തിരുവനന്തപുരം: എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ എത്തിയ ആര്‍എസ്പി വീണ്ടും ഇടത് മുന്നണിയിലേക്ക് വരാനുള്ള സാധ്യത തെളിയുന്നു. അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്ബായി ആര്‍എസ്︋പി എല്‍ഡിഎഫ് മുന്നണിയിലേക്ക് എത്തപ്പെടുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ജില്ലാ സമ്മേളനത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നത് ഉള്‍പ്പെടെ കോണ്‍ഗ്രസും ആര്‍എസ്︋പിയുമായുള്ള പോര് കനക്കുന്നതി​ന്റെ സൂചനകളായിരുന്നു.

ഇതിന് കൂടുതല്‍ ബലമേകുന്നതാണ് ഇപ്പോള്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നടത്തിയ പ്രസ്താവന. ഇ‌ടത് മുന്നണി വിപുലീകരണം ഇപ്പോള്‍ അജണ്ടയിലില്ലെന്നും ആര്‍ എസ് പി മുന്നണിയിലേക്ക് വരുന്നത് വിപുലീകരണമല്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. ആര്‍ എസ് പി നേരത്തേ മുന്നണിയിലുണ്ടായിരുന്ന പാര്‍ട്ടിയാണ്. ഇപ്പോഴും ദേശീയ തലത്തില്‍ ഇടത് മുന്നണിയുടെ ഭാ​ഗമാണ്. കേരളത്തിലെ ചില പ്രത്യേക സാഹചര്യത്തില്‍ മുന്നണി മാറിയതാണെന്നും കാനം കൂട്ടിച്ചേര്‍ത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സിപിഎം ആ​ഗ്രഹിക്കുന്നത് ആര്‍എസ്︋പി മുന്നണിയിലേക്ക് വരണമെന്ന് തന്നെയാണ്. എന്നാല്‍ എന്‍കെ പ്രേമചന്ദ്രനോട് താല്‍പര്യമില്ലാത്തതാണ് ആര്‍എസ്︋പിയുടെ എല്‍ഡിഎഫ് പ്രവേശനത്തെ പ്രതിസന്ധിയിലാക്കിയിരുന്നത്. ഷിബു ബേബി ജോണ്‍ പോലും കോണ്‍ഗ്രസിനെതിരെയുള്ള പരസ്യ പ്രതികരണവുമായി രം​ഗത്തെത്തിയിരുന്നു.

ആര്‍എസ്︋പി സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് കാലുവാരിയാല്‍ തിരിച്ചും കാലുവാരണമെന്നാണ് കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും മുന്‍ മന്ത്രിയുമായ ഷിബു ബേബി ജോണ്‍ ജില്ലാ സമ്മേളനത്തില്‍ ആഹ്വാനം നല്‍കിയത്. അദ്ദേഹത്തി​ന്റെ മാറ്റത്തിന് തെളിവായിരുന്നു ആ പ്രതികരണം. ‘ആര്‍എസ്︋പി മുന്നണി മാറണമെന്ന് ഒരു സഖാവ് പറഞ്ഞു. സംസ്ഥാന പാര്‍ട്ടികളെ സംബന്ധിച്ച്‌ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ വ്യത്യാസമുണ്ട്. എല്‍ഡിഎഫില്‍ നിന്നപ്പോള്‍ ഓരോ വര്‍ഷവും മത്സരിക്കുന്ന സീറ്റുകള്‍ കുറയുമായിരുന്നു. എന്നാല്‍ വിജയിക്കുമെന്ന് ഉറപ്പായിരുന്നു.

അതേസമയം യുഡിഎഫില്‍ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം കൂടിയെങ്കിലും അവര്‍ റെബലുകളെ നിറുത്തിയും കാലുവാരിയും ആര്‍എസ്︋പിക്കിട്ട് പണിയുകയാണെന്നും അദ്ദേഹം പറഞ്ഞു. മുന്നണി മാറണമെന്നുള്ള അഭ്യര്‍ത്ഥനകള്‍ ഉയരുന്നുണ്ടെന്നുള്ള കാര്യം ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ഷിബു ബേബി ജോണ്‍ ഇക്കാര്യം പറഞ്ഞത്.

സംസ്ഥാന സെക്രട്ടറി എ.എ.അസീസ്, മുന്‍ മന്ത്രി ബാബു ദിവാകന്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഷിബു ഇക്കാര്യം ആഹ്വാനം ചെയ്തത്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസുമായുള്ള പരസ്യമായ യുദ്ധപ്രഖ്യാപനമാണ് ഇതെന്നും മുന്നണി മാറ്റത്തിനുള്ള സൂചനകളാണ് ഇതിലുള്ളതെന്നും രാഷ്ട്രീയ നിരീക്ഷകരും കരുതിയിരുന്നു. കാനത്തി​ന്റെ പ്രതികരണം കൂടി വന്നതോടെ ഇത് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

കഴിഞ്ഞ രണ്ട് തവണയും അധികാരവും തദ്ദേശ സ്ഥാപനങ്ങളില്‍ പ്രാതിനിത്യവും ലഭിക്കാത്തത് കാരണം നിരവധി പ്രവര്‍ത്തകരാണ് ആര്‍എസ്പി പാര്‍ട്ടി വിട്ടുപോകുന്നത്. ഇനിയും ഈ സ്ഥിതി തുടര്‍ന്നാല്‍ പാര്‍ട്ടി തന്നെ ഇല്ലാതാകുമെന്നാണ് നേതാക്കള്‍ കരുതുന്നത്. പാര്‍ട്ടിയുടെ അംഗസംഖ്യ 8063 ല്‍നിന്ന്‌ 6208 ആയി. 2415 പേര്‍ അംഗത്വം പുതുക്കാന്‍ തയ്യാറായില്ല.

പുനലൂരില്‍ നടന്ന ആര്‍എസ്‌പി ജില്ലാ സമ്മേളനത്തില്‍ കാലഘട്ടത്തിനനുസരിച്ച്‌ പാര്‍ട്ടി മാറുന്നില്ലെന്നാണ് പ്രതിനിധികള്‍ വിമര്‍ശനമുയര്‍ത്തിയത്. എല്‍ഡിഎഫിലായിരുന്നപ്പോള്‍ പാര്‍ട്ടിയുടെ വളര്‍ച്ചയ്‌ക്ക്‌ സിപിഐ എം ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുടെ സഹായമുണ്ടായിരുന്നു. യുഡിഎഫിലെത്തിയശേഷം എംഎല്‍എമാരില്ലാതായി.

യുഡിഎഫ്‌ പാര്‍ട്ടിയെ അവഗണിക്കുന്നു. തദ്ദേശ, സഹകരണ സ്ഥാപനങ്ങളിലെ പ്രാതിനിധ്യവും നാമമാത്രമായി. വട്ടപ്പൂജ്യ പാര്‍ട്ടിയായി ആര്‍എസ്‌പിയെ മാറ്റിയത്‌ നേതാക്കളാണ്‌. എല്‍ഡിഎഫിലേക്ക്‌ തിരികെ പോകാനുള്ള അവസരങ്ങള്‍ മനസ്സിലാക്കാനും തീരുമാനമെടുക്കാനും നേതാക്കള്‍ക്കാകുന്നില്ലെന്നും അഭിപ്രായമുയര്‍ന്നിരുന്നു. ഇതെല്ലാം മുന്നണി മാറ്റത്തിനുള്ള ആവശ്യമാണ് ആര്‍എസ്︋പി തുറന്നിടുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക