ലഖ്‌നൗ: ഞായറാഴ്ച യുപി തലസ്ഥാനത്ത് പ്രവർത്തനമാരംഭിച്ച ലുലു മാളിനെതിരെ അഖിൽ ഭാരത് ഹിന്ദു മഹാസഭ. കെട്ടിടത്തിൽ നമസ്‌കാരം നടന്നെന്നും മാൾ ബഹിഷ്‌കരിക്കണമെന്നും ഹിന്ദു മഹാസഭ ആവശ്യപ്പെട്ടു. മാൾ ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതായും സംഘടന ആരോപിച്ചു. കഴിഞ്ഞ ദിവസം ലുലു മാളിലേത് എന്ന പേരിൽ വിശ്വാസികൾ നമസ്‌കരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബഹിഷ്കരണാഹ്വാനം. 

മാളിൽ നമസ്‌കാരം തുടർന്നാൽ രാമായണത്തിലെ സുന്ദരകാണ്ഡം വായിക്കുമെന്ന് മഹാസഭ ദേശീയ വക്താവ് ശിശിർ ചതുർവേദി പ്രസ്താവനയിൽ പറഞ്ഞു. മാളിൽ ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കപ്പെടുന്നു എന്ന തരത്തിലുള്ള വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മാൾ നിർമിക്കാൻ ഒരുപാട് കള്ളപ്പണം ഉപയോഗിച്ചിട്ടുണ്ട്. സനാതന ധർമം ആചരിക്കുന്നവർ മാൾ ബഹിഷ്‌കരിക്കണം- പ്രസ്താവന ആവശ്യപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദൈനിക് ഭാസ്‌കർ, ആജ് തക് അടക്കമുള്ള ഹിന്ദി മാധ്യമങ്ങൾ ബഹിഷ്‌കരണാഹ്വാനം റിപ്പോർട്ടു ചെയ്തു. ലുലു മാള്‍ ലഖ്‌നൗ എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രന്‍ഡിങ്ങാണ്. വീഡിയോയുമായി തങ്ങൾക്ക് ബന്ധമില്ലെന്നാണ് മാൾ അധികൃതർ നൽകുന്ന വിശദീകരണം.

പൊതുസ്ഥലത്ത് നമസ്‌കാരം നടത്തരുത് എന്ന നിയമമാണ് തെറ്റിച്ചത്. മാളിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട എഴുപത് ശതമാനം പുരുഷന്മാരും ഒരു സമുദായത്തിൽനിന്നുള്ളവരാണ്. പെൺകുട്ടികൾ മറ്റൊരു സമുദായത്തിൽനിന്നുള്ളവരും. മതഭ്രാന്തുള്ള വ്യക്തിയുടേതാണ് മാൾ. മുഖ്യമന്ത്രി യോഗി ആദിത്യനാത് വിഷയത്തില്‍ അടിയന്തരമായി ഇടപെടണം – ചതുർവേദി ആവശ്യപ്പെട്ടു. 

ആർഎസ്എസ് മുഖവാരികയായ ‘ഓർഗനൈസര്‍’ അടക്കമുള്ള തീവ്രവലതുപക്ഷ ട്വിറ്റർ ഹാൻഡിലുകൾ നമസ്‌കാരത്തിന്റെ വീഡിയോ പങ്കുവച്ചു. ‘മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഈയിടെ തുറന്നു കൊടുത്ത ലുലുമാളിൽ മുസ്‌ലിംകൾ നമസ്‌കരിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ. മാളിലെ പുരുഷ ജീവനക്കാരെല്ലാം മുസ്‌ലിംകളും വനിതാ ജീവനക്കാരെല്ലാം ഹിന്ദുക്കളുമാണ് എന്നാണ് പറയപ്പെടുന്നത്’ – എന്ന ശീർഷകത്തോടെയാണ് വീഡിയോ ഷെയർ ചെയ്തിട്ടുള്ളത്. 

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക