തൃക്കാക്കരയിൽ യുഡിഎഫും കോൺഗ്രസും നേടിയ ഉജ്ജ്വല വിജയം അക്ഷരാർത്ഥത്തിൽ പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ വിജയം കൂടിയാണ്. സ്ഥാനാർഥി നിർണയം മുതൽ സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തിലെ വിവിധ വിഭാഗങ്ങളെ വിശ്വാസത്തിലെടുത്തു കൊണ്ട് അദ്ദേഹത്തിന് കാര്യങ്ങൾ വിജയകരമായി മുന്നോട്ടു നീക്കാൻ കഴിഞ്ഞു. സ്വന്തം ജില്ലയിൽ നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പൂർണ്ണ ഉത്തരവാദിത്വം അദ്ദേഹം ചുമലിലേറ്റി.

സംസ്ഥാനത്ത് കോൺഗ്രസിനെ സംബന്ധിച്ച് നിലനിൽപ്പിന്റെ വിഷയം കൂടിയായിരുന്നു തൃക്കാക്കരയിലെ അഭിമാന വിജയം. എങ്കിലും അത്തരമൊരു വിജയത്തിനുവേണ്ടി തൻറെ നിലപാടുകളിൽ ഒരു തുള്ളി വെള്ളം ചേർക്കുവാൻ വിഡി സതീശൻ തയ്യാറായിരുന്നില്ല. വിവിധങ്ങളായ സാമുദായിക ഗ്രൂപ്പുകൾ പലപ്പോഴും അദ്ദേഹം ഉയർത്തിപ്പിടിച്ച മതേതര നിലപാടിന്റെ പേരിൽ വലിയ രീതിയിലുള്ള വിമർശനമാണ് പ്രതിപക്ഷ നേതാവിനെതിരെ ഉയർത്തി വിട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അപ്പോഴും തലയുയർത്തിപ്പിടിച്ച് ഒരു വിധത്തിലുള്ള സമുദായ പ്രീണനവും നടത്താതെ മതേതര മൂല്യങ്ങളിൽ ഊന്നി കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് പരസ്യ പ്രഖ്യാപനം നടത്തുകയും, മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എൽഡിഎഫും, പി സി ജോർജിനെ മുൻനിർത്തി ബിജെപിയും നടത്താൻ ശ്രമിച്ച സോഷ്യൽ എഞ്ചിനീയറിങിനെതിരെ കടുത്ത വിമർശനം അഴിച്ചുവിടുവാനും പ്രതിപക്ഷനേതാവ് തയ്യാറായി. പലപ്പോഴും അദ്ദേഹത്തിൻറെ ഈ ശൈലിയെ പ്രതിച്ഛായയുടെ തടവറ എന്നും സെലക്ടീവ് മതേതരത്വം എന്നും പാർട്ടിക്കുള്ളിൽ തന്നെ രഹസ്യമായി പലരും വിമർശിച്ചിരുന്നു. എന്നാൽ വി ഡി സതീശൻ മുന്നോട്ടു വെക്കുന്നതാണ് ഇനി കോൺഗ്രസിനുള്ള വിജയ് വഴിയെന്ന കൃത്യമായ സൂചനയാണ് തൃക്കാക്കര തിരഞ്ഞെടുപ്പ് ഫലം നൽകുന്നത്.

യുഡിഎഫ് ഘടകകക്ഷികളിൽ ചില പ്രമുഖ പാർട്ടികൾക്ക് ആട്ടം ഉണ്ടെന്ന് സംശയിക്കുന്ന രാഷ്ട്രീയ സാഹചര്യത്തിൽ വിഡി സതീശൻ എന്ന നേതാവ് മുന്നിട്ടു നയിച്ച ഉപതെരഞ്ഞെടുപ്പിൽ നേടിയ ഉജ്ജ്വല വിജയം ഈ ചാഞ്ചാട്ടങ്ങൾക്ക് തടയുവാനും പര്യാപ്തമാകുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ കോൺഗ്രസിനും യുഡിഫിന്നും ഒരു തിരിച്ചുവരവിനുള്ള ഊർജ്ജം നൽകുവാൻ പ്രതിപക്ഷനേതാവ് വി ഡി സതീശനു പിന്നിൽ അവർ ഒരു മനസ്സോടെ അണിനിരക്കാൻ ആണ് സാധ്യത. ഇക്കാരണങ്ങൾ കൊണ്ട് ഇന്നുമുതൽ പ്രതിപക്ഷ നിരയിലെ 41 പേരുടെയും റിയൽ ലീഡറായി വി ഡി എസ് എന്ന് അണികൾ ആവേശത്തോടെ വിളിക്കുന്ന വിഡി സതീശൻ മാറുന്ന കാഴ്ചയാകും യുഡിഎഫ് രാഷ്ട്രീയത്തിലെ തലമുറ മാറ്റം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക