ന്യൂഡല്‍ഹി: തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ കേരളത്തില്‍ എത്തുന്നു. ട്വിന്റി 20 സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനായാണ് കെജ്രിവാള്‍ എറണാകുളത്ത് എത്തുന്നത്. മെയ് 15ന് കിഴക്കമ്ബലത്താണ് കെജ്രിവാള്‍ പങ്കെടുക്കുന്ന പൊതുസമ്മേളനം. തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിലും അദ്ദേഹം പങ്കെടുത്തേക്കുമെന്നാണ് സൂചന.

കെജ്രിവാള്‍ പ്രസംഗിക്കുന്ന പൊതുസമ്മേളനത്തില്‍ അരലക്ഷം പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് ട്വന്റി 20 അവകാശപ്പെടുന്നു. ഉപതെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയും ട്വന്റി 20യും കൈകോര്‍ത്ത് മത്സരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇരുപാര്‍ട്ടികള്‍ക്കും വേണ്ടി ഒറ്റ സ്ഥാനാര്‍ത്ഥിയാകും ഉണ്ടാവുകയെന്ന് ട്വന്റി 20 ചെയര്‍മാന്‍ സാബു എം ജേക്കബ് അറിയിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉപതെരഞ്ഞടുപ്പില്‍ പിടിയുടെ ഭാര്യ ഉമാ തോമസിനെ മത്സര രംഗത്തിറക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. നിലവിലുള്ള ശക്തമായ സ്വാധീനം, ഉമാ തോമസ് സ്ഥാനാര്‍ത്ഥിയായി വരുന്നതോടെയുണ്ടാകുന്ന സഹതാപ തരംഗം, ഭരണവിരുദ്ധ വികാരം ഉയര്‍ത്തിയുള്ള പ്രചരണം എന്നിവയിലൂടെ സീറ്റ് നിലനിര്‍ത്താമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ തൃക്കാക്കര പിടിച്ചെടുക്കാനാകുമെന്നാണ് സിപിഐഎം വിലയിരുത്തല്‍. സ്വതന്ത്രന് പകരം ഇത്തവണ പാര്‍ട്ടിയിലെ കരുത്തനായ ഒരാളെ നിര്‍ത്തണമെന്ന് എല്‍ഡിഎഫ് അണികള്‍ക്കിടയില്‍ ആവശ്യമുയരുന്നുണ്ട്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിടി തോമസിന്റെ നിര്യാണത്തേത്തുടര്‍ന്നാണ് തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 2021 ല്‍ എന്‍ഡിഎഫ് സ്വതന്ത്രന്‍ ഡോ. ജെ ജേക്കബിനേയും 2016ല്‍ സെബാസ്റ്റിയന്‍ പോളിനേയുമാണ് പിടി തോമസ് പരാജയപ്പെടുത്തിയത്. മേയര്‍ എം അനില്‍കുമാറിന്റെയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജിന്റെയും പേരുകളാണ് സിപിഐഎമ്മിന്റെ ആദ്യ ചര്‍ച്ചകളിലുള്ളത്. തൃക്കാക്കര നിയമസഭ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി എഎന്‍ രാധാകൃഷ്ണന്‍ ആവുമെന്ന് ഏതാണ്ട് ഉറപ്പായി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര നിയമസഭാ മണ്ഡലത്തില്‍ ശക്തമായ ത്രികോണ മത്സരമുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക