മുംബൈ: സഹപ്രവര്‍ത്തകര്‍ ഒന്നിനു പിറകെ ഒന്നായി കൂറുമാറിയതിന് പിന്നാലെ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെക്ക് മറ്റൊരു തിരിച്ചടിയായി അനന്തരവന്‍ നിഹാര്‍ താക്കറെയുടെ കൂടുമാറ്റം. മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്നാഥ് ഷിന്‍ഡെയെ കണ്ട് അനന്തരവന്‍ നിഹാര്‍ താക്കറെ പിന്തുണ പ്രഖ്യാപിച്ചു. യഥാര്‍ഥ ശിവസേനയായി തങ്ങളെ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷനെ കാണാനിരിക്കുന്ന ഷിന്‍ഡെക്ക് നിഹാര്‍ താക്കറെയുടെ പിന്തുണ മുതല്‍ക്കൂട്ടായി.

ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ കൊച്ചുമകനും അന്തരിച്ച ബിന്ദുമാധവ് താക്കറെയുടെ മകനുമാണ് നിഹാര്‍ താക്കറെ. സജീവരാഷ്ട്രീയത്തിലില്ലാത്ത നിഹാര്‍ താക്കറെ മുംബൈയില്‍ അഭിഭാഷകനായി പ്രവര്‍ത്തിക്കുകയാണ്. ബി.ജെ.പി നേതാവ് ഹര്‍ഷവര്‍ധന്‍ പാട്ടീലിന്‍റെ മകള്‍ അങ്കിതയെയാണ് നിഹാര്‍ വിവാഹം ചെയ്തത്. അതേസമയം, ശിവസേനയുടെ അവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ ഉദ്ധവ് പക്ഷത്തോടും ഷിന്‍ഡെ പക്ഷത്തോടും രേഖകള്‍ സമര്‍പ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ആവശ്യപ്പെട്ടു. ആഗസ്റ്റ് എട്ടിനകം ഇതുസംബന്ധിച്ച്‌ മറുപടി നല്‍കണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക