പാലാ നഗരസഭ അധ്യക്ഷ പദവി വീതം വയ്ക്കുന്നതിനെ ചൊല്ലി കേരള കോൺഗ്രസും സിപിഎമ്മും തമ്മിൽ തർക്കം നിലനിൽക്കുകയാണ്. 26 അംഗ നഗരസഭയിൽ കേരള കോൺഗ്രസിനുള്ള 10ഉം സിപിഎമ്മിനുള്ള 6 അംഗങ്ങളും, സിപിഐയുടെ ഒരു അംഗവും ചേർന്നാണ് ഭൂരിപക്ഷമുള്ളത്. അതുകൊണ്ടുതന്നെ നഗരസഭാ അധ്യക്ഷ പദവി വീതം വയ്ക്കാൻ സിപിഎമ്മും കേരള കോൺഗ്രസും തമ്മിൽ ധാരണ ഉണ്ടായിരുന്നു. ആദ്യ രണ്ടു വർഷം കേരള കോൺഗ്രസ് പിന്നീട് ഒരു വർഷം സിപിഎം ശേഷമുള്ള രണ്ടു വർഷങ്ങൾ വീണ്ടും കേരള കോൺഗ്രസ് എന്നായിരുന്നു ധാരണ.

എന്നാൽ ഈ ധാരണയിൽ നിന്ന് കേരള കോൺഗ്രസ് പിന്നോട്ട് പോയതാണ് ഇപ്പോഴുള്ള വിഷയങ്ങൾക്ക് കാരണം. ആദ്യം സിപിഎമ്മുമായി പദവി പങ്കിടാൻ കഴിയില്ല എന്ന നിലപാട് കേരള കോൺഗ്രസ് എടുത്തു. കേരളത്തിൽ തങ്ങൾ അധികാരത്തിലുള്ള ഏക നഗരസഭയാണ് പാലാ എന്ന വാദം ഉയർത്തിയായിരുന്നു ഈ നീക്കം. എന്നാൽ ഈ നിലപാട് കോട്ടയം ജില്ലാ പഞ്ചായത്തിൽ യുഡിഎഫിനോട് കാട്ടിയ വഞ്ചനയുമായി മാധ്യമങ്ങൾ ഉൾപ്പെടെ താരതമ്യപ്പെടുത്തിയപ്പോൾ കരാർ പാലിക്കുമെന്ന് വ്യക്തമാക്കി ജോസ് കെ മാണി രംഗത്തെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പക്ഷേ ഇപ്പോൾ മറ്റൊരു നിബന്ധനയാണ് കേരള കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്നത്. സിപിഎം പാർലമെന്ററി പാർട്ടി ലീഡർ ആയ വ്യക്തിക്ക് ഒഴികെ മറ്റാർക്കും പദവി വിട്ടുകൊടുക്കാൻ തയ്യാറാണ് എന്നാണ് അവരുടെ നിലപാട്. രണ്ടു പതിറ്റാണ്ടോളമായി നഗരസഭ അംഗവും, പാർട്ടി ചിഹ്നത്തിൽ വിജയിച്ച ഏക സ്ഥാനാർത്ഥിയും, സിപിഎം അംഗങ്ങളിൽ പുരുഷനായ ഏക വ്യക്തിയും കൂടിയാണ് കേരള കോൺഗ്രസ് ഒഴിവാക്കാൻ ആവശ്യപ്പെടുന്ന നഗരസഭ അംഗം. ഇത്തരം അസാധ്യമായ നിബന്ധനകൾ മുന്നോട്ടുവയ്ക്കുന്നത് മുന്നണിക്കുള്ളിൽ മനപ്പൂർവ്വം പ്രശ്നങ്ങൾ ഉണ്ടാക്കി പുറത്തു പോകാനാണ് എന്ന സംശയമാണ് ഇപ്പോൾ രാഷ്ട്രീയ വൃത്തങ്ങളിൽ സജീവം. മുന്നണി മര്യാദകൾ പാലിക്കാത്ത കേരള കോൺഗ്രസ് നിലപാടിൽ സിപിഐ ഉൾപ്പെടെയുള്ള മറ്റ് ഇടതകക്ഷികളും കടുത്ത അതൃപ്തിയിലാണ്.

യുഡിഎഫും, എൻഡിഎയും ഉൾപ്പെടെയുള്ള സാധ്യതകൾ തുറന്നിട്ട് പിൻവാതിൽ ചർച്ചകൾ:

തിടുക്കപ്പെട്ട് ഇടതുമുന്നണി വിടാൻ കേരള കോൺഗ്രസ് ഉദ്ദേശിക്കുന്നില്ല എന്നാണ് ലഭ്യമാകുന്ന വിവരം. എന്നാൽ എല്ലാ സാധ്യതകളും തുറന്നിടുകയും ചെയ്യും. പാർലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം വ്യക്തതയാർന്ന രാഷ്ട്രീയ നിലപാട് കൈക്കൊള്ളുക എന്നാണ് ജോസ് കെ മാണിയുടെ ഉദ്ദേശലക്ഷ്യം. കോൺഗ്രസ് ഹൈകമാൻഡിലെ പ്രമുഖനായ മലയാളി നേതാവുമായി ഇതിനോടകം തന്നെ പാർട്ടി ചെയർമാൻ ജോസ് കെ മാണി ചർച്ച നടത്തിയിട്ടുണ്ട് എന്ന വിശ്വസനീയമായ വിവരവും പുറത്തുവരുന്നുണ്ട്. സമാനമായി ക്രൈസ്തവ വിഭാഗവും ബിജെപിയും കൈകോർത്താൽ ഉണ്ടാകാവുന്ന രാഷ്ട്രീയ നേട്ടങ്ങളും അദ്ദേഹം കണക്കിലെടുക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക