‘ഇന്ത്യ’ പ്രതിപക്ഷസഖ്യത്തിന് കനത്ത ആഘാതമേല്‍പ്പിച്ച്‌ ജെ.ഡി.യു. നേതാവ് നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. ബിഹാറിലെ മഹാസഖ്യംവിട്ട് നിതീഷ് എൻ.ഡി.എയിലേക്ക് തിരിച്ചെത്തുന്നുവെന്ന് ദിവസങ്ങള്‍ക്ക് മുമ്ബുതന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഞായറാഴ്ച രാവിലെ ചേർന്ന നിയമസഭാ കക്ഷിയോഗത്തിനുശേഷമാണ് അദ്ദേഹം ഗവർണർക്ക് രാജി സമർപ്പിച്ചത്.

വൈകിട്ടോടെ എൻ.ഡി.എ. മുഖ്യമന്ത്രിയായി നിതീഷ് സത്യപ്രതിജ്ഞ ചെയ്തേക്കും. എന്നാല്‍, മുന്നണിമാറ്റം സംബന്ധിച്ച്‌ നിതീഷ് പ്രതികരിച്ചിട്ടില്ല.അതേസമയം, ഇക്കുറി ബി.ജെ.പിയുടെ സ്വന്തം മുഖ്യമന്ത്രി വേണമെന്ന ആവശ്യം പാർട്ടിക്കുള്ളില്‍ ഉയരുന്നുണ്ട്. ശനിയാഴ്ച വൈകിട്ട് പട്നയില്‍ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങളാണ് അരങ്ങേറിയത്. ആർ.ജെ.ഡി., ജെ.ഡി.യു. നേതാക്കള്‍ പ്രത്യേകം യോഗം ചേർന്നു.ബി.ജെ.പിയുടെ സംസ്ഥാന നേതാക്കള്‍ കേന്ദ്രനേതൃത്വവുമായി നിരന്തരം ആശയവിനിമയം നടത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിതീഷിനെ മുന്നണിയില്‍ പിടിച്ചുനിർത്താൻ കോണ്‍ഗ്രസ് നേതൃത്വം ശനിയാഴ്ച രാത്രി വൈകിയും ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. ബിജെപിക്കും നരേന്ദ്രമോദിക്കുമെതിരെ ഇന്ത്യ സഖ്യം രൂപീകരിച്ച പ്രധാനികളിൽ ഒരാളായിരുന്നു നിതീഷ് കുമാർ. നിതീഷ് തന്നെ പാളയം വിടുമ്പോൾ ഇന്ത്യ സഖ്യത്തിന് അത് കനത്ത ആഘാതമാണ്. ഒരു പരിധിവരെ പൊതു തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു മുമ്പുതന്നെ ബിജെപിക്ക് മുന്നിൽ പ്രതിപക്ഷം ചിഹ്നഭിന്നമാകുകയാണ് എന്ന് പറയാം.

അതിനിടെ, കോണ്‍ഗ്രസ് ഛത്തീസ്ഗഢ് മുൻമുഖ്യമന്ത്രി ഭൂപേഷ് ബഘേലിനെ കാര്യങ്ങള്‍ നിരീക്ഷിക്കാൻ നിയോഗിച്ചിട്ടുണ്ട്. ചില കോണ്‍ഗ്രസ് നിയമസഭാംഗങ്ങള്‍ നിതീഷുമായി രഹസ്യചർച്ച നടത്തുന്നുവെന്ന റിപ്പോർട്ടിനെത്തുടർന്നാണ് ഇത്. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നിതീഷിനെ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സംസാരിക്കാനായില്ല.

അതേസമയം, ആർ.ജെ.ഡി. നേതൃത്വം രാഷ്ട്രീയസ്ഥിതിഗതികള്‍ വിലയിരുത്തിവരുകയാണ്. തീരുമാനമെടുക്കാൻ ലാലു പ്രസാദ് യാദവിനെ പാർട്ടിയോഗം ചുമതലപ്പെടുത്തി. ജെ.ഡി.യു.വില്‍നിന്ന് നേതാക്കളെ അടർത്തി സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിക്കാമെന്ന് പാർട്ടിക്കുള്ളില്‍ അഭിപ്രായമുയർന്നെങ്കിലും ലാലു കുടുംബം അനുകൂലിച്ചില്ല. വെള്ളിയാഴ്ചനടന്ന റിപ്പബ്ലിക്ദിനാഘോഷച്ചടങ്ങില്‍ നിതീഷും തേജസ്വിയും പങ്കെടുത്തിരുന്നെങ്കിലും പരസ്പരം മിണ്ടിയിരുന്നില്ല.

ആം ആദ്മിയും തൃണമൂലും കോൺഗ്രസിനൊപ്പം സഖ്യത്തിന് ഇല്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഉത്തർപ്രദേശിൽ അഖിലേഷ് യാദവും കോൺഗ്രസ് സഖ്യത്തിന് അമിത താല്പര്യമുള്ള ആളല്ല. മഹാരാഷ്ട്രയിൽ അജിത്ത് പവാറിന്റെ നേതൃത്വത്തിൽ നടന്ന രാഷ്ട്രീയ അട്ടിമറി ശരത് പവാറിനെ പാടെ ദുർബലനാക്കി. ബീഹാറിൽ നിതീഷ് കുമാർ കൂടി കൈവിടുന്നതോടെ കോൺഗ്രസിന് സംബന്ധിച്ച് സഖ്യം ഇല്ലാതെ ഒറ്റയ്ക്ക് നീങ്ങുന്നതാണ് അഭികാമ്യം എന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക