി.ആര്‍ ഗവായ് എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ച് വ്യക്തമാക്കിയത് യുവതീ പ്രവേശന വിഷയത്തില്‍ വിശാല ബഞ്ചിന്റെ വിധി വന്നശേഷം തീരുമാനമെടുക്കാം എന്നായിരുന്നു. ഇതോടെ തത്വത്തില്‍ പുന:പരിശോധന വിധികള്‍ വരുന്നത് വരെ യുവതീ പ്രവേശനത്തെ സുപ്രീംകോടതിയും അനുകൂലിക്കുന്നില്ല എന്ന് വ്യക്തം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശബരിമലയില്‍ തീര്‍ത്ഥാടകരോട് പൊലീസ് എങ്ങനെ പെരുമാറണം, ഡ്യൂട്ടി പോയിന്റുകളുടെ പ്രത്യേകതകള്‍ എന്തൊക്കെയാണ്, പൂജാ സമയം, സന്നിധാനത്തെ സ്ഥലങ്ങള്‍ എന്നീ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പുസ്തകത്തില്‍ ഒന്നാമതായാണ് യുവതീ പ്രവേശന വിധി ഓര്‍മ്മപ്പെടുത്തി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ശബരിമലയില്‍ ആചാരം ലംഘിച്ച്‌ യുവതികളെത്തിയാല്‍ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന ഈ നിര്‍ദേശത്തിലൂടെ വ്യക്തമാകുന്നതെന്ന് ആരോപണമുയരുന്നുണ്ട്. കൊവിഡ് മൂലമേര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ എല്ലാം പിന്‍വലിച്ച്‌ നടക്കുന്ന തീര്‍ഥാടന കാലത്ത് മന:പ്പൂര്‍വ്വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ആഭ്യന്തരവകുപ്പ് തന്നെ കോപ്പുകൂട്ടുകയാണോ എന്നും വിശ്വാസികള്‍ സംശയിക്കുന്നു. നിര്‍ദ്ദേശം പൊലിസ് സേനയ്ക്കിടയിലും വലിയ ചര്‍ച്ച ആയിട്ടുണ്ട്.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചിന്റെ ഇത്തരം പരാമര്‍ശങ്ങള്‍ പോലും മുഖവിലക്കെടുക്കാതെയാണ് ആഭ്യന്തരവകുപ്പ് വീണ്ടും യുവതീ പ്രവേശനത്തിന് അനുകൂലമായ നിലപാടുകള്‍ സ്വീകരിക്കുന്നത്. സന്നിധാനത്തെ പൊലീസ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്കായി ആഭ്യന്തരവകുപ്പ് അച്ചടിച്ച്‌ വിതരണം ചെയ്ത നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ കൈപ്പുസ്തകത്തില്‍ 2018 സെപ്തംബര്‍28 ന് സുപ്രീംകോടതി പുറപ്പെടുവിച്ച യുവതീ പ്രവേശന വിധി നിലനില്‍ക്കുന്നതിനാല്‍ എല്ലാവര്‍ക്കും ശബരിമലയില്‍ പ്രവേശനമുണ്ടെന്നാണ് സൂചിപ്പിച്ചിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക