കൊച്ചി: കുണ്ടന്നൂര്‍ ജംക്ഷനിലെ ‘ഒജീസ് കാന്താരി’ ബാറില്‍ വെടിവയ്പ് നടത്തിയ പ്രതികള്‍ പിടിയില്‍. വെടിയുതിര്‍ത്ത കൊല്ലം സ്വദേശി റോജന്‍, അഭിഭാഷകന്‍ ഹറോള്‍ഡ് എന്നിവരാണു പിടിയിലായത്. മരട് പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. വൈകിട്ട് നാല് മണിയോടെ ആയിരുന്നു സംഭവം. പ്രതികള്‍ മദ്യപിച്ച്‌ ബില്ല് തുക കൊടുത്തതിനു ശേഷം പ്രകോപനം ഒന്നുമില്ലാതെ ചുവരിലേക്കു വെടിയുതിര്‍ക്കുകയായിരുന്നു.

ബാര്‍ ജീവനക്കാരും മറ്റുള്ളവരും സ്തംഭിച്ചു നില്‍ക്കേ ഇരുവരും ബാറിനു പുറത്തിറങ്ങി കടന്നു കളഞ്ഞു. സംഭവം നടന്ന് 3 മണിക്കൂറിനു ശേഷമാണ് ബാറുകാര്‍ പൊലീസില്‍ അറിയിച്ചത്. പൊലീസ് ഉടന്‍ എത്തി ബാര്‍ ബന്തവസിലാക്കി. സിസിടിവി ദ്യശ്യങ്ങളില്‍നിന്ന് യുവാക്കളുടെ ചിത്രം പൊലീസ് ശേഖരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും പിടികൂടിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദേശീയപാതയോട് ചേര്‍ന്നുള്ള ബാറില്‍ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് റോജനും ഹറാള്‍ഡും എത്തിയത്. രണ്ട് മണിക്കൂറോളം ലോക്കല്‍ ബാറായ താപ്പാനയില്‍ ഇരുന്ന മദ്യപിച്ച ഇരുവരും നാല് മണിയോടെ ബില്ലിന്റെ പണം നല്‍കി പുറത്തേക്ക് ഇറങ്ങി. പുറത്തേക്ക് പോകുന്നതിനിടെ പെട്ടെന്നാണ് കൈയിലുണ്ടായിരുന്ന കവറില്‍ നിന്നും റിവോള്‍വര്‍ പുറത്തെടുത്ത് റോജന്‍ റിസപ്ഷനിലെ ഭിത്തിയിലേക്ക് രണ്ട് തവണ വെടിവച്ചത്. യാതൊരു പ്രകോപനവും ഇല്ലാതെയായിരുന്നു വെടിവയ്‌പ്പ് വെടിവപ്പില്‍ അങ്കലാപ്പിലായ ജീവനക്കാര്‍ എന്തു വേണമെന്നറിയാതെ നില്‍ക്കുമ്ബോള്‍ ഇരുവരും കൂളായി പുറത്തേക്ക് ഇറങ്ങി കാറില്‍ കയറി പോയി.

നാല് മണിയോടെയാണ് വെടിവപ്പുണ്ടായതെങ്കിലും ഉടനെ പൊലീസില്‍ വിവരം അറിയിക്കാന്‍ ബാര്‍ ജീവനക്കാരോ ബാറുടമയോ തയ്യാറായില്ല. ഏഴ് മണിയോടെയാണ് പൊലീസിനെ ബാറില്‍ നിന്നും വിവരം അറിയിച്ചത്. സ്ഥലത്ത് എത്തിയ പൊലീസ് ബാറിന്റെ ഗേറ്റ് അടച്ച്‌ മുഴുവന്‍ ജീവനക്കാരുടേയും മൊഴിയെടുത്തു. എക്‌സൈസ് ഉദ്യോഗസ്ഥരും ഇതേസമയം ബാറിലെത്തി പരിശോധന നടത്തി. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് വെടിവച്ച ആളുടേയും ഒപ്പമുണ്ടായിരുന്ന ആളുടേയും ദൃശ്യങ്ങള്‍ കണ്ടെത്തി.

ഈ ദൃശ്യങ്ങള്‍ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും കൈമാറി. പൊലീസിന്റെ കൈവശമുണ്ടായിരുന്ന ക്രിമിനലുകളുടെ ലിസ്റ്റിലും ചിത്രം ഉപയോഗിച്ച്‌ പരിശോധന തുടങ്ങി. വ്യാപക പരിശോധനയ്ക്ക് ഒടുവില്‍ ഒരു ക്രിമിനല്‍ കേസില്‍ ജയില്‍ മോചിതനായ റോജനാണ് വെടിവച്ചയാള്‍ എന്ന് പൊലീസ് കണ്ടെത്തി. റോജനെ ജാമ്യത്തിലെടുത്ത അഭിഭാഷകന്‍ ഹാറോള്‍ഡാണ് ഒപ്പമുണ്ടായിരുന്നതെന്നും വ്യക്തമായി. ജാമ്യം കിട്ടി പുറത്തിറങ്ങിയതിന്റെ സന്തോഷത്തിനാണ് റോജന്‍ അഭിഭാഷകനേയും കൂട്ടി ബാറിലെത്തിയത്. മദ്യപിച്ച ശേഷം പുറത്തേക്ക് പോകും വഴിയാണ് വെടിവച്ചത്.

ആളെ തിരിച്ചറിഞ്ഞതോടെ റോജനായി നഗരത്തിന് പുറത്തേക്കും പൊലീസ് പരിശോധന വ്യാപിപ്പിച്ചു. വൈകാതെ രാത്രി പത്ത് മണിയോടെ എറണാകുളം – ആലപ്പുഴ ജില്ലാ അതിര്‍ത്തിയില്‍ നിന്നും പൊലീസ് ഇരുവരേയും കസ്റ്റഡിയിലെടുത്തു. എയര്‍ഗണോ നാടന്‍ തോക്കോ വച്ചാവാം വെടിവച്ചതെന്നായിരുന്നു പൊലീസിന്റെ നിഗമനമെങ്കിലും റോജനെ പിടികൂടി നടത്തിയ പരിശോധനയില്‍ ആയുധം റിവോള്‍വര്‍ തന്നെയെന്ന് വ്യക്തമായി. പ്രതികളെ രണ്ട് പേരേയും പൊലീസ് മരട് സ്റ്റേഷനിലേക്ക് എത്തിച്ചിട്ടുണ്ട്.

ലോക്കല്‍ ബാറിന്റെ ബില്‍ കൗണ്ടറിലാണ് വെടിവെയ്‌പ്പ് നടന്നത്. മദ്യലഹരിയില്‍ ഭിത്തിയിലേക്ക് വെടിയുതിര്‍ത്തതായാണ് പൊലീസ് പറയുന്നത്. ഇവര്‍ ചുമരിലേക്ക് രണ്ടു റൗണ്ടാണ് വെടിയുതിര്‍ത്തത്. വെടിവെയ്‌പ്പില്‍ ആര്‍ക്കും പരിക്കില്ല. വെടിവെയ്‌പ്പിനുള്ള കാരണം ഇപ്പോഴും വ്യക്തമല്ല. പൊലീസ് ഇക്കാര്യവും അന്വേഷിച്ച്‌ വരികയാണ്.

സംഭവസ്ഥലത്ത് പരിശോധന നടത്തിയിട്ടും പൊലീസിന് വെടിയുണ്ട കണ്ടെത്താനായിട്ടില്ല. അതേസമയം വെടിയുണ്ട തറച്ച പാടുകള്‍ പൊലീസ് കണ്ടെത്തി. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. വെടിയുതിര്‍ത്ത ആളുകള്‍ ഹോട്ടലിലേക്ക് സ്ഥിരമായി വരാത്ത ആളുകളാണെന്നാണ് ഹോട്ടല്‍ അധികൃതരുടെ പ്രതികരണം. ബാറിനുള്ളില്‍ വെച്ച്‌ വാക്കുതര്‍ക്കങ്ങള്‍ നടന്നിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക