
ബൈക്കിലെത്തി വഴിയാത്രക്കാരില്‍ നിന്ന് സ്വർണ മാല, വള എന്നിവ തട്ടിയെടുത്ത സംഭവത്തില്‍ യുവാവ് ഒടുവില്‍ കുടുങ്ങി. ഭുവനേശ്വർ അർബൻ പൊലീസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ (UPD) കീഴിലുള്ള കമ്മീഷണറേറ്റ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ബിഷ്ണു പ്രസാദ് ജെന (22) എന്നയാളാണ് പിടിയിലായത്.
ഇയാളില്‍ നിന്ന് ബജാജ് പള്‍സർ മോട്ടോർസൈക്കിള്‍, മൊബൈല്‍ ഫോണ്‍, ഏകദേശം 200 ഗ്രാം സ്വർണാഭരണങ്ങള്‍, രണ്ട് ലക്ഷം എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.സാധാരണ യാത്രക്കാരില്‍ നിന്ന് സ്വർണ വളകള്‍ തട്ടിയെടുക്കുന്നതില്‍ യുവാവ് വിദഗ്ധനാണ്. കുറ്റകൃത്യങ്ങള്‍ക്കായി മോട്ടോർ സൈക്കിളാണ് ഇയാള്‍ ഉപയോഗിക്കുന്നതെന്നും പൊലീസ് പറഞ്ഞു. തട്ടിയെടുത്ത സ്വർണാഭരണങ്ങള്‍ വിവിധ സ്വർണക്കടകളിലും ബാങ്കുകളിലും പണയപ്പെടുത്തുകയായിരുന്നു ചെയ്‌തിരുന്നത്.
ഭുവനേശ്വറിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 31 കേസുകളാണ് ഇയാള്‍ക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം യുവാവിന്റെ മോഷണ രീതി വ്യക്തമാക്കുന്ന വീഡിയോ കലിംഗ ടിവി പങ്കുവെച്ചു. ഈ വീഡിയോ വൈറലായിട്ടുണ്ട്.