തിരുവനന്തപുരം: പൊലീസ് വാഹനങ്ങളിൽ മതപരമോ രാഷ്ട്രീയപരമോ വ്യക്തിപരമോ ആയ എഴുത്തുകളോ അടയാളങ്ങളോ പതിപ്പിക്കാൻ പാടില്ലെന്ന് ഡി.ജി.പി ഉത്തരവിട്ടു. ഇത്തരത്തിലുള്ള സ്റ്റിക്കറുകൾ പതിച്ച പൊലീസ് വാഹനങ്ങളുടെ വിഡിയോകൾ വകുപ്പിന്‍റെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
ഏതെങ്കിലും പൊലീസ് വാഹനങ്ങളിൽ ഇത്തരം അടയാളങ്ങൾ ഉണ്ടെങ്കിൽ അവ ഇന്ന് തന്നെ നീക്കം ചെയ്ത് റിപ്പോർട്ട് 23ന് വൈകുന്നേരത്തിനുള്ളിൽ പൊലീസ് ആസ്ഥാനത്ത് നൽകണം. ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ യൂണിറ്റ് മേധാവികൾ സ്വീകരിക്കണം. ഭാവിയിൽ ഇത്തരം നടപടികൾ ആവർത്തിച്ചാൽ വാഹനത്തിന്‍റെ ചുമതലയുള്ള ഡ്രൈവറും വാഹനം അനുവദിക്കപ്പെട്ട ഉദ്യോഗസ്ഥനും തുല്യ ഉത്തരവാദികളായിരിക്കുമെന്നും സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവിൽ പറയുന്നു.
കഴിഞ്ഞ ദിവസം ശബരിമലയിൽ മുസ്ലിം മത ചിഹ്നമായ ചന്ദ്രക്കലയും നക്ഷത്രവും പതിപ്പിച്ച പോലീസ് വാഹനം എത്തിയിരുന്നു. ഈ വാഹനത്തിന്റെ ചിത്രവും വീഡിയോയും ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപക വിമർശനവും ഉയർന്നിരുന്നു. ഏതെങ്കിലും മതങ്ങളുടെ അടയാളങ്ങൾ പോലീസ് വാഹനങ്ങളിൽ പതിപ്പിക്കുന്നതിന് എതിരെയായിരുന്നു വിമർശനങ്ങൾ. ഈ പശ്ചാത്തലത്തിലാണ് ഡിജിപിയുടെ സർക്കുലർ.