തൊടുപുഴ : പാർട്ടി പദവികൾ പങ്കുവയ്ക്കുന്നതിൽ കേരള കോൺഗ്രസിൽ രൂപപ്പെട്ട അസ്വാരസ്യം പരസ്യമായി പുറത്തേക്ക്. കെ.ഫ്രാൻസിസ് ജോർജ്, ജോണി നെല്ലൂർ, തോമസ് ഉണ്ണിയാടൻ, അറയ്ക്കൽ ബാലകൃഷ്ണ പിള്ള എന്നിവർ പി.ജെ. ജോസഫിനെ കണ്ട് എതിർപ്പ് അറിയിച്ചു. വർക്കിങ് ചെയർമാൻ പി.സി. തോമസിന്റെ നേതൃത്വത്തിൽ തർക്കം പരിഹരിക്കാൻ ഒത്തുതീർപ്പുശ്രമം നടക്കുന്നു. 6 കേരള കോൺഗ്രസുകളിലെ മുതിർന്ന നേതാക്കൾ ചേർന്നാണ് കേരള കോൺഗ്രസ് എന്ന പേരിൽ ഒറ്റപ്പാർട്ടിയായത്.

എന്നാൽ പ്രധാനപ്പെട്ട നേതാക്കൾക്ക് ഒപ്പമുള്ളവർക്കു സ്ഥാനങ്ങൾ ലഭിച്ചില്ലെന്നാണ് പരാതി. ഡപ്യൂട്ടി ചെയർമാൻ സ്ഥാനം ഏറ്റെടുക്കാൻ കെ. ഫ്രാൻസിസ് ജോർജ് വിസമ്മതിച്ചിരുന്നു. പിന്നാലെയാണ് ഇപ്പോഴത്തെ കലാപം. മുതിർന്ന നേതാക്കളുടെ ഒൻപതംഗ കമ്മിറ്റിയാണ് മുൻപു കാര്യങ്ങൾ തീരുമാനിച്ചിരുന്നതെന്ന് വൈസ് ചെയർമാൻ ജോണി നെല്ലൂർ പറഞ്ഞു. ‘ഈ സമിതിയെ നോക്കുകുത്തിയാക്കി. 3 പേരാണ് ഭരണഘടന എഴുതിയത്. എക്സിക്യൂട്ടിവ് ചെയർമാൻ, ചീഫ് കോഓർഡിനേറ്റർ, സെക്രട്ടറി ജനറൽ എന്നീ തസ്തികകൾ ചില നേതാക്കൾക്ക് അമിത പ്രാധാന്യം ലഭിക്കാൻ സൃഷ്ടിച്ചതാണ്. ചിലർ ചെയർമാനെ പോലും മറികടക്കുന്നു. കമ്മിറ്റികളിലും ആർക്കും പ്രാതിനിധ്യമില്ല. 9 അംഗ കമ്മിറ്റിയിലെ അംഗങ്ങൾ എന്ന നിലയ്ക്ക് പ്രവർത്തകരുടെ വികാരം ചെയർമാനെ അറിയിച്ചു. അല്ലാതെ കലാപമില്ല’, ജോണി നെല്ലൂർ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാർട്ടിയിൽ അച്ചടക്ക രാഹിത്യം അനുവദിക്കില്ലെന്ന് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു. പാർട്ടിക്ക് അടിത്തറ പാകിയത് സി.എഫ്. തോമസും സെക്രട്ടറി ജനറൽ ജോയി ഏബ്രഹാമുമാണ്. വിഷമ ഘട്ടത്തിൽ പി.ജെ. ജോസഫിന് പിന്തുണ നൽകിയത് ചീഫ് കോഓർഡിനേറ്റർ ടി.യു. കുരുവിള അടക്കമുള്ള നേതാക്കളാണെന്നും മോൻസ് ജോസഫ് പറഞ്ഞു.

പാർട്ടിയിൽ തർക്കങ്ങളില്ലെന്നു വർക്കിങ് ചെയർമാൻ പി.സി. തോമസ് പറഞ്ഞു. 4 നേതാക്കൾ ചില പോരായ്മകൾ ചൂണ്ടിക്കാണിച്ചു. അക്കാര്യം നേതൃത്വത്തിന്റെ ശ്രദ്ധയിലുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി പോഷക സംഘടനാ യോഗത്തിൽ ഇവരിൽ മിക്കവരും പങ്കെടുത്തു. ഞാൻ എല്ലാവരുമായും സംസാരിച്ചു. പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കും– പി.സി. തോമസ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക