തിരുവനന്തപുരം : മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെയ്ക്കാതെ സംസ്‌കാര ചടങ്ങുകള്‍ നടത്തിയതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലുകളുണ്ടോ?മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുടെ മൃതദേഹം പാര്‍ട്ടിയുടെ സംസ്ഥാന ഓഫീസായ എകെജി സെന്ററില്‍ പൊതു ദര്‍ശനത്തിന് വെയ്ക്കുന്ന പതിവുള്ളതാണ്. എന്നാല്‍ കോടിയേരിയുടെ മൃതദേഹം കണ്ണൂരിലേക്ക് എത്തിച്ച്‌ അവിടെ പൊതുദര്‍ശനത്തിന് വെച്ച്‌ സംസ്‌കരിക്കുകയായിരുന്നു.

അര്‍ബുദത്തെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഒക്ടോബര്‍ ഒന്നിനാണ് കോടിയേരി ബാലകൃഷ്ണന്‍ മരിക്കുന്നത്. ഇതോടെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായതിനാല്‍ പത്തു ദിവസത്തെ മുഖ്യമന്ത്രിയുടെ വിദേശ യാത്ര മാറ്റിവെച്ച്‌ അദ്ദേഹം കണ്ണൂരിലേക്ക് തിരിക്കുകയായിരുന്നു. പൊതുവേ സംസ്ഥാനത്തെ മുതിര്‍ന്ന നേതാവിന്റെ എകെജി സെന്ററിലെത്തിച്ച്‌ അന്തിമ അഭിവാദ്യം നല്‍കുന്ന പതിവുണ്ട്. എന്നാല്‍ ഇതൊന്നും പാലിക്കാതെയാണ് രണ്ട് വട്ടം സംസ്ഥാന സെക്രട്ടറിയായ ഉന്നത നേതാവിന്റെ സംസ്‌കാരചടങ്ങുകള്‍ നടത്തിയത്. ചെന്നൈയില്‍ നിന്നും എയര്‍ ആംബുലന്‍സില്‍ മൃതദേഹം കണ്ണൂരിലേക്ക് എത്തിച്ച്‌ എം.വി. ഗോവിന്ദന്‍ വിമാനത്താവളത്തിലെത്തി ഏറ്റുവാങ്ങുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എകെജി സെന്ററിലെത്തിച്ച്‌ പൊതുദര്‍ശനത്തിന് വെക്കുമെന്ന് കരുതിയ മൃതദേഹം നേരിട്ട് കണ്ണൂരിലേക്ക് എത്തിക്കുകയും മാടപ്പീടികയിലെ വീട്ടില്‍ പൊതു ദര്‍ശനത്തിന് വെച്ചശേഷം കണ്ണൂരിലെ സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തില്‍ എത്തിക്കുകയും പിന്നിട് തിങ്കളാഴ്ച 3.30 ഓടുകൂടി പയ്യാമ്ബലത്ത് കോടിയേരിയുടെ ഭൗതികദേഹം സംസ്‌കരിക്കുകയായിരുന്നു. മുന്‍ സിപിഎം നേതാക്കളായ ഇ.കെ. നയനാര്‍, ചടയന്‍ ഗോവിന്ദന്‍, എന്നിവരുടെ സ്മൃതി കുടീരങ്ങള്‍ക്ക് സമീപത്തായാണ് കോടിയേരിയേയും സംസ്‌കരിച്ചത്. കോടിയേരിയെ സഹോദര തുല്യനായാണ് വേര്‍പാടിനോട് മുഖ്യമന്ത്രി പ്രതികരിച്ചത്. കോടിയേരി സംസ്ഥാന സെക്രട്ടറി പദവിയില്‍ ഇരിക്കേ പിണറായിയുമായി വളരെ അടുത്ത ബന്ധവും പുലര്‍ത്തിയിരുന്നു.

എന്നാല്‍ കോടിയേരിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കാത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പും ഉടലെടുത്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനം പിന്നേയും നീട്ടിവെയ്ക്കാന്‍ വിസമ്മതിച്ചതാണ് സംസ്‌കാര ചടങ്ങുകള്‍ വേഗത്തിലാക്കാനുള്ള കാരണമെന്നാണ് പ്രവര്‍ത്തകര്‍ക്കുള്ളിലെ മുറുമുറുപ്പ്. എന്തായാലും കോടിയേരിയുടെ ചടങ്ങുകള്‍ക്ക് പിന്നാലെ മുഖ്യമന്ത്രി ചൊവ്വാഴ്ച പുലര്‍ച്ചെ തന്നെ നോര്‍വ്വേയ്ക്ക് തിരിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം എന്നീ മേഖലകളിലെ വിദേശ മാതൃകകള്‍ പഠിക്കുന്നതിനായാണ് ഈ യാത്ര.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക