ന്യൂഡല്‍ഹി: കണ്ണൂര്‍-തിരുവനന്തപുരം വിമാനത്തില്‍ വച്ചുണ്ടായ അനിഷ്ട സംഭവങ്ങളില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം ഇടപെടുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചതിലും, മന്ത്രി ഇ.പി.ജയരാജന്‍ പ്രവര്‍ത്തകരെ തള്ളിമാറ്റിയതുമാണ് വിവാദമായത്. ഇ.പി.ജയരാജന്‍ രണ്ട് യാത്രക്കാരെ കൈയേറ്റം ചെയ്തെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററിലൂടെ ഹൈബി ഈഡന്‍ ഉന്നയിച്ച പരാതിയില്‍ പരിശോധിച്ച്‌ നടപടിയെടുക്കുമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മറുപടി നല്‍കി.

‘മുദ്രാവാക്യം വിളിച്ച രണ്ട് യാത്രക്കാരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ കൈയേറ്റം ചെയ്യുന്നതും തള്ളിയിടുന്നതും ഈ വീഡിയോയില്‍ വ്യക്തമായി കാണാം. എന്തുകൊണ്ടാണ് ജയരാജനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തത്, പുതിയ ഇന്ത്യയില്‍ നീതി ചിലര്‍ക്ക് മാത്രമാണോ’ കോണ്‍ഗ്രസ് എംപി ഹൈബി ഈഡന്‍ ട്വീറ്റ് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സിന്ധ്യ, ഇന്‍ഡിഗോ, ഡിജിസിഎ എന്നിവരെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ഹൈബിയുടെ ട്വീറ്റ്. ഇതിന് മറുപടിയായി ‘ഞങ്ങളിത് പരിശോധിക്കുകയും ഉടന്‍ നടപടിയെടുക്കയും ചെയ്യുമെന്ന് സിന്ധ്യ മറുപടി നല്‍കി. അറസ്റ്റ് ജയരാജന്‍ എന്ന ഹാഷ്ടാഗോട് കൂടിയായിരുന്നു ഹൈബി പരാതി ഉന്നയിച്ചത്.

അതേസമയം, സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാനും പരാതിക്കാരനുമായ അനില്‍കുമാറിനെയും കൂട്ടി െപാലീസ് പരിശോധന നടത്തി. തെളിവെടുപ്പ് സംബന്ധിച്ച്‌ പൊലീസ് മഹസര്‍ തയാറാക്കി. മുഖ്യമന്ത്രി കണ്ണൂരില്‍നിന്നു തിരുവനന്തപുരത്തെത്തിയ ഇന്‍ഡിഗോ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആര്‍.കെ.നവീന്‍കുമാര്‍, മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍സീന്‍ മജീദ് എന്നിവരാണ് ‘മുഖ്യമന്ത്രി രാജിവയ്ക്കുക’ എന്ന മുദ്രാവാക്യവുമായി പ്രതിഷേധിച്ചത്. ഇവരെ ഇ.പി.ജയരാജന്‍ സീറ്റുകള്‍ക്കിടയിലേക്കു തള്ളിയിട്ടെന്നാണ് പരാതി.

ഇതിനിടെ വിമാനത്തിലെ പ്രതിഷേധവും തുടര്‍ന്നുണ്ടായ സംഭവങ്ങളും അന്വേഷിക്കാന്‍ ഇന്‍ഡിഗോ ആഭ്യന്തര സമിതി രൂപീകരിച്ചു. റിട്ട.ജഡ്ജിയുടെ നേതൃത്വത്തിലുള്ള ആഭ്യന്തര സമിതിയാണ് അന്വേഷണം നടത്തുക. എയര്‍ലൈന്‍ പ്രതിനിധിയും യാത്രക്കാരുടെ പ്രതിനിധിയും സമിതിയിലുണ്ടാകും. സംഭവത്തില്‍ ഇന്‍ഡിഗോ റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പരാതി നല്‍കിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക