കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ബ്യൂറോയിലേക്ക് വീണ്ടും സിപിഐഎം- സിഐടിയു മാര്‍ച്ച്‌. ബ്യൂറോയ്ക്ക് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ഡിഎസ്‌എന്‍ജി വാനിന്റെ കാറ്റഴിച്ചുവിട്ടു. നേരത്തെ തിരുവനന്തപുരത്തെ ചാനല്‍ ആസ്ഥാനത്തിന് പുറമെ കൊച്ചി, കോഴിക്കോട് ബ്യൂറോകളിലേക്കും സംയുക്ത ട്രേഡ് യൂണിയനുകള്‍ മാര്‍ച്ച്‌ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ന്യൂസ് അവര്‍ ചര്‍ച്ചയില്‍ അവതാരകന്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലായിരുന്നു മാര്‍ച്ച്‌.

സംഘടനകള്‍ തിരുവനന്തപുരം ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ച്‌ ഫയര്‍‌സ്റ്റേഷന്‍ ആസ്ഥാനത്തിന് മുന്നില്‍വെച്ച്‌ പൊലീസ് തടഞ്ഞിരുന്നു. രാത്രിയോടെയാണ് കോഴിക്കോട് ബ്യൂറോയിലേക്ക് വീണ്ടും മാര്‍ച്ച്‌ നടത്തിയത്. പ്രതിഷേധക്കാര്‍ ചാനലിനെതിരേയും അവതാരകന്‍ വിനു വി ജോണിനെതിരേയും മുദ്രാവാക്യം മുഴക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സമരം അംഗീകരിക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇതിനോട് പ്രതികരിച്ചിരുന്നു. അസഹിഷ്ണുതയാണ് ഇതിന് പിന്നിലെന്നും വിമര്‍ശനമുണ്ടായാല്‍ മാധ്യമ സ്ഥാപനങ്ങളുടെ മുന്നിലേക്ക് പ്രതിഷേധം നടത്തുകയുമല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, അവതരാകന്റെ പ്രസ്താവനയില്‍ കടുത്ത വിമര്‍ശനം രേഖപ്പെടുത്തി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. ഒരു ചാനല്‍ അവതാരകന്‍ സംസാരിക്കുന്ന രീതിയില്‍ അല്ല അദ്ദേഹം പറഞ്ഞത്. ഇത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് യോജിച്ച സംസ്‌കാരമല്ല. രഹസ്യമായി ചാനല്‍ ചര്‍ച്ചയിലൂടെ കലാപത്തിന് ആഹ്വാനം ചെയ്തിരിക്കുകയല്ലേ അദ്ദേഹം ചെയ്തിരിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക