സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകർക്ക് യുകെയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി കേരള സർക്കാരും യുകെ സർക്കാരും തമ്മിൽ ധാരണാ പത്രം ഒപ്പിട്ടു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനത്തിനിടയിലാണ് ധാരണാപത്രം ഒപ്പിട്ടിരിക്കുന്നത്. ആദ്യഘട്ടത്തിൽ ആരോഗ്യ മേഖലയിലെ വിവിധ പ്രൊഫഷണലുകൾക്ക് ആയി മൂവായിരത്തോളം തൊഴിലവസരങ്ങൾ യുകെയിൽ ലഭ്യമാകുമെന്നാണ് അവകാശവാദം.

എന്നാൽ യാഥാർത്ഥ്യം എന്താണെന്ന് വെച്ചാൽ കഴിഞ്ഞ ഒമ്പത് മാസങ്ങൾക്കിടെ മാത്രം ഇരുപത്തി മൂവായിരത്തോളം ആരോഗ്യ പ്രവർത്തകരാണ് കേരളത്തിൽനിന്ന് വിദേശരാജ്യങ്ങളിലേക്ക് തൊഴിലവസരങ്ങൾ തേടി പാലായനം ചെയ്തത്. ഈ വർഷം അവസാനം ആകുമ്പോഴേക്കും ഈ കണക്ക് 35000 ആയി ഉയരുമെന്നും വിലയിരുത്തപ്പെടുന്നു. ഇത്തരത്തിൽ മുന്നോട്ട് പോയാൽ സംസ്ഥാനത്തെ ആശുപത്രികൾക്ക് പൂട്ടു വീഴുമെന്ന് ഈ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നാട്ടിൽ നിന്നുള്ളവരെ വിദേശത്തേക്ക് ഓടിച്ചു വിടുന്നതോ വികസനം?

ഏതാനും വർഷങ്ങളായി കാനഡ, യുകെ, അമേരിക്ക പോലുള്ള വിദേശരാജ്യങ്ങളിലേക്ക് ആയിരക്കണക്കിന് കുട്ടികളാണ് പ്രതിപക്ഷവും പഠനത്തിനായി പോകുന്നത്. ലക്ഷങ്ങൾ ചിലവാക്കി പോകുന്ന ഇവർക്ക് ഒരുകാര്യം ഉറപ്പുണ്ട്. ചിലവാക്കുന്ന തുകയുടെ ഇരട്ടി പഠന സമയത്ത് തന്നെ പാർടൈം ജോലികൾ ചെയ്ത് അവിടെ ഉണ്ടാക്കാമെന്ന്. കൂടാതെ പഠനം പൂർത്തിയാക്കി മടങ്ങിവരാൻ ഇവരിൽ ഭൂരിഭാഗവും ആഗ്രഹിക്കുന്നുമില്ല. എങ്ങനെയെങ്കിലും ആ രാജ്യത്ത് പിടിച്ചുനിൽക്കാൻ ആണ് ഇവരുടെ ശ്രമങ്ങൾ.

വലിയ സാമൂഹിക മാനമുള്ള ഒരു വിഷയമാണിത്. ഈ കുട്ടികളും, വിവിധ മേഖലകളിലുള്ള പ്രൊഫഷണലുകളും സ്വദേശം വിട്ട് വിദേശത്തേക്ക് പോകുന്നത് മാന്യമായി ജീവിക്കാൻ ആണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ നമ്മുടെ സംസ്ഥാനത്ത് മാന്യമായി ജീവിക്കാനുള്ള സാഹചര്യം ഇല്ലാത്തതുകൊണ്ടാണ് ഇവർ വിദേശത്തേക്ക് പോകേണ്ടി വരുന്നത്. അമൂല്യമായ മാനവവിഭവ ശേഷി നഷ്ടപ്പെടുന്നു എന്നതു മാത്രമല്ല ഇവിടെ പ്രശ്നം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുട്ടികളെ കിട്ടാതെ പൂട്ടേണ്ടി വരും, ആശുപത്രികൾ ജീവനക്കാരെ കിട്ടാതെ അടച്ചിടേണ്ടി വരും, കേരളം വയോജനങ്ങളുടെ ഒരു കേന്ദ്രമായി മാറും എന്നതെല്ലാം നാം സമീപഭാവിയിൽ തന്നെ, ഏതാണ്ട് ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ നേരിടാൻ പോകുന്ന വെല്ലുവിളികളാണ്.

ഭരിക്കുന്ന ജനങ്ങൾക്ക് നിങ്ങൾ ഭരിക്കുന്ന പ്രദേശത്ത് അന്തസ്സായി ജീവനം ഒരുക്കാൻ കഴിയാത്തവർ വിദേശ സന്ദർശനം നടത്തി എന്ത് മോഡൽ ആണ് പഠിക്കുന്നത് എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. ഇവിടുന്ന് ഉള്ളവരെ അങ്ങോട്ട് കയറ്റി വിടാൻ ആയിരക്കണക്കിന് ഏജൻസികൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. അതിനുവേണ്ടി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഒരു പറ്റം മന്ത്രിമാർ കുടുംബസമേതം സർക്കാർ ഖജനാവിലെ നികുതിപ്പണം ചിലവഴിച്ച വിദേശസന്ദർശനം നടത്തേണ്ടതുണ്ടോ? ഭരണ പ്രതിപക്ഷ ഭേദമില്ലാതെ ഇവിടുത്തെ രാഷ്ട്രീയ വർഗ്ഗമാണ് കേരളത്തെ ഇന്നത്തെ ഈ ദുർഗതിയിൽ എത്തിച്ചത്. രാഷ്ട്രീയരംഗത്ത് പോലും കഴിവുള്ളവരെ വെട്ടിനിരത്തി ഒരു ജനതയെ വികാസത്തിലേക്ക് എത്തിക്കുവാൻ പ്രാപ്തി ഉള്ളവരെ അകറ്റിനിർത്തി നാടുകടത്തുന്ന കടൽകിഴവൻമാരുടെ, സ്വാർത്ഥ താല്പര്യക്കാരുടെ, കഴിവുകെട്ടവരുടെ കൂട്ടമായി കേരളത്തിലെ രാഷ്ട്രീയനേതൃത്വം അധപതിച്ചു എന്ന് പറയാതെ വയ്യ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക