അഹമ്മദാബാദ്: ഇടവേളയ്ക്ക് ശേഷം കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും തമ്മിലുള്ള ചര്‍ച്ചകള്‍ പുനരാരംഭിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ ഉടന്‍ നടക്കാനിരിക്കുന്ന ഗുജറാത്ത് അടക്കമുള്ള സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ചര്‍ച്ചയുടെ അജണ്ടയല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രശാന്ത് കിഷോറും സോണിയ ഗാന്ധി-പ്രിയങ്ക ഗാന്ധി- രാഹുല്‍ ഗാന്ധി എന്നിവരുമായുള്ള ചര്‍ച്ചകള്‍ പരസ്പര സമ്മതത്തോടെ താല്‍ക്കാലികമായി അവസാനിപ്പിച്ചിരുന്നു.

അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലം ഇരുപക്ഷത്തെയും വീണ്ടും ചര്‍ച്ചയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. എന്നാല്‍ 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്ബ് ഒരു സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളും (ഗുജറാത്ത്, കര്‍ണാടക, ഹിമാചല്‍ പ്രദേശ് ഉള്‍പ്പെടെ) കൈകാര്യം ചെയ്യാന്‍ പ്രശാന്ത് കിഷോറിന് താല്‍പ്പര്യമില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. പ്രാദേശിക കക്ഷികള്‍ ശക്തി പ്രാപിക്കുന്നതിനാല്‍ കോണ്‍ഗ്രസും 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഊന്നല്‍ നല്‍കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര, അസം, ഹരിയാന, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബി ജെ പിയുമായി നേരിട്ട് മത്സരിക്കുന്ന കോണ്‍ഗ്രസ് തങ്ങളുടെ സ്വാധീനം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. അല്ലെങ്കില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എയെ പുറത്താക്കാനുള്ള സംയുക്ത പ്രതിപക്ഷത്തിന്റെ ശ്രമങ്ങള്‍ യാഥാര്‍ത്ഥ്യമാകില്ല. ബി ജെ പിയുമായി നേരിട്ട് മത്സരിക്കുന്ന 200 ലധികം ലോക്സഭാ സീറ്റുകള്‍ നേടുന്നതിന് കോണ്‍ഗ്രസ് മുന്‍ഗണന നല്‍കേണ്ടതുണ്ട്.

2014 മുതല്‍, ഈ സംസ്ഥാനങ്ങളില്‍ 90 ശതമാനത്തിലധികം കോണ്‍ഗ്രസ് വിട്ടുകൊടുക്കുകയാണ്. പ്രശാന്ത് കിഷോറിന്റെ തന്ത്രത്തില്‍ ഈ നഷ്ടം 50 ശതമാനമായി കുറയ്ക്കാനായാല്‍ (രണ്ടില്‍ ഓരോ സീറ്റിലും കോണ്‍ഗ്രസ് വിജയിക്കാന്‍ തുടങ്ങിയാല്‍), പ്രതിപക്ഷത്തിന് അത് വലിയ പ്രതീക്ഷ നല്‍കുന്നതായിരിക്കും. മാത്രമല്ല പാര്‍ട്ടി ലൈനുകള്‍ക്ക് അപ്പുറത്തുള്ള വിശാലമായ കോണ്‍ടാക്റ്റ് ബേസ് പ്രശാന്ത് കിഷോറിനുണ്ട്. മമത ബാനര്‍ജി, ശരദ് പവാര്‍, എം കെ സ്റ്റാലിന്‍, ഉദ്ധവ് താക്കറെ, അഖിലേഷ് യാദവ്, കെ ചന്ദ്രശേഖര്‍ റാവു, ഹേമന്ത് സോറന്‍, ജഗന്‍ മോഹന്‍ റെഡ്ഡി എന്നിവരുമായുള്ള അദ്ദേഹത്തിന്റെ സാമീപ്യം പ്രസിദ്ധമാണ്.

കോണ്‍ഗ്രസിന് ഭേദപ്പെട്ട സീറ്റുകള്‍ നേടാനായാല്‍ പ്രാദേശിക കക്ഷികളെ ഒപ്പം നിര്‍ത്താന്‍ പ്രശാന്ത് കിഷോറിന് സാധിക്കും എന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. പശ്ചിമ ബംഗാളിലെയും മറ്റിടങ്ങളിലെയും തിരഞ്ഞെടുപ്പ് വിജയം പ്രശാന്ത് കിഷോറിന് ശക്തമായ ഒരു സ്ഥാനത്ത് നിന്ന് വിലപേശാന്‍ മതിയായ ഊര്‍ജം നല്‍കി. ഗാന്ധി കുടുംബത്തിന് പുറത്തുള്ള എ ഐ സി സിയുടെ സംഘടനാ ശ്രേണിയില്‍ ഉന്നതരായ പാര്‍ട്ടി നേതാക്കളുടെ ഒരു വിഭാഗം ഈ നിര്‍ദ്ദേശത്തെ എതിര്‍ക്കുന്നുണ്ട്. എന്നാല്‍ സംഘടനയെ ശക്തിപ്പെടുത്തുന്നതില്‍ ഇരുപക്ഷത്തിനും യോജിപ്പുണ്ട്.

സംഘടനാ ശ്രേണി, തിരഞ്ഞെടുപ്പ് മാനേജ്മെന്റ്, ഫണ്ട് ശേഖരണം, പരിശീലനം, സോഷ്യല്‍ മീഡിയ നയം, ഉത്തരവാദിത്തം, സുതാര്യത, സഖ്യ ചര്‍ച്ചകള്‍ എന്നിവയില്‍ ഘടനാപരമായ മാറ്റങ്ങള്‍ വരുത്തുന്നതിലെ ബുദ്ധിമുട്ടുകള്‍ ഗാന്ധിമാര്‍ ചൂണ്ടിക്കാണിച്ചതായി റിപ്പോര്‍ട്ടുണ്ട്. സമീപകാല തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍, വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിടാനുള്ള ഏറ്റവും നല്ല അവസരമാണ് ഈ പ്രയാസകരമായ സമയമെന്ന് പ്രശാന്ത് കിഷോര്‍ സൂചിപ്പിച്ചതായി പറയപ്പെടുന്നു. ഗാന്ധിമാര്‍ക്ക് പ്രശാന്ത് കിഷോറിനെ കുറിച്ച്‌ നല്ല വീക്ഷണമുണ്ടെന്ന് റിപ്പോര്‍ട്ട്. ജി 23 നേതാക്കളുമായി നടന്നുകൊണ്ടിരിക്കുന്ന യുദ്ധം അവസാനിപ്പിക്കാന്‍ പ്രശാന്തിന് സാധിക്കുമെന്ന് അവര്‍ കരുതുന്നു. മിക്ക ജി 23 നേതാക്കള്‍ക്കും പ്രശാന്ത് കിഷോറിനോടും മാറ്റത്തിനായുള്ള അദ്ദേഹത്തിന്റെ തന്ത്രങ്ങളോടും ബഹുമാനമുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക