കോട്ടയം കടുത്തുരുത്തി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് ഏറെ ദുരൂഹത ഉണ്ടാകുന്ന സംഭവം കഴിഞ്ഞ ദിവസം പുറത്തുവന്നത്. യുവാവിനെ വീട്ടുമുറ്റത്തെ ഷെഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അറുനൂറ്റിമംഗലം കെ.എസ് പുരം മുകളേല്‍ സണ്ണിയുടെ മകന്‍ ഷെറിന്‍ സണ്ണി(21) ആണ് മരിച്ചത്. ഈ സംഭവത്തിലാണ് ദുരൂഹത തുടരുന്നത്.

സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് ഷെറിന്‍ സണ്ണി വിഷവാതകം ശ്വസിച്ച്‌ ആണ് മരിച്ചത് എന്ന നിര്‍ണായക കണ്ടെത്തല്‍ ഉണ്ടായത്. സംഭവത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്തി വരുന്നതായി കടുത്തുരുത്തി പോലീസ് വ്യക്തമാക്കി. കഞ്ചാവ് പുക ശ്വസിച്ച്‌ ആണോ ഷെറിന്‍ സണ്ണി മരിച്ചത് എന്ന കാര്യത്തെ കുറിച്ച്‌ പോലീസ് വിശദമായ പരിശോധന നടത്തി വരികയാണ് എന്ന് കടുത്തുരുത്തി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുവാവ് നേരത്തെയും കഞ്ചാവ് ഉപയോഗിച്ചിരുന്നതായി ഉള്ള വിവരം പൊലീസിനു ലഭിച്ചിട്ടുണ്ട്. കാറിനുള്ളില്‍ വിഷാംശമുള്ള വസ്തുക്കള്‍ കൂട്ടി ഇട്ട് കത്തിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ വസ്തുക്കള്‍ക്കൊപ്പം കത്തിച്ചതിന് പിന്നാലെ എ.സി കൂടി പ്രവര്‍ത്തിച്ചിരുന്നു. ഇതോടെ വിഷപ്പുക അന്തരീക്ഷത്തില്‍ പടരുകയായിരുന്നു. ഇത് ശ്വസിച്ചാണ് യുവാവ് മരിച്ചത് എന്നാണ് പോലീസ് പ്രാഥമികമായി വിലയിരുത്തുന്നത്.

കഞ്ചാവ് ഉപയോഗിച്ചിരുന്ന യുവാവ് കാറിനുള്ളില്‍ കഞ്ചാവ് കത്തിച്ച്‌ പുക പടര്‍ത്തുകയായിരുന്നു എന്നാണ് പൊലീസ് അനുമാനിക്കുന്നത്. കാറിനുള്ളില്‍ പുക നിറച്ച ശേഷം അത് ശ്വസിച്ച്‌ കഞ്ചാവ് വലിക്കുന്നതിനു സമാനമായി പുക ശ്വസിച്ചത് ആകാം എന്നാണ് പോലീസ് വിലയിരുത്തുന്നത്. ഏതായാലും കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടം പരിശോധന നിര്‍ണായകമാണ്.

യുവാവിന്റെ ആന്തരാവയവങ്ങള്‍ രാസ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പത്തോളജി വിഭാഗം നടത്തുന്ന പരിശോധനയില്‍ എന്ത് വിഷാംശമാണ് യുവാവ് ശ്വസിച്ചത് എന്ന് കണ്ടെത്തും. ഇതിനുശേഷം ആകും കേസില്‍ അന്തിമ നിഗമനങ്ങള്‍ ഉണ്ടാക്കുക എന്ന് കടുത്തുരുത്തി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പറഞ്ഞു.

വീട്ടുമുറ്റത്തെ ഷെഡില്‍ രാവിലെ വിറക് എടുക്കാന്‍ ചെന്ന അമ്മ റാണിയാണ് കാറിനുള്ളില്‍ മരിച്ചനിലയില്‍ ഷെറിനെ കണ്ടത്. കോട്ടയത്തുനിന്ന് സയന്റിഫിക് വിദഗ്ദരും വിരളടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് ആണ് കടുത്തുരുത്തി പൊലീസ് കേസെടുത്ത് മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയത്.

മരിച്ച ഷെറിന്‍ സണ്ണിയുടെ സംസ്കാരം നടത്തി. ആഷ്ലി സണ്ണി, കെവിന്‍ സണ്ണി എന്നിവരാണ് ഷെറിന്‍ സണ്ണിയുടെ സഹോദരങ്ങള്‍. ഷെറിന്‍ സണ്ണി ആത്മഹത്യ ചെയ്തതല്ല എന്ന വിശ്വാസത്തിലാണ് കുടുംബാംഗങ്ങള്‍ ഉള്ളത്. അബദ്ധത്തില്‍ വിഷപ്പുക ശ്വസിച്ചത് ആകാം മരണത്തിലേക്ക് നയിച്ചത് എന്നാണ് ബന്ധുക്കള്‍ വിശ്വസിക്കുന്നത്. ഏതായാലും പൊലീസ് അന്വേഷണത്തിന് കാത്തിരിക്കുകയാണ് കുടുംബാംഗങ്ങള്‍. മെഡിക്കല്‍ കോളേജിലെ ശാസ്ത്രീയ പരിശോധന വിവരങ്ങള്‍ കൂടി പുറത്തു വന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ വ്യക്തത വരും എന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. മറ്റ് കാര്യമായ പ്രശ്നങ്ങളൊന്നും ഷെറിനെ അലട്ടിയിരുന്നില്ല എന്നാണ് ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക