മുംബൈ: രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കാത്തതില്‍ പ്രതിഷേധവുമായി നടിയും മഹിളാ കോണ്‍ഗ്രസ് നേതാവുമായ നഗ്മ. കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ തനിക്ക് സോണിയാ ഗാന്ധി നേരിട്ട് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നെന്ന് നഗ്മ പറയുന്നു. തനിക്കെന്ത് കൊണ്ട് അര്‍ഹതയില്ലെന്നും, കാത്തിരിക്കാന്‍ തുടങ്ങിയിട്ട് 18 വര്‍ഷമായെന്നും നഗ്മ തുറന്നടിക്കുന്നു.

”2003-04 വര്‍ഷത്തില്‍ ഞാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ എനിക്ക് സോണിയാ ഗാന്ധി നേരിട്ട് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതാണ്. അധികാരത്തിലില്ലാത്ത വര്‍ഷങ്ങളുള്‍പ്പടെ, ഇപ്പോള്‍ 18 വര്‍ഷമായി. എനിക്കെന്തുകൊണ്ട് രാജ്യസഭാ സീറ്റിന് അവകാശമില്ല?”, നഗ്മ പുറത്തുവിട്ട ട്വീറ്റില്‍ ചോദിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പത്ത് രാജ്യസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ഇന്നലെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഗ്രൂപ്പ് 23 നേതാക്കളായ ഗുലാം നബി ആസാദിനും, ആനന്ദ് ശര്‍മ്മക്കും സീറ്റില്ല. എന്നാല്‍ മറ്റൊരു നേതാവായ മുകുള്‍ വാസ്നിക്കിന് രാജസ്ഥാനില്‍ നിന്ന് സീറ്റ് നല്‍കിയിട്ടുണ്ട്. പി ചിദംബരം തമിഴ്നാട്ടില്‍ നിന്നും, ജയ്റാം രമേശ് കര്‍ണ്ണാടകത്തില്‍ നിന്നും രാജ്യസഭയിലെത്തും. രണ്‍ദീപ് സിംഗ് സുര്‍ ജേവാല, രാജീവ് ശുക്ല തുടങ്ങിയ വിശ്വസ്തര്‍ക്കും നേതൃത്വം സീറ്റ് നല്‍കിയിട്ടുണ്ട്. അജയ് മാക്കന്‍, രണ്‍ജീത് രഞ്ജന്‍, വിവേക് തന്‍ഖാ, ഇമ്രാന്‍ പ്രതാപ്ഗഡി എന്നിവര്‍ക്കും സീറ്റ് നല്‍കിയിട്ടുണ്ട്.

ഇതില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള നേതാവായ ഇമ്രാന്‍ പ്രതാപ് ഗഡിയുടെ സീറ്റിലാണ് നഗ്മയുടെ പ്രതിഷേധം. മഹാരാഷ്ട്രയില്‍ നിന്നാണ് ഇമ്രാന് സീറ്റ് നല്‍കിയിരിക്കുന്നത്. ‘എന്‍റെ തപസ്യയില്‍ എന്തെങ്കിലും കുറവുണ്ടായിരുന്നിരിക്കണം’, എന്ന് പ്രതിഷേധക്കുറിപ്പ് ട്വിറ്ററിലെഴുതിയ പവന്‍ ഖേരയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് നഗ്മ ഇങ്ങനെ എഴുതി. ‘എന്‍റെ 18 വര്‍ഷത്തെ തപസ്യ ഇമ്രാന്‍ ഭായ്ക്ക് മുന്നില്‍ തകര്‍ന്ന് വീണു’.

അതേസമയം, തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ പിന്നാക്കവിഭാഗങ്ങളെ തഴഞ്ഞതിലും, സംസ്ഥാനനേതാക്കളെ പരിഗണിക്കാതിരുന്നതില്‍ രാജസ്ഥാന്‍ ഘടകത്തിലും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. പുറത്ത് നിന്നുള്ള നേതാക്കളെ പരിഗണിച്ചതില്‍ അതൃപ്തി രാജസ്ഥാന്‍ ഘടകം നേരിട്ടറിയിച്ചു കഴിഞ്ഞു. തീരുമാനം പുനഃപരിശോധിക്കണമെന്ന് തന്നെയാണ് ഇവരുടെ ആവശ്യം. സംസ്ഥാന നേതാക്കളെ പരിഗണിച്ചില്ലെങ്കില്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

അതേസമയം, സ്ഥാനാര്‍ത്ഥി പട്ടികയില്‍ എത്ര പിന്നാക്കക്കാരുണ്ടെന്ന ചോദ്യവുമായി ഗുജറാത്തിന്‍റെ ചുമതലയുള്ള ജിതേന്ദ്ര ഭാഗേല്‍ രംഗത്തെത്തിയതും ശ്രദ്ധേയമായി. ഇതിനെല്ലാമിടയില്‍ രാജ്യസഭാ സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധമറിയിച്ചുള്ള തന്‍റെ നിലപാട് പവന്‍ ഖേര തിരുത്തി. പാര്‍ട്ടി തന്നെ അംഗീകരിച്ചിട്ടുണ്ടെന്ന് പവന്‍ ഖേര പറയുന്നു. അക്കാര്യത്തില്‍ തര്‍ക്കമില്ലെന്നും പവന്‍ ഖേര ഇപ്പോള്‍ വ്യക്തമാക്കുന്നു.

അതേസമയം, ജാര്‍ഖണ്ഡ് രാജ്യസഭ സീറ്റ് ജെഎംഎം ഏറ്റെടുത്താല്‍ സഖ്യം ഉപേക്ഷിക്കുമെന്ന ഭീഷണിയുമായി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാന ഘടകത്തിന്‍റെ അതൃപ്തി മുഖ്യമന്ത്രി ഹേമന്ത് സോറനുമായി കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയില്‍ സോണിയ ഗാന്ധി അറിയിച്ചു. തര്‍ക്കം രൂക്ഷമായതിനാല്‍ പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന ആവശ്യം സോണിയ ഗാന്ധി മുന്‍പോട്ട് വച്ചെങ്കിലും സോറന്‍ പ്രതികരിച്ചിട്ടില്ല. 57 സീറ്റുകളിലേക്ക് അടുത്ത പത്തിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ കുറഞ്ഞത് പത്ത് സീറ്റിലെങ്കിലും ജയിക്കാമെന്നാണ് കോണ്‍ഗ്രസിന്‍റെ കണക്ക് കൂട്ടല്‍.

പരിഹസിച്ച്‌ ബിജെപി

അതേസമയം, കോണ്‍ഗ്രസിന്‍്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ പരിഹസിച്ച്‌ ബിജെപി രംഗത്തെത്തി. ”ചിന്തന്‍ ശിബിരം കൊണ്ട് ഒരു പ്രയോജനവുമുണ്ടായില്ല. ചിന്തന്‍ ശിബിരം നടന്ന രാജസ്ഥാനിലെ നേതാക്കളെ പോലും പരിഗണിച്ചില്ല. മഹാരാഷ്ട്ര, ഛത്തീസ്‍ഗഢ് ഘടകങ്ങളെയും തഴഞ്ഞു”, സ്തുതിപാഠകര്‍ക്കപ്പുറം ഗാന്ധി കുടുംബത്തിന് മറ്റൊന്നുമില്ലെന്ന് ദേശീയ നിര്‍വഹാക സമിതിയംഗം അമിത് മാളവ്യ പരിഹസിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക