കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ജോസ് കെ മാണിയെ ഇടതുമുന്നണിയിൽ എത്തിച്ചതും, തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി കെ വി തോമസിനെ സിപിഎമ്മിനൊപ്പം നിർത്തിയതും മുഖ്യമന്ത്രി പിണറായിയുടെ പ്രത്യേക താൽപര്യപ്രകാരമാണ്. റോമൻ കത്തോലിക്ക ലത്തീൻ കത്തോലിക്കാ വിഭാഗങ്ങളെ തന്നിലേക്ക് അടുപ്പിക്കാനുള്ള പാലങ്ങൾ ആയിട്ടാണ് ഈ നേതാക്കളെ മുഖ്യമന്ത്രി മനസ്സിൽ കണ്ടത്. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വന്തം തട്ടകമായ പാലായിൽ ജോസ് കെ മാണി ദയനീയമായി പരാജയപ്പെട്ടിട്ടും പിണറായിക്ക് പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ടുതന്നെയാണ് തൃക്കാക്കരയിൽ ഒരു പൂഞ്ഞാർ ക്രിസ്ത്യാനിയെ സ്ഥാനാർഥിയാക്കിയതും, നോമിനേഷൻ മുതൽ പ്രചാരണരംഗത്ത് ജോസ് കെ മാണിയെ സജീവമാക്കിയതും. എന്നാൽ ഇതുകൊണ്ട് ആകെ ഉണ്ടായ പ്രയോജനം തൃക്കാക്കരയിൽ തോറ്റുപോയത് ജോസ് കെ മാണി ആണ് എന്നു തോന്നിക്കുന്ന വിധത്തിൽ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം അദ്ദേഹത്തിനെതിരെ ഉയർന്നുവരുന്ന ട്രോളുകൾ ആണ്.

ജോസ് കെ മാണിക്ക് ക്രൈസ്തവ റോമൻ കത്തോലിക്കാ വിഭാഗങ്ങളിൽ ഒരു സ്വാധീനവും ചെലുത്താൻ കഴിഞ്ഞില്ല എന്ന് മാത്രമല്ല ഈ വിഭാഗങ്ങളുടെ വോട്ട് യുഡിഎഫിൽ കേന്ദ്രീകരിക്കുന്ന കാഴ്ചയാണ് തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുമ്പോൾ വ്യക്തമാകുന്നത്. കാടിളക്കി ഉള്ള അദ്ദേഹത്തിൻറെ പ്രചരണം ഇവിടത്തെ സ്ഥാനാർത്ഥിക്ക് തിരിച്ചടിയായി എന്നുപോലും സിപിഎം പ്രാദേശിക നേതാക്കൾ രഹസ്യമായി സൂചിപ്പിക്കുന്നു. സ്വന്തം തട്ടകത്തിൽ ദയനീയമായി പരാജയപ്പെട്ട ആൾ തൃക്കാക്കരയിൽ തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗമായാൽ ഇതിനപ്പുറം നടന്നേക്കും എന്ന പരിഹാസവും ചില ഇടതു കേന്ദ്രങ്ങളിൽനിന്ന് ഉയരുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കെ വി തോമസ് എന്ന മാൻഡ്രേക്ക്:

കോൺഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ കൂടെ നിന്ന് പതിറ്റാണ്ടുകളോളം, എംഎൽഎയും എംപിയും ആയി വിലസിയ ആളാണ് കെ വി തോമസ്. കേന്ദ്രത്തിലും കേരളത്തിലും മന്ത്രി പദവിയും ലഭിച്ചിട്ടുണ്ട്. 70 വയസ്സ് കഴിഞ്ഞപ്പോൾ പുതു നേതൃത്വത്തിന് പരിഗണന നൽകുവാൻ അദ്ദേഹത്തെ പാർട്ടി മാറ്റി നിർത്തുകയായിരുന്നു. എന്നാൽ ഈ അവസരം വിനിയോഗിച്ച് കെ വി തോമസ് എന്ന അത്യാഗ്രഹിയായ നേതാവിനെ കൂടെ കൂട്ടി നിർത്തി ലത്തീൻ വോട്ടുകൾ തന്നിലേക്ക് അടുപ്പിക്കാം എന്ന് പിണറായി കണക്കുകൂട്ടി. ഇതുകൊണ്ട് പക്ഷേ സംഭവിച്ചത് ഇടാമായിരുന്നു കുറെ വോട്ടുകൾ കൂടി നഷ്ടപ്പെട്ടു എന്നതാണ്.

പാളുന്ന സോഷ്യൽ എൻജിനീയറിങ്

സ്വന്തം മരുമകനായ മുഹമ്മദ് റിയാസിലൂടെ മുസ്ലിം സമുദായത്തെയും, ജോസ് കെ മാണിയിലൂടെ റോമൻ കത്തോലിക്കാ വിഭാഗത്തെയും, കെ വി തോമസിലൂടെ ലത്തീൻ കത്തോലിക്കാ വിഭാഗത്തെയും ചേർത്തുനിർത്തി ന്യൂനപക്ഷ ഏകീകരണമാണ് പിണറായി ലക്ഷ്യമിട്ടത്. അതി തീവ്ര മത ദ്രുവീകരണം സൃഷ്ടിച്ചെടുത്ത് അധികായൻ ആയി ഭരിക്കാനുള്ള മുഖ്യമന്ത്രിയുടെ മോഹങ്ങൾ കേട്ടാൽ തിരിച്ചടിയാണ് പക്ഷേ തൃക്കാക്കര ഫലം.

വിഡി സതീശനെ കടന്നാക്രമിക്കാൻ ചില ക്രിസ്ത്യൻ അല്മായ തീവ്ര സംഘടനകളെ പ്രോത്സാഹിപ്പിച്ചതും ബിജെപിയെ കാൾ ഉപരിയായി ഇടത് സൈബർ കേന്ദ്രങ്ങളാണ്. പോപ്പുലർ ഫ്രണ്ട് ഉയർത്തിയ ക്രൈസ്തവ ഹൈന്ദവ വിരുദ്ധ മുദ്രാവാക്യങ്ങൾക്ക് പോലും വിഡി സതീശനെ കടന്നാക്രമിക്കുകയാണ് ഇത്തരം ക്രിസംഘി ഗ്രൂപ്പുകൾ ചെയ്തത്. എന്നാൽ കലാപാഹ്വാനം നടത്തിയ വരോട് സർക്കാർ സ്വീകരിക്കുന്ന മൃദുസമീപനം ഇവർ കണ്ടില്ലെന്ന് നടിക്കുകയും ചെയ്തു. ഈ കാപട്യം തൃക്കാക്കരയിലെ മതേതര വോട്ടർമാർ തിരിച്ചറിഞ്ഞതും തങ്ങൾക്ക് പോലും താൽപര്യമില്ലാത്ത നേതാക്കളെ ക്രൈസ്തവ വിഭാഗ പ്രതിനിധികളായി ഉയർത്തി കാട്ടുവാൻ സർക്കാരും സിപിഎമ്മും നടത്തിയ ശ്രമങ്ങളും അവർക്ക് വിനയായി എന്ന് പറയേണ്ടിവരും.

കത്തോലിക്കാ വിഭാഗങ്ങളിൽ ജോസിനെക്കാൾ സ്വീകാര്യത പി സി ജോർജ്ജിന്:

തീവ്ര നിലപാടുള്ള ചില ന്യൂനപക്ഷ സംഘടനകളുടെ ഇടപെടലുകളെ സഭയും വിശ്വാസ സമൂഹത്തിൽ ഒരു വിഭാഗവും ആശങ്കയോടെയാണ് കാണുന്നത്. അവർക്കെതിരെ കടന്നാക്രമണം നടത്തുന്ന പി സി ജോർജ്ജിന് അതുകൊണ്ടുതന്നെ ചില വിഷയങ്ങളിൽ സഭയുടെ/ വിശ്വാസികളുടെ പിന്തുണയും ലഭിക്കുന്നുണ്ട്. എന്നാൽ ലൗജിഹാദ് ഉൾപ്പെടെയുള്ള വിഷയങ്ങളോട് പ്രതികരിക്കാതെ മുഖം തിരിഞ്ഞു നിൽക്കുന്ന ജോസ് കെ മാണി അധികാരത്തിനു വേണ്ടി മാത്രമാണ് തങ്ങളുടെ വക്താവ് ആകാൻ ശ്രമിക്കുന്നത് എന്ന തിരിച്ചറിവും ഈ വിഭാഗങ്ങളിൽ രൂപപ്പെടുന്നുണ്ട്.

ജോസ് കെ മാണിയെക്കാൾ പി സി ജോർജിനെ പിന്തുണയ്ക്കാൻ ആണ് അതുകൊണ്ടുതന്നെ ഈ വിഭാഗങ്ങൾക്ക് താൽപര്യവും. കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ യുഡിഎഫ് തന്നെയാവും കൂടുതൽ വിശ്വസിക്കാവുന്ന വിഭാഗം എന്ന് തൃക്കാക്കര തിരഞ്ഞെടുപ്പ് ഫലത്തോടെ ചില ക്രൈസ്തവ കേന്ദ്രങ്ങളിൽ വിലയിരുത്തലുകളും വരുന്നുണ്ട്. ഇതിന് പ്രധാനപ്പെട്ട ഒരു കാരണം മുസ്ലിം ലീഗ് പുലർത്തുന്ന മതേതര സ്വഭാവവും, ലീഗിനെ തളർത്താൻ ശ്രമിക്കുന്ന പോപ്പുലർ ഫ്രണ്ട് എസ്ഡിപിഐ പോലുള്ള സംഘടനകളുടെ അതിതീവ്ര ഇതര മതവിരുദ്ധ നിലപാടുകളുമാണ്. ഈ സംഘടനകളോട് സർക്കാർ സ്വീകരിക്കുന്ന മൃദു സമീപനവും പ്രധാനപ്പെട്ട ഒരു കാരണമാണ്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക