തിരുവനന്തപുരം: എംഎല്‍എ സ്ഥാനം സജി ചെറിയാന്‍ സ്വയം രാജിവയ്ക്കില്ല. എന്തു സമ്മര്‍ദ്ദം ഉണ്ടെങ്കിലും നിയമസഭാ പ്രതിനിധിയായി സജി ചെറിയാന്‍ തുടരും. ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പുണ്ടാകുന്നത് ഈ ഘട്ടത്തില്‍ പ്രതിസന്ധിയാകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വിലയിരുത്തലാണ് ഇതിന് കാരണം. സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയോടും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

തുടര്‍ഭരണത്തിന്റെ അനുകൂല സാഹചര്യം ചെങ്ങന്നൂരില്‍ തോല്‍വിയുണ്ടായാല്‍ സിപിഎമ്മിന് നഷ്ടമാകും. ഇത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ അടക്കം പ്രതിഫലിക്കും. അതുകൊണ്ട് സജി ചെറിയാന്റെ നിയമസഭാ അംഗത്വ രാജിക്ക് വേണ്ടി പിടിവാശി പിടിക്കരുതെന്നാണ് യെച്ചൂരിയോട് സംസ്ഥാന നേതൃത്വം ആവശ്യപ്പെടുന്നത്. ഈ സാഹചര്യത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ സിപിഎം കേന്ദ്ര നേതൃത്വവും സജി ചെറിയാന് മേല്‍ സമ്മര്‍ദ്ദം ചെലുത്തില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പു വന്നാല്‍ തിരിച്ചടിയുണ്ടാകുമെന്ന് സിപിഎം കരുതുന്നതിന് കാരണങ്ങള്‍ പലതാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍, ചാണ്ടി ഉമ്മന്‍, ജ്യോതി വിജയകുമാര്‍ തുടങ്ങിയ യുവനിര ചെങ്ങന്നൂരില്‍ മത്സരിച്ചാല്‍ എന്തും സംഭവിക്കും. ഓര്‍ത്തഡോക്സ് സഭയ്ക്ക് നിര്‍ണ്ണായക സ്വാധീനം ഈ മേഖലയിലുണ്ട്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ക്രൈസ്തവ സഭകളുടെ പിന്തുണ സിപിഎമ്മിന് കിട്ടിയില്ല. ചെങ്ങന്നൂരിലും ഈ സ്ഥിതി തുടരാം.

ഇതിനൊപ്പം കെ റെയില്‍ സമര മേഖല കൂടിയാണ് ചെങ്ങന്നൂര്‍. ഈ പ്രതിഷേധവും ഇടതിന് വിനയാണ്. അതിനാല്‍ ചെങ്ങന്നൂരില്‍ സിപിഎം ഉപതെരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നില്ലെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ സജി ചെറിയാന്‍ എംഎല്‍എയായി തുടരട്ടേ എന്നതാണ് സിപിഎം നിലപാട്.

കോൺഗ്രസിലെ യുവ നിര ഉയർത്തുന്ന ഭീഷണിയാണ് സജി ചെറിയാന്റെ എംഎൽഎ പദം സംരക്ഷിക്കപ്പെടാൻ കാരണമെന്ന് വിലയിരുത്തണം. സിപിഎം മുന്നോട്ടുള്ള രാഷ്ട്രീയത്തിൽ ഭയപ്പെടേണ്ടത് കോൺഗ്രസിലെ ഈ യുവനിരയെ തന്നെയാണ് എന്നതും രാഷ്ട്രീയ വൃത്തങ്ങൾക്ക് പുതിയ ഒരു വെളിപാടാണ്. കെ സുധാകരൻ- വിഡി സതീശൻ ദ്വയം യുവനിരക്ക് മതിയായ പ്രാധാന്യവും പരിഗണനയും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ അടക്കം കൊടുത്തിരുന്നു. അതുകൊണ്ടുതന്നെ ഇവരുടെ മികവും പ്രാഗൽഭ്യവും പൊതുസമൂഹത്തിലും ദൃശ്യമായതാണ്. പതിറ്റാണ്ടുകളായി കോൺഗ്രസിൽ ഇത്തരമൊരു സ്പേസ് യുവനിരക്ക് ലഭിച്ചിരുന്നില്ല എന്നതിന് കൃത്യമായ മാറ്റം പുതിയ നേതൃത്വത്തിന് കീഴിൽ സംഭവിച്ചുകഴിഞ്ഞു. അതിനാൽ തന്നെയാണ് സിപിഎം മൃഗീയ ഭൂരിപക്ഷത്തിൽ വിജയിച്ചു കേറിയ ഒരു നിയോജക മണ്ഡലത്തിൽ വിജയസാധ്യതയുള്ള ഒരുപിടി യുവ നേതാക്കളുടെ പേര് കോൺഗ്രസ് ചർച്ചകളിൽ ഉയർന്നുവരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക