തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കര്‍മപദ്ധതി തയാറാക്കാന്‍ കോണ്‍ഗ്രസ്. 14നും 15 നും ചേരുന്ന കെപിസിസിയുടെ ‘നവസങ്കല്‍പ് യോഗം’ സ്ഥാനാര്‍ത്ഥികളെ കുറിച്ച്‌ അടക്കം വിശദ ചര്‍ച്ച നടത്തും. തൃക്കാക്കര വിജയത്തില്‍ നിന്നുള്ള ഊര്‍ജ്ജം നഷ്ടമാകാതിരിക്കാനാണ് ഇത്. തൃക്കാക്കര വിജയത്തിന്റെ പേരില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ ‘ക്യാപ്റ്റനായി’ ചിത്രീകരിച്ചതിന്റെ പേരിലെ വിവാദം അവഗണിക്കും. തൃക്കാക്കരയിലേതു കൂട്ടായ വിജയമാണെന്നും വ്യക്തിപരമായ ക്രെഡിറ്റ് എടുക്കാനില്ലെന്നുമാണ് സതീശന്റെ നിലപാട്.

കേരളത്തിലെ പകുതിയിലേറെ മണ്ഡലങ്ങളില്‍ താഴെത്തട്ടില്‍ കോണ്‍ഗ്രസിന് സംഘടനാ സംവിധാനം ഇല്ല. സംഘടനയുണ്ടെങ്കില്‍ സിപിഎമ്മിനെ തോല്‍പ്പിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. തൃക്കാക്കര കണക്കിലെടുത്ത് നീട്ടിവച്ച സംഘടനാ തിരഞ്ഞെടുപ്പു നടപടിക്രമങ്ങളിലേക്കും കോണ്‍ഗ്രസ് വൈകാതെ കടക്കും. വോട്ടര്‍ പട്ടികകള്‍ ഡിസിസികളില്‍ പ്രസിദ്ധീകരിക്കുന്നതാണ് അടുത്ത ഘട്ടം. അതു കഴിഞ്ഞാല്‍ ബൂത്ത് മുതല്‍ തിരഞ്ഞെടുപ്പ്. ഇതിന് ശേഷം സംഘടനാ തെരഞ്ഞെടുപ്പ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലോക്‌സഭയില്‍ മികച്ച വിജയമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇതിന് വേണ്ടി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പോലും ഉടന്‍ നടക്കും. 20ല്‍ 19ഉം യുഡിഎഫിന്റെ സിറ്റിങ് സീറ്റകളാണ്. അതുകൊണ്ട് തന്നെ ആ വിജയം നേടാന്‍ ഏറെ പ്രയത്‌നിക്കേണ്ടി വരും. ശബരിമല പ്രക്ഷോഭ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് മുന്നണിക്ക് 19 സീറ്റു കിട്ടിയത്. എന്നാല്‍ സാഹചര്യങ്ങളില്‍ ആകെ മാറ്റമുണ്ട്. അതുകൊണ്ട് തന്നെ അത്രയും സീറ്റ് നേടുകയെന്നത് വെല്ലുവിളിയാണ്. അതുകൊണ്ടാണ് മുന്നൊരുക്കങ്ങള്‍.

ഉദയ്പുരിലെ ചിന്തന്‍ ശിബിരം തിരഞ്ഞെടുപ്പു മേല്‍നോട്ടത്തിനു സ്ഥിരം സംവിധാനം ഉണ്ടാക്കിയതിനു സമാനമായി സംസ്ഥാന, ജില്ലാ തല സമിതികള്‍ ‘നവസങ്കല്‍പ് യോഗം’ മുമ്ബോട്ട് വയ്ക്കും. ഭരണം, വികസനം, ആസൂത്രണം എന്നിവ സംബന്ധിച്ച കാഴ്ചപ്പാടുകളും നയങ്ങളും രൂപീകരിക്കാന്‍ ഉതകുന്ന സമിതികള്‍ രൂപീകരിക്കണമെന്ന നിര്‍ദ്ദേശവും ആലോചിക്കും. ഉദയ്പുര്‍ ചിന്തന്‍ ശിബിരത്തിന്റെ ചുവടു പിടിച്ച്‌ സംസ്ഥാന ഘടകങ്ങളും തുടര്‍ചര്‍ച്ച നടത്തണമെന്ന എഐസിസി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്തെ ദ്വിദ്വിന സമ്മേളനം.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കള്‍ തന്നെ മത്സരിക്കും. കെസി വേണുഗോപാല്‍ അടക്കം മത്സരിക്കണമെന്ന ചര്‍ച്ച കോണ്‍ഗ്രസില്‍ സജീവമാണ്. എന്നാല്‍ കെ മുരളീധരന്‍, അടൂര്‍ പ്രകാശ്. ഹൈബി ഈഡന്‍ എന്നിവവര്‍ക്ക് ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ താല്‍പ്പര്യ കുറവുണ്ട്. കേരള രാഷ്ട്രീയത്തില്‍ സജീവമാകാനാണ് ഇവര്‍ക്ക് താല്‍പ്പര്യം. ഇത്തരം വിഷയങ്ങളും ‘നവസങ്കല്‍പ് യോഗം’ ഗൗരവത്തോടെ പരിഗണിക്കും. ‘തൃക്കാക്കര മോഡല്‍’ പാര്‍ട്ടി പൊതുവില്‍ പകര്‍ത്തണം എന്ന വികാരം ശക്തമാണ്.

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഒരു മനസ്സോടെ മുമ്ബോട്ട് പോകും. കേരളത്തിലെ തീരുമാനങ്ങള്‍ കെപിസിസി എടുക്കും. ഇതില്‍ ഹൈക്കമാണ്ട് ഇടപെടല്‍ ഉണ്ടാകില്ലെന്നും ഉറപ്പിക്കും. ഇതിന് വേണ്ടി കൂടിയാണ് നവ സങ്കല്‍പ് യോഗം ചേരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക