കൊച്ചി; തൃക്കാക്കരയില്‍ ട്വന്റി 20 വോട്ടുകള്‍ ആര്‍ക്കെന്ന ചര്‍ച്ചയ്ക്കിടെ പാര്‍ട്ടിയുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. ട്വന്റി-20 ജനങ്ങളില്‍ വേരോട്ടമുള്ള വിഭാഗമാണെന്നും അവരുടെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ തയ്യാറാണെന്നും സുധാകരന്‍ പറഞ്ഞു.

ആരുടെ വോട്ടും ഞങ്ങള്‍ സ്വീകരിക്കും. സ്ഥാനാര്‍ത്ഥിക്ക് എത്ര വോട്ടുകള്‍ കിട്ടുമെന്നതാണ് പ്രധാനം. ട്വന്റി 20 യെ ശത്രുക്കളായി ഞങ്ങള്‍ കാണുന്നില്ല. അവരുടെ പിന്തുണ കിട്ടുമെന്ന് തന്നെയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും കെ സുധാകരന്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആം ആദ്മിയും ട്വന്റി20-യും ഒന്നിച്ചു മത്സരിക്കുമെന്ന് നേരത്തേ സാബു എം. ജേക്കബ് പ്രഖ്യാപിച്ചതോടെ തൃക്കാക്കരയില്‍ ഇക്കുറി ശക്തമായ ചതുഷ്കോണ മത്സരത്തിന് കളമൊരുങ്ങുമെന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാന ഭരണത്തെ ബാധിക്കുന്ന തിരഞ്ഞെടുപ്പല്ലാത്തതിനാല്‍ മത്സരിക്കുന്നില്ലെന്ന് ഇരു പാര്‍ട്ടികളും പിന്നീട് വ്യക്തമാക്കി. ഇതോടെയാണ് മണ്ഡലത്തില്‍ ഏറെ നിര്‍ണായകമായ ട്വന്റി 20 വോട്ടുകള്‍ ആര്‍ക്കൊപ്പമായിരിക്കുമെന്ന ചര്‍ച്ചകള്‍ക്ക് ചൂട് പിടിച്ചത്.

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 13,897 വോട്ടുകളായിരുന്നു ട്വന്റി 20 സ്ഥാനാര്‍ഥി ഡോക്ടര്‍ ടെറി തോമസിന് തൃക്കാക്കരയില്‍ ലഭിച്ചത്. മണ്ഡലത്തിലെ ആകെ വോട്ടിന്റെ പത്ത് ശതമാനമായിരുന്നു ഇത്. ഈ വോട്ടുകളിലാണ് യു ഡി എഫും എല്‍ ഡി എഫും കണ്ണുവെയ്ക്കുന്നത്. അതേസമയം ട്വന്റി 20 വോട്ടുകളില്‍ ബി ജെ പിയും പ്രതീക്ഷ വെയ്ക്കുന്നുണ്ട്.

തൃക്കാക്കരയില്‍ ട്വന്റി 20യുടെ പിന്‍മാറ്റത്തോടെ ആ വോട്ടുകള്‍ ഗുണം ചെയ്യുക എന്‍ ഡി എയ്ക്ക് ആയിരിക്കുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എല്‍ ഡി എഫ്- യു ഡി എഫ് വിരുദ്ധ വോട്ടുകളാണ് ട്വന്റി 20 കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ പിടിച്ചതെന്നും തൃക്കാക്കരയിലെ ഇന്നത്തെ സാമൂഹ്യ അന്തരീക്ഷം എന്‍ ഡി എയ്ക്ക് അനുകൂലമാണെന്നുമായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്.

അതേസമയം ട്വന്റി 20യുമായി സഹകരിക്കുമെന്ന കെ സുധാകരന്റെ പ്രസ്താവനയ്ക്കെതിരെ മന്ത്രി പി രാജീവ് രംഗത്തെത്തി. കോണ്‍ഗ്രസിന് ധാര്‍മികതയില്ലെന്നും പി ടി തോമസിന്റെ നിലപാടുകളെ കോണ്‍ഗ്രസ് വെല്ലുവിളിക്കുകയാണെന്നും രാജീവ് പറഞ്ഞു. ട്വന്റി-20ക്ക് വോട്ട് ചെയ്ത വിഭാഗം ജോ ജോസഫിനെ പിന്തുണയ്ക്കുമെന്നും രാജീവ് അവകാശപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക