പാട്‌ന: മദ്യപിക്കുന്നവര്‍ മഹാപാപികളെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. വിഷമദ്യം കഴിച്ച്‌ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കല്‍ സര്‍ക്കാരിന്റെ ഉത്തരവാദിത്വമല്ലെന്നും നിതീഷ് കുമാര്‍ നിയമസഭയില്‍ വ്യക്തമാക്കി. സംസ്ഥാനത്ത് വ്യാജമദ്യ ദുരന്തങ്ങള്‍ വ്യാപകമാകുന്നതിന്റെ വിമര്‍ശനം നേരിടുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.

മദ്യപിക്കുന്നത് മഹാത്മഗാന്ധി പോലും പാപമായി കണക്കാക്കിയിരുന്നു. ഇത്തരക്കാരെ താന്‍ ഇന്ത്യക്കാരായി പോലും കണക്കാക്കുന്നില്ല. വ്യാജമദ്യമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ അത് ഉപയോഗിക്കുന്നവര്‍ അതിന്റെ അനന്തരഫലങ്ങളും ഏറ്റുവാങ്ങണം. സംസ്ഥാനത്തിനോ സര്‍ക്കാരിനോ അതില്‍ ഉത്തരവാദിത്വമേല്‍ക്കാനാവില്ല. അത് അവരുടെ തെറ്റാണ്. വിഷമദ്യമാകാന്‍ സാധ്യതയുണ്ടെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് അവര്‍ അത് കുടിക്കുന്നതെന്നും നിധീഷ് കുമാര്‍ പറഞ്ഞു. സംസ്ഥാനത്ത് മദ്യനിരോധനം ഫലപ്രദമായി നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് സംഭവിച്ച പരാജയമാണ് നിരന്തരമായുണ്ടാവുന്ന മദ്യദുരന്തങ്ങള്‍ക്ക് കാരണമെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2021-ലെ അവസാന ആറ് മാസങ്ങളില്‍ മാത്രം സംസ്ഥാനത്ത് മദ്യ ദുരന്തത്തില്‍ അറുപതിലേറെ ആളുകള്‍ക്ക് ജീവന്‍ നഷ്ടമായതായാണ് ഔദ്യോഗിക കണക്ക്. മദ്യ നിരോധനം രേഖകളില്‍ മാത്രമാണ് നിലനില്‍ക്കുന്നതെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചു. വിഷയത്തില്‍ സഖ്യകക്ഷിയായ ബി.ജെ.പിയും സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക